നേതാവാകാന്‍ ത്യാഗം ചെയ്യണം, നിങ്ങള്‍ക്കതിന് ധൈര്യമുണ്ടോ? മോദിയെ വെല്ലുവിളിച്ച് അഹമ്മദ് പട്ടേല്‍

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍. ഗുജറാത്തിലെ ഹിമ്മത്ത്നഗറില്‍ റാലിയില്‍ പങ്കെടുക്കവെയാണ് അഹമ്മദ് പട്ടേല്‍ മോദിക്കെതിരെ ആഞ്ഞടിച്ചത്.

‘നെഹ്റുവിന്റെ പോലെ ജാക്കറ്റ് ധരിച്ചത് കൊണ്ട് ജവഹര്‍ലാല്‍ നെഹ്റുവോ ഡിസൈനര്‍ ജാക്കറ്റുകളും കുര്‍ത്തയും ധരിച്ചത് കൊണ്ട് രാജീവ് ഗാന്ധിയോ ആവാന്‍ നിങ്ങള്‍ക്ക് കഴിയില്ല. വിദേശയാത്രകള്‍ നടത്തിയാല്‍ ഇന്ദിരാ ഗാന്ധിയുമാവാന്‍ കഴിയില്ല. ഇത്തരം നേതാക്കളുടെ പട്ടികയില്‍ ഇടംപിടിക്കാന്‍ ത്യാഗം ചെയ്യേണ്ടി വരും. നിങ്ങള്‍ക്കതിനുള്ള ധൈര്യമുണ്ടോ ? എന്നാണ് അഹമ്മദ് പട്ടേല്‍ ചോദിച്ചത്.

അധികാരത്തിലെത്തിയാല്‍ പാകിസ്ഥാനെ പാഠം പഠിപ്പിക്കുമെന്ന് വീരവാദം മുഴക്കുകയും മന്‍മോഹന്‍ സിങ് പാകിസ്ഥാന് പ്രേമ സന്ദേശങ്ങള്‍ അയച്ചു കളിക്കുകയാണെന്നും മോദി കുറ്റപ്പെടുത്തിയിരുന്നു. പക്ഷെ പ്രധാനമന്ത്രി ആയപ്പോള്‍ മോദി എന്താണ് ചെയ്തതെന്ന് എല്ലാവര്‍ക്കും അറിയാം. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് നവാസ് ഷെരീഫിനെ വിളിക്കുകയും പിന്നെ ക്ഷണിക്കാതെ പാകിസ്ഥാനില്‍ പോയി ബിരിയാണി കഴിക്കുകയുമാണ് ചെയ്തത്- അഹമ്മദ് പട്ടേല്‍ പറഞ്ഞു.

Top