തിരുവനന്തപുരം:സോളാർ കേസിൽ നാണംകെട്ട് സർക്കാറം മുഖ്യമന്ത്രി പിണറായി വിജയനും .സോളാർ കേസിൽ പ്രാഥമിക അന്വേഷണം പോലും നടത്താതെ അന്വേഷണ സംഘത്തലവൻ ഡിജിപി രാജേഷ് ദിവാൻ പടിയിറങ്ങിയതോടെ സോളർ കേസ് അന്വേഷണം പെരുവഴിയിലായി. സരിതയും സോളാർ കേസും സർക്കാരിന് മുന്നിലെ നനഞ്ഞ പാഠംക്കാമായി മാറി എന്നും പരിഹാസം ഉയരുന്നു .മുൻ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെല്ലാം എതിരെ ബലാൽസംഘക്കുറ്റം ചുമത്തി കേസെടുക്കുമെന്നു പ്രഖ്യാപിച്ചാണു മുഖ്യമന്ത്രി പിണറായി വിജയൻ ഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തിൽ ആറു മാസം മുൻപു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. എന്നാൽ ഒരു കേസ് പോലും റജിസ്റ്റർ ചെയ്യാതെയും ആരെയും ചോദ്യം ചെയ്യാതെയും രാജേഷ് ദിവാൻ തിങ്കളാഴ്ച വിരമിച്ചതോടെ മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം സർക്കാരിനു നാണക്കേടായി.
സോളർ ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഉമ്മൻചാണ്ടി അടക്കമുള്ള രാഷ്ട്രീയക്കാർക്കും ഐപിഎസ് ഉദ്യോഗസ്ഥർക്കുമെതിരെ അഴിമതി, ബലാൽസംഘം എന്നീ കുറ്റങ്ങൾ ചുമത്തി കേസ് എടുക്കുമെന്നു മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചത്. ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന്റെ നേതൃത്തിൽ ഐജി ദിനേന്ദ്ര കശ്യപ് അടക്കമുള്ള അഞ്ച് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചു. എന്നാൽ കള്ളക്കേസ് എടുക്കാൻ കഴിയില്ലെന്ന ഉറച്ച നിലപാടാണു രാജേഷ് ദിവാനും ഐജിയും തുടക്കം മുതൽ സ്വീകരിച്ചത്. ഇരുവരും ഇക്കാര്യം സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെയും അറിയിച്ചിരുന്നു.അന്വേഷണം നടത്തിയില്ലെങ്കിലും സംഘത്തിൽ നിന്നു തൽക്കാലം പിന്മാറരുതെന്നു സർക്കാർ നിർദേശ പ്രകാരം ബെഹ്റ ഇരുവരോടും അഭ്യർഥിച്ചു. അങ്ങനെ മനസില്ലാ മനസ്സോടെ ഇവർ സംഘത്തിൽ തുടരുകയായിരുന്നു. എന്നാൽ സംഘം രൂപീകരിച്ച് ആറു മാസം പിന്നിട്ടിട്ടും സോളറിൽ ഒരു കേസു പോലും പൊലീസ് റജിസ്റ്റർ ചെയ്തില്ല. സരിത എഴുതിയതെന്നു പറയുന്ന ഏതോ കത്തിന്റെ പേരിൽ കേസെടുക്കാനായിരുന്നു നിർദേശം. എന്നാൽ കത്തിന്റെ ആധികാരികത പോലും സംശയത്തിലാണ്. മാത്രവുമല്ല, സോളർ കമ്മീഷൻ അധികാര പരിധി വിട്ടുവെന്ന ആരോപണവും ഉയർന്നിരുന്നു.
മുൻപ് ഇതേ ആരോപണം ഉന്നയിച്ചു സരിത പൊലീസിനു നേരിട്ടു പരാതി നൽകിയിരുന്നു. എന്നാൽ ആദ്യം ലോക്കൽ പോലീസും പിന്നീടു ക്രൈംബ്രാഞ്ചും പലകുറി ആവശ്യപ്പെട്ടിട്ടും സരിത മൊഴി നൽകാൻ ഹാജരായില്ല. മാത്രല്ല പലവട്ടം ഇവർ ഇതു സംബന്ധിച്ച ആരോപണങ്ങൾ പരസ്യമായി മാറ്റിപ്പറയുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ കമ്മിഷൻ പറയുന്ന ഏതെങ്കിലും കത്തിന്റെ പേരിൽ കേസ് റജിസ്റ്റർ ചെയ്യാൻ പറ്റില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ദിവാൻ. എങ്കിലും ഒരു മാസം മുൻപു ബെഹ്റയുടെ ആവശ്യ പ്രകാരം അന്വേഷണ സംഘത്തിലെ ഒരു ഉദ്യോഗസ്ഥൻ സരിതയുടെ മൊഴി രേഖപ്പെടുത്തി. ഈ കേസിൽ അന്വേഷണ സംഘം നടത്തിയ ഏക നടപടി ഇതാണ്.
ഉമ്മൻ ചാണ്ടി അടക്കമുള്ളവർ ലൈംഗികമായി ഉപദ്രവിച്ചുവെന്ന സരിതാ നായർ എഴുതിയതായി പറയുന്ന ഒരു കത്ത് സോളർ കമ്മിഷൻ റിപ്പോർട്ടിന്റെ ഭാഗമാക്കിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അഡ്വക്കറ്റ് ജനറലിന്റെയും പ്രോസിക്യൂഷൻ ഡയറക്ടറർ ജനറലിന്റെയും ഉപദേശം എഴുതി വാങ്ങിയാണ് ഇവർക്കെതിരെ ലൈംഗികാതിക്രമത്തിനു കേസെടുക്കുമെന്ന് ഒക്ടോബർ 11നു മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. എന്നാൽ ആധികാരികമല്ലാത്ത കത്തിന്റെ പേരിൽ മാത്രം കേസ് എടുക്കാനാവില്ലെന്ന ഉറച്ച നിലപാടുമായി രാജേഷ് ദിവാനും ഐജി ദിനേന്ദ്ര കശ്യപും രംഗത്തു വന്നതോടെ സർക്കാർ വെട്ടിലായി.
സുപ്രീം കോടതി ജഡ്ജിയായിരുന്ന അരിജിത് പസായത്തിന്റെ നിയമോപദേശം തേടിയപ്പോൾ കേസ് വേണോയെന്ന കാര്യം അന്വേഷണ സംഘമാണു തീരുമാനിക്കുക എന്നും മതിയായ തെളിവില്ലാതെ കേസ് എടുക്കരുതെന്നും അദ്ദേഹം മറുപടി നൽകി. തുടർന്നു ലോക്നാഥ് ബെഹ്റ അന്വേഷണ സംഘത്തിലെ ഉന്നതരെ വിളിച്ച് അന്വേഷണം ആരംഭിക്കണമെന്ന് അഭ്യർഥിച്ചെങ്കിലും അവർ തയാറായില്ല. അന്വേഷണ സംഘം നടപടിയെടുക്കാതെ മാസങ്ങൾ പിന്നിട്ടതോടെ നിയമോപദേശത്തിനായി മുൻ അറ്റോണി ജനറലിനെ സമീപിച്ചു. സുപ്രീം കോടതി മുൻ ജഡ്ജി ഉപദേശം നൽകിയ കേസിൽ ഇനിയെന്ത് ഉപദേശം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.കേസുമായി മുന്നോട്ടു പോകുന്നതിലെ നിയമപരമായ പ്രശ്നങ്ങൾ രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള സംഘം ചൂണ്ടികാട്ടിയിരുന്നു. മാത്രമല്ല കമ്മിഷൻ അധികാര പരിധി വിട്ടതിനെ ചോദ്യം ചെയ്തു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ഇതോടെയാണ് അന്വേഷണം പൂർണമായി സ്തംഭിച്ചത്.