രാജീവ് കൊലക്കേസില്‍ അഡ്വ. ഉദയഭാനു അറസ്റ്റില്‍; കീഴടങ്ങാന്‍ ഒരുങ്ങുന്നതിനിടെ അറസ്റ്റ്

കൊച്ചി: ചാലക്കുടി തവളപ്പാറയില്‍ റിയല്‍എസ്റ്റേറ്റ് ബിസിനസ്സുകാരന്‍ രാജീവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഏഴാംപ്രതിയായ അഡ്വ. സി.പി. ഉദയഭാനു അറസ്റ്റില്‍. തൃപ്പൂണിത്തുറയിലെ സഹോദരന്റെ വീട്ടില്‍നിന്നാണ് അന്വേഷണസംഘം അറസ്റ്റു ചെയ്തത്. കീഴടങ്ങാന്‍ തയാറാകുന്നതിനിടെയായിരുന്നു അറസ്റ്റ്. മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് ഒളിവിലായിരുന്നു ഉദയഭാനു.

രാജീവിന്റെ അങ്കമാലിയിലെ വീട്ടില്‍ ഉദയഭാനു പലതവണ വന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു നേരത്തേ ലഭിച്ചിരുന്നു. കേസില്‍ നേരിട്ടു പങ്കുള്ള നാലു പ്രതികളെയും ഇവരെ കൃത്യത്തിനു നിയോഗിച്ച ചക്കര ജോണി, രഞ്ജിത്ത് എന്നിവരെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ഉചിതമായ കേസാണിതെന്നു വിലയിരുത്തിയാണു ഹൈക്കോടതി ജാമ്യഹര്‍ജി തള്ളിയത്. കീഴടങ്ങാന്‍ കൂടുതല്‍ സാവകാശം നല്‍കാനാവില്ലെന്നും വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ഒളിവില്‍ പോയ അഭിഭാഷകനെ കണ്ടെത്താനുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയിരുന്നു.

റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ നഷ്ടപ്പെട്ട പണം തിരിച്ചു പിടിക്കാന്‍ നടത്തിയ ഗുണ്ടായിസമാണ് രാജീവിന്റെ കൊലയില്‍ കലാശിച്ചത്. പരിയാരം തവളപ്പാറയില്‍ കോണ്‍വന്റിന്റെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ കെട്ടിടത്തില്‍ സെപ്റ്റംബര്‍ 29ന് രാവിലെയാണു രാജീവിന്റെ മൃതദേഹം കണ്ടെത്തിയത്. രാജീവിനെ ഒതുക്കാന്‍ ഡിവൈഎസ്പി ഷാഹുല്‍ ഹമീന്റെ സഹായം തോടിയതാണ് കേസില്‍ ഉദയഭാനുവിന് വിനയായത്.

Top