തിരുവനന്തപുരം: എല്‍ഡിഎഫിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം ബേബി ജോൺ, ഇപ്പോൾ ഒരു ടേം കാലാവധി പൂർത്തിയാക്കുന്ന കെ.കെ. രാഗേഷ് എന്നിവർക്ക് പുറമേ ഇടതു സഹയാത്രികൻ ചെറിയാൻ ഫിലിപ്പ്, എസ്.എഫ്.ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റ് വി. ശിവദാസൻ, കേന്ദ്രകമ്മിറ്റി അംഗവും മന്ത്രിയുമായ ഡോ. തോമസ് ഐസക് തുടങ്ങിയവരും സ്ഥാനാർത്ഥി സാദ്ധ്യതാപേരുകളായി പ്രചരിക്കുന്നുണ്ട്.
പാർലമെന്ററി പദവികളൊന്നും കൈകാര്യം ചെയ്തിട്ടില്ലാത്ത ബേബി ജോണിന് മുതിർന്ന നേതാവെന്ന പരിഗണന ലഭിച്ചേക്കാനിടയുണ്ട്. ഇടതു സഹയാത്രികനായ ചെറിയാൻ ഫിലിപ്പിന്റെ പേര് കഴിഞ്ഞ തവണയും ഉയർന്നുവന്നതാണെങ്കിലും പാർട്ടിയുടെ സജീവ പ്രാതിനിദ്ധ്യം പാർലമെന്റിലുറപ്പാക്കണമെന്ന കേന്ദ്രനേതൃത്വത്തിന്റെ നിർദ്ദേശത്തെ തുടർന്ന് കേന്ദ്രകമ്മിറ്റി അംഗം എളമരം കരിമിന് നറുക്ക് വീഴുകയായിരുന്നു. ഇത്തവണയും ചെറിയാന്റെ പേര് ചർച്ചകളിലുണ്ടെങ്കിലും പാർട്ടി അംഗങ്ങളുടെ പ്രാതിനിദ്ധ്യം ശക്തമാക്കണമെന്ന കേന്ദ്രനേതൃത്വത്തിന്റെ നിർദ്ദേശമുണ്ടെന്നാണ് സൂചന. സ്ഥാനാർത്ഥികളെ അന്തിമമായി അംഗീകരിക്കുന്നതിന് ഇന്ന് വൈകിട്ട് നാലിന് ഇടതുമുന്നണി യോഗം ചേരും.
കേരളത്തില്‍ രണ്ട് രാജ്യസഭാ സീറ്റില്‍ വിജയിക്കാന്‍ സാധിക്കുമെന്ന ഉറപ്പിലാണ് സിപിഎം. കെകെ രാഗേഷിന് തന്നെയാണ് മുന്‍ഗണനയെന്നാണ് സൂചന. ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ധാരണ ഉണ്ടാവും. സ്ഥാനാര്‍ത്ഥിത്വത്തിന് അംഗീകാരം വൈകീട്ട് നടക്കുന്ന എല്‍ഡിഎഫ് സംസ്ഥാന സമിതിയിലുണ്ടാവും. മൂന്ന് സീറ്റുകളാണ് കേരളത്തില്‍ നിന്നും ഒഴിവ് വരുന്നത്. നിയമസഭാ പ്രാതിനിധ്യം അനുസരിച്ച് എല്‍ഡിഎഫിന് രണ്ട് സീറ്റുകളില്‍ വിജയിക്കാനാവും. പാര്‍ലമെന്റില്‍ എംപിമാര്‍ കുറവായത് കൊണ്ട് ഏറ്റവും മികച്ചവരെ തന്നെ രാജ്യസഭയിലേക്ക് അയക്കണമെന്നാണ് സിപിഎം കരുതുന്നത്.
രാജ്യസഭയില്‍ കൂടുതല്‍ പാര്‍ട്ടി അംഗങ്ങളും നേതാക്കളും ഉണ്ടാവണമെന്നാണ് ദേശീയ നേതൃത്വത്തിന്റെ താല്‍പര്യം. അതിനനുസരിച്ചാണ് തീരുമാനമുണ്ടാവുക. കെകെ രാഗേഷിന് ഒരവസരം കൂടി നല്‍കുമെന്ന് ഉറപ്പാണ്. അദ്ദേഹത്തിന്റെ കാലാവധി കഴിയാന്‍ പോവുകയാണ്. ഈ സാഹചര്യത്തിലാണ് ഒരവസരം കൂടി നല്‍കുന്നത്. രാഗേഷ് ദില്ലിയില്‍ നിറഞ്ഞ് നില്‍ക്കുന്ന നേതാവ് കൂടിയാണ്. കര്‍ഷക സമരത്തിന്റെ മുന്‍നിരയിലും അദ്ദേഹമുണ്ട്. അതുകൊണ്ടാണ് രാഗേഷിന് ഒരവസരം കൂടി നല്‍കാന്‍ തീരുമാനിച്ചത്. കുറച്ച് വര്‍ഷങ്ങളായി അദ്ദേഹം ഡല്‍ഹി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ദേശീയ തലത്തില്‍ നല്ല ഇംപാക്ടുണ്ടാക്കാന്‍ പറ്റിയ നേതാവെന്ന നിലയില്‍ രാഗേഷ് രാജ്യസഭയില്‍ വേണമെന്നാണ് സിപിഎമ്മിനുള്ളിലെ നിര്‍ദേശം.
അഖിലേന്ത്യാ കര്‍ഷക സംഘത്തിന്റെ ജോയിന്റ് സെക്രട്ടറി കൂടിയാണ് രാഗേഷ്. സംസ്ഥാന സമിതിയംഗം ഡോ വി ശിവദാസന്‍, സംസ്ഥാന സെക്രട്ടേറിയേറ്റംഗം ബേബി ജോണ്‍ എന്നിവരുടെ പേരുകളും സജീവമായി പരഗിണിക്കുന്നുണ്ട്. രാജ്യസഭയില്‍ ശക്തമായി നില്‍ക്കാന്‍ ഇടതുപക്ഷം ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ട് ഏറ്റവും ശക്തരായ, മികച്ച ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ കഴിവുള്ളവരെയാണ് കൂടുതലും പരിഗണിക്കുന്നത്. ശിവദാസന്‍ നിലവില്‍ എകെജി സെന്റര്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
ബേബി ജോണ്‍ ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല. പക്ഷേ തൃശൂരിലെ പ്രചാരണത്തില്‍ അദ്ദേഹം സജീവമായിരുന്നു. ഇവരെ കൂടാതെ ചെറിയാന്‍ ഫിലിപ്പിന്റെ പേരും പരിഗണനയിലുണ്ട്. ഇടതു സഹയാത്രികനാണ് അദ്ദേഹം. തോമസ് ഐസക്കിന്റെ പേരും പരിഗണനയിലുണ്ട്. എന്നാല്‍ അദ്ദേഹത്തെ ദേശീയ തലത്തിലേക്ക് മാറ്റാനുള്ള സാധ്യത കുറവാണ്. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ സാധ്യകളെ കുറിച്ചുള്ള വിലയിരുത്തലുകളും ഇത്തവണ സംസ്ഥാന സമിതിയിലുണ്ടാവും. ജില്ലാ സമിതികളിലെ വിലയിരുത്തലിന് പിന്നാലെയാണ് ഇക്കാര്യം സംസ്ഥാന സമിതിയും പരിശോധിക്കുന്നത്.
കെ.കെ. രാഗേഷ്, വയലാർ രവി, പി.വി. അബ്ദുൾ വഹാബ് എന്നിവരുടെ രാജ്യസഭാംഗത്വ കാലാവധിയാണ് ഈ മാസം 21ന് അവസാനിക്കുന്നത്. 30നാണ് തിരഞ്ഞെടുപ്പ്. മൂന്ന് ഒഴിവുകളിൽ നിയമസഭയിലെ അംഗബലമനുസരിച്ച് രണ്ടെണ്ണമാണ് ഇടതുമുന്നണിക്ക് ലഭിക്കുക. രണ്ടും സി.പി.എം ഏറ്റെടുക്കും. പ്രതിപക്ഷത്തിന് ലഭിക്കുന്ന ഒരു സീറ്റ് മുസ്ലിം ലീഗിന് വിട്ടുനൽകാൻ നേരത്തേ തീരുമാനിച്ചിരുന്നു. അബ്ദുൾ വഹാബ് തന്നെയാണ് ലീഗ് സ്ഥാനാർത്ഥി.ഡൽഹിയിലെ കർഷക സമരത്തിന്റെ മുന്നണിയിൽ സജീവമായി നിൽക്കുന്ന രാഗേഷിന് വീണ്ടുമൊരവസരം നൽകാനുള്ള സാദ്ധ്യതയാണ് സി.പി.എമ്മിൽ കേൾക്കുന്നത്. പാർട്ടിയിൽ അത്തരം കീഴ്വഴക്കം പതിവില്ലാത്തതാണെങ്കിലും രാഗേഷിന്റെ കാര്യത്തിൽ പ്രത്യേക ഇളവ് വേണമെന്ന ചർച്ചയാണ് സജീവം.