പീഡന കേസില്‍ അകത്ത് കിടക്കുന്ന റാം റഹീമിന് ജയിലില്‍ വിഐപി പരിചരണം; സഹതടവുകാരന്റെ മൊഴി പുറത്ത്

ന്യൂഡല്‍ഹി: പീഡനക്കേസില്‍ തടവില്‍കഴിയുന്ന ദേരാ സച്ചാ നേതാവ് ഗുര്‍മീത് റാം റഹീം സിംഗിന് ജയിലില്‍ വി.ഐ.പി പരിഗണന ലഭിക്കുന്നുവെന്ന് സഹതടവുകാരന്റെ വെളിപ്പെടുത്തല്‍. ഇരുപത് വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഗുര്‍മീതിനെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത് മൂലമുള്ള സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം ജയിലിലെ തങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ടുവെന്നും ജാമ്യത്തിനിറങ്ങിയ തടവുകാരന്‍ പറഞ്ഞു. മറ്റ് തടവുകാരില്‍ നിന്നും വ്യത്യസ്ഥമായി ഗുര്‍മീതിന് മണിക്കൂറുകളോളം സന്ദര്‍ശകരെ അനുവദിക്കാറുണ്ടെന്നും ഇയാള്‍ വാര്‍ത്താ ഏജന്‍സിയോട് വിശദീകരിച്ചു.

ഗുര്‍മീതിനുള്ള ഭക്ഷണം പ്രത്യേക വാഹനത്തിലാണ് ജയിലിലെത്തുന്നത്. തങ്ങള്‍ തടവില്‍ കഴിയുന്ന ജയിലില്‍ തന്നെയാണ് ബാബയുള്ളതെന്ന് അധികൃതര്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതുവരെ അദ്ദേഹത്തെ ഞങ്ങളാരും കണ്ടിട്ടില്ല. ഭക്ഷണത്തിനും മറ്റുമായി ബാബ പുറത്തിറങ്ങുമ്പോള്‍ തങ്ങളെ മുറിയില്‍ പൂട്ടിയിടാറാണ് പതിവെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു. മറ്റ് തടവുകാര്‍ക്ക് ഉള്ളത് പോലെ ബാബയ്ക്ക് ജയിലില്‍ ജോലികളൊന്നും നല്‍കിയിട്ടില്ലെന്നും ഇയാള്‍ വിശദീകരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ തെറ്റാണെന്നും ജയിലില്‍ ഗുര്‍മീതിന് പ്രത്യേക പരിചരണങ്ങളൊന്നും നല്‍കിയിട്ടില്ലെന്നും ഹരിയാന മന്ത്രി കൃഷ്ണന്‍ ലാല്‍ പന്‍വാര്‍ പറഞ്ഞു. മറ്റ് തടവുകാരും ബാബയും താമസിക്കുന്ന സ്ഥലങ്ങള്‍ തമ്മില്‍ കുറച്ച് അകലമുണ്ട്. അതിനാല്‍ തടവുകാര്‍ കഥകളുണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 2002ല്‍ തന്റെ ആശ്രമത്തിലെ രണ്ട് അന്തേവാസികളായ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കേസില്‍ ആഗസ്റ്റ് 25 നാണ് ഗുര്‍മീതിനെ കുറ്റക്കാരനായി കോടതി വിധിച്ചത്. തുടര്‍ന്ന് 28ന് ഗുര്‍മീതിന് രണ്ട് കേസുകളിലായി 20 വര്‍ഷം കഠിന തടവും 30 ലക്ഷം രൂപ പിഴയും ശിക്ഷിച്ചു.

Top