രാമക്ഷേത്രം നിര്‍മ്മിച്ചില്ലെങ്കില്‍ ബിജെപിക്ക് ശ്രീരാമന്റെ ‘ഉഗ്രകോപം’; തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന് അയോധ്യ മുഖ്യപുരോഹിതന്‍

അയോധ്യ: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിച്ചില്ലെങ്കില്‍ അടുത്ത വര്‍ഷം വീണ്ടും അധികാരത്തില്‍ വരാമെന്ന സ്വപ്നം ബിജെപിക്ക് ഉപേക്ഷിക്കേണ്ടി വരുമെന്നു ക്ഷേത്രത്തിലെ മുഖ്യ പുരോഹിതന്‍ ആചാര്യ സത്യേന്ദ്ര ദാസ്. അയോധ്യ വിഷയം പൂര്‍ണമായി മറന്നുകളയാനാണു നീക്കമെങ്കില്‍ അതും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് വാര്‍ത്താ ഏജന്‍സിയായ ‘എഎന്‍ഐ’യോട് ആചാര്യ പറഞ്ഞു.

‘ബിജെപി 2014ല്‍ അധികാരത്തിലെത്തിയതു ശ്രീരാമ ഭഗവാന്റെ അനുഗ്രഹം കാരണമാണ്. എന്നാല്‍ തിരഞ്ഞെടുപ്പു വിജയത്തിനു ശേഷം അവര്‍ അക്കാര്യം മറന്നു. തിരഞ്ഞെടുപ്പില്‍ ഇനി ജയിക്കണമെങ്കില്‍ രാമക്ഷേത്രത്തിന്റെ നിര്‍മാണം ആരംഭിക്കണം. ഇല്ലെങ്കില്‍ ശ്രീരാമന്റെ ഉഗ്രകോപം 2019ലെ തിരഞ്ഞെടുപ്പില്‍ തന്നെ ഏറ്റുവാങ്ങേണ്ടി വരും’ ആചാര്യ പറഞ്ഞു. അടുത്തിടെ ഉത്തര്‍പ്രദേശിലെ ഉപതിരഞ്ഞെടുപ്പുകളില്‍ തോറ്റതു ബിജെപിക്കുള്ള പാഠമാണെന്നും കയ്‌റാന, ഗോരഖ്പുര്‍, ഫുല്‍പുര്‍ എന്നിവിടങ്ങളിലെ തോല്‍വി സൂചിപ്പിച്ച് ആചാര്യ പറഞ്ഞു. ‘രാമക്ഷേത്രം നിര്‍മിച്ചാല്‍ മാത്രമേ ബിജെപിക്ക് ശ്രീരാമ ഭഗവാന്റെ അനുഗ്രഹം ലഭിക്കുകയുള്ളൂ. അല്ലെങ്കില്‍ പാര്‍ട്ടിക്ക് എല്ലാം കൈവിട്ടു പോകുന്ന ദിവസങ്ങളാണു വരാനിരിക്കുന്നത്.’ ആചാര്യ വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേന്ദ്ര ന്യൂനപക്ഷക്ഷേമ വകുപ്പു മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി കഴിഞ്ഞ ദിവസം പറഞ്ഞ ചില കാര്യങ്ങളാണ് തിരഞ്ഞെടുപ്പിലേക്കു വീണ്ടും അയോധ്യ പ്രശ്‌നത്തെ എത്തിച്ചത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ബിജെപി നേരിടുക വികസന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാണിച്ചാണെന്നും ഹിന്ദുത്വ വാദത്തിനോ ക്ഷേത്രവിഷയങ്ങള്‍ക്കോ ഇക്കാര്യത്തില്‍ ഒരു പങ്കുമുണ്ടാകില്ലെന്നുമായിരുന്നു നഖ്‌വിയുടെ പ്രസ്താവന. നാലു വര്‍ഷം കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഒട്ടേറെ വികസന പദ്ധതികള്‍ കൊണ്ടുവന്നിരുന്നു. ഇതു മാത്രം മതി വന്‍ ഭൂരിപക്ഷത്തോടെ ബിജെപി വീണ്ടും അധികാരത്തിലെത്താന്‍. യാതൊരു വിവേചനവുമില്ലാതെയാണു കേന്ദ്രം ജനങ്ങള്‍ക്കു സഹായം നല്‍കുന്നത്. രാജ്യത്ത് എല്ലാ ന്യൂനപക്ഷ വിഭാഗക്കാരും സുരക്ഷിതരാണെന്നും നഖ്‌വി പറഞ്ഞിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി അയോധ്യ പ്രശ്‌നം വീണ്ടും ബിജെപിക്കു മുന്നില്‍ വെല്ലുവിളിയാകുകയാണ്.

Top