ഒരുമാസം നീണ്ട കഠിനവ്രതത്തിനൊടുവില്‍ ആ പുണ്യരാവിനെ ഇസ്ലാംമതവിശ്വാസികള്‍ നെഞ്ചേറ്റി. ഭക്തിയുടെ നിലാവെളിച്ചം മനസിലേക്കാവേശിച്ചു നല്‍കിയ ഉണര്‍വിന്റെയും നന്മയുടെയും മേന്മയേറിയ ഒരു പുതു പുലരി ഇവിടെ പിറക്കുന്നു. ഇസ്ലാംമതവിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുകയാണ്.
തിങ്കളാഴ്ച മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ റമദാന്‍ 30 പൂര്‍ത്തിയാക്കിയാണ് ഇത്തവണ പെരുന്നാള്‍ ആഘോഷം. ദാനധര്‍മങ്ങളിലും പ്രാര്‍ഥനയിലും മുഴുകിയ നോമ്പിന്റെ ദിനങ്ങള്‍ പിന്നിട്ട വിശ്വാസികള്‍ പെരുന്നാള്‍ ദിനത്തില്‍ രാവിലെ ഈദ്ഗാഹുകളിലും പള്ളികളിലും പ്രത്യേക പ്രാര്‍ഥനയ്ക്കായി ഒത്തുചേരും. പരസ്പരം ആശംസ കൈമാറിയും സ്നേഹം പങ്കുവച്ചും സൗഹൃദം പുതുക്കിയുമാണ് വിശ്വാസികള്‍ പെരുന്നാളിനെ വരവേല്‍ക്കുന്നത്.
ഈദ് ദിനത്തില്‍ ലോകത്തെങ്ങുമുള്ള എല്ലാ മലയാളികള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ ആശംസകള്‍ നേര്‍ന്നു. സാഹോദര്യത്തിന്റെയും മനുഷ്യത്വത്തിന്റെയും സന്ദേശങ്ങള്‍ പടര്‍ത്തി എല്ലാ മനസ്സുകളുടെയും ഒരുമ ഉറപ്പിക്കുന്നതാകട്ടെ ഈദ് ദിനമെന്ന് മുഖ്യമന്ത്രി ആശംസാ സന്ദേശത്തില്‍ പറഞ്ഞു.
ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് ഗവര്‍ണര്‍ പി.സദാശിവം ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. ആത്മനിയന്ത്രണത്തിന്റെയും ത്യാഗത്തിന്റെയും കാരുണ്യത്തിന്റെയും അതുല്യസന്ദേശം നല്‍കുന്ന ഈദുല്‍ ഫിത്തര്‍ എല്ലാവരെയും സ്നേഹത്തിന്റെയും ഒരുമയുടെയും നവചൈതന്യം കൊണ്ടനുഗ്രഹിക്കട്ടെ എന്ന് സന്ദേശത്തില്‍ പറഞ്ഞു. എല്ലാവര്‍ക്കും ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിന്റെയും പെരുന്നാള്‍ ആശംസകള്‍.