
കോഴിക്കോട് :രാമനാട്ടുകരയില്‍ അഞ്ച് പേര്‍ മരിക്കാനിടയാക്കിയ വാഹനാപകടത്തില്‍ ദുരൂഹത. മരിച്ച രണ്ട് പേര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വന്നതോടെ സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നതായി സിറ്റി പൊലീസ് കമ്മീഷനര്‍ എ വി ജോര്‍ജ് പറഞ്ഞു.
ഇന്ന് പുലര്‍ച്ചെ നാലെ മുക്കാലോടെ രാമനാട്ടുകര പുളിഞ്ചോട് വളവിന് സമീപമാണ് അപകടം നടന്നത്. കരിപ്പൂരില്‍ നിന്നും വന്ന ബൊലേറോ ജീപ്പ് എതിരെ സിമന്റ് കയറ്റിവന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ജീപ്പ് പൂര്‍ണമായും തകര്‍ന്നു. ലോറി റോഡരികിലെ വൈദ്യുത പോസ്റ്റ് തകര്‍ത്താണ് നിന്നത്. ബൊലേറോ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് വാഹനത്തില്‍ ഇടിച്ചുകയറുകയായിരുന്നുവെന്ന് ലോറി ഡ്രൈവര്‍ പൊലീസിന് മൊഴി നല്‍കി.
കോഴിക്കോട് രാമനാട്ടുകരയില്‍ അപകടത്തിൽപ്പെട്ടവർ സ്വർണക്കടത്ത് ഇടനിലക്കാരെന്ന് സൂചന. 15ഓളം വാഹനങ്ങൾ ഈ സംഘത്തിനുണ്ട്. സ്വർണക്കടത്ത് ആസൂത്രണം ചെയ്തത് വാട്സാപ്പ് ഗ്രൂപ്പ് വഴിയാണെന്നും പൊലീസ് സംശയിക്കുന്നു. അപകടത്തിന് പിന്നാലെ തന്നെ ഇവരുടെ യാത്രയെ കുറിച്ച് പൊലീസിന് സംശയമുണ്ടായിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെ ഇത്രയധികം പേര്‍ ഒരാളെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിടാന്‍ എന്തിന് പോയി? യുവാക്കള്‍ പോയത് വിമാനത്താവളത്തിലേക്ക് തന്നെയാണോ? ചെര്‍പ്പുളശ്ശേരിയില്‍ നിന്നും കരിപ്പൂരിലേക്ക് പോയ സംഘം എങ്ങനെ രാമനാട്ടുകരയില്‍ എത്തി? അപകടത്തിന് മുന്‍പ് ചേസിങ് നടന്നു? തുടങ്ങിയ സംശയങ്ങള്‍ രാവിലെ മുതല്‍ പൊലീസിന് ഉണ്ടായിരുന്നു.
തുടര്‍ന്നാണ് അപകടത്തില്‍പ്പെട്ട വാഹനത്തിനൊപ്പം യാത്ര ചെയ്ത രണ്ട് കാറുകളിലെ എട്ട് പേരെ ചോദ്യംചെയ്തത്. ഇവരുടെ മൊഴികളില്‍ വൈരുധ്യമുണ്ട്. മൂന്ന് വാഹനങ്ങളിലുള്ളവരുടേയും ക്രിമിനില്‍ പശ്ചാത്തലം പൊലീസ് പരിശോധിച്ചു. തുടര്‍ന്നാണ് ചരല്‍ ഫൈസല്‍ എന്നയാള്‍ക്ക് എസ്‍കോർട്ട് പോയതാണോ സംഘമെന്ന സംശയമുണ്ടായത്. മയക്കുമരുന്ന് കേസില്‍ ഫൈസലിനെതിരെ പരാതികളുണ്ടെന്ന് ചെർപ്പുളശ്ശേരി പൊലീസ് പറഞ്ഞു. ചരല്‍ ഫൈസലിനെ പൊലീസ് ചോദ്യംചെയ്യുകയാണ്. മരിച്ചവരില്‍ ഒരാള്‍ തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍ കേസുകളിലെ പ്രതിയാണ്. പുലര്‍ച്ചെ 4.30നാണ് അപകടമുണ്ടായത്. രാമനാട്ടുകരയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവള ഭാഗത്തേക്ക് പോവുകയായിരുന്ന ബോലീറോ ജീപ്പുമായി എതിരെ വന്ന സിമന്‍റ് ലോറി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിന്‍റെ ആഘാതത്തില്‍ ബോലീറോ പൂര്‍ണമായി തകര്‍ന്നു. വാഹനത്തിലുണ്ടായിരുന്ന 5 പേരും തല്‍ക്ഷണം മരിച്ചു. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശികളായ താഹിര്‍, ശഹീര്‍, നാസര്‍, സുബൈര്‍, അസൈനാര്‍ എന്നിവരാണ് മരിച്ചത്. അമിത വേഗതയില്‍ വന്ന വാഹനം രണ്ട് തവണ കരണം മറിഞ്ഞ ശേഷമാണ് ട്രക്കിലിടിച്ചതെന്നാണ് ട്രക്ക് ഡ്രൈവര്‍ പൊലീസിന് നല്‍കിയ മൊഴി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ട്രക്ക് ഡ്രൈവര്‍ക്ക് കാലില്‍ ചെറിയ പരിക്ക് മാത്രമേയുള്ളൂ. അപകടത്തെ തുടര്‍ന്ന് ട്രക്ക് സമീപത്തെ വൈദ്യുത പോസ്റ്റില്‍ ഇടിച്ച് പോസ്റ്റ് രണ്ടായി മുറിഞ്ഞു.
ഒരു വാഹനത്തിലുണ്ടായിരുന്ന ആറ് യാത്രക്കാരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. മറ്റൊരു വാഹനത്തിന്റെ നമ്പറടക്കമുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. റോഡരികിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ച് വരികയാണ്. ക്വട്ടേഷന്‍ സാധ്യതയും കുഴല്‍പ്പണ ഇടപാട് നടന്നൊ എന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്.