തിരുവനന്തപുരം: കെഎം മാണിയുടെ കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയതില്‍ തെറ്റുപറ്റിയെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. രാജ്യസഭാ സീറ്റ് കൈമാറിയതിനെ ചൊല്ലി കോണ്‍ഗ്രസില്‍ കലാപം രൂക്ഷമാണ്. സീറ്റില്‍ തീരുമാനമെടുത്തതില്‍ പറ്റിയ തെറ്റ് നേതൃയോഗത്തിലാണ് പ്രതിപക്ഷ നേതാവ് തുറന്നു പറഞ്ഞത്.
താനും ഉമ്മന്‍ചാണ്ടിയും ഹസനും ചേര്‍ന്നാണ് തീരുമാനമെടുത്തതെന്നും അത് പാര്‍ട്ടിയില്‍ അവതരിപ്പിക്കാന്‍ സാധിച്ചില്ലെന്നും ചെന്നിത്തല പറഞ്ഞു. തിങ്കളാഴ്ച രാഷ്ട്രീയകാര്യസമിതിയില്‍ തെറ്റ് തുറന്ന് സമ്മതിച്ചതിന് പിന്നാലെയാണ് ഇന്നത്തെ ഏറ്റുപറച്ചില്‍. അതിനിടെ കെപിസിസി നേതൃയോഗം മുതിര്‍ന്ന നേതാക്കള്‍ തമ്മിലുള്ള കനത്ത വാക്‌പോരിനും സാക്ഷ്യം വഹിച്ചു. കെപിസിസി അധ്യക്ഷന്‍ എം എം ഹസനും രാജ്‌മോഹന്‍ ഉണ്ണിത്താനുമാണ് വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടിയത്.
രാജ്‌മോഹന്‍ ഉണ്ണിത്താനെ പാര്‍ട്ടി വക്താവാക്കിയത് ശരിയായില്ലെന്ന് ഹസന്‍ തുറന്നടിച്ചു. എന്നാല്‍ തന്നെ പാര്‍ട്ടി വാക്താവാക്കിയത് ഹസ്സനല്ലെന്നും ഹൈക്കമാന്റാണെന്നും ഉണ്ണിത്താന്‍ തിരിച്ചടിച്ചു. വിഷയത്തെചൊല്ലി ശക്തമായ വാദ പ്രതിവാദങ്ങള്‍ നടന്നുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, പാര്‍ട്ടിയില്‍ തിരുത്തല്‍ വേണമെന്ന് കെ മുരളീധരനും ആവശ്യപ്പെട്ടു.