ചെന്നിത്തല അടുത്ത മുഖ്യമന്ത്രി..ഉമ്മൻ ചാണ്ടിക്ക് എതിരെ കടുത്ത ആരോപണം.യുവനേതാക്കളെ വച്ച് ഉമ്മന്‍ചാണ്ടി തന്നെ ഒതുക്കി, പി.ജെ. കുര്യന്‍ ഐ ഗ്രൂപ്പിലേക്ക്‌

പത്തനംതിട്ട:മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് എതിരെ കടുത്ത ആരോപണവുമായി മുന്‍ രാജ്യസഭാ ഉപാധ്യക്ഷനും കോണ്‍ഗ്രസിലെ എ ഗ്രൂപ്പിന്റെ മുതിര്‍ന്ന നേതാവുമായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് പിജെകുര്യൻ .തന്നെ ഒതുക്കാനായി കോണ്‍ഗ്രസിലെ സോഷ്യല്‍മീഡിയ കൈകാര്യം ചെയ്യുന്ന യുവനേതാക്കളെ ഉമ്മന്‍ചാണ്ടി ഫലപ്രദമായി ഉപയോഗിച്ചെന്നു കുര്യനു പരാതിയുണ്ട്‌. പി.ജെ. കുര്യന്‍ ഐ ഗ്രൂപ്പിലേക്ക്‌ നീങ്ങുന്നു. ഇതിന്റെ ഭാഗമായി ഇന്നലെ വൈകിട്ട്‌ ഗസ്‌റ്റ്‌ഹൗസില്‍ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയുമായി കുര്യന്‍ ഒന്നര മണിക്കൂറോളം ചര്‍ച്ച നടത്തി. രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട്‌ ഉമ്മന്‍ ചാണ്ടിയുമായുണ്ടായ പ്രശ്‌നങ്ങളെത്തുടര്‍ന്നാണ്‌ കുര്യന്‍ ഐ ഗ്രൂപ്പുമായി അടുത്തത്‌.

വിവാദം ഉയര്‍ന്നതിനെ തുടര്‍ന്ന്‌ കുര്യനെ രാജ്യസഭാ സീറ്റില്‍ നിന്നൊഴിവാക്കുകയും ചെയ്‌തു. ഇതോടെ ജില്ലയിലെ രാഷ്‌ട്രീയത്തിലേക്ക്‌ കുര്യന്‍ ചുരുങ്ങി. കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ പോലീസ്‌ അതിക്രമത്തിനെതിരേ ഡി.സി.സി സംഘടിപ്പിച്ച യോഗത്തില്‍ വേദിയിലുണ്ടായിരുന്ന ചെന്നിത്തലയെ രണ്ടു വര്‍ഷത്തിന്‌ ശേഷം മുഖ്യമന്ത്രിയാകാന്‍ പോകുന്നയാളാണെന്നാണ്‌ കുര്യന്‍ വിശേഷിപ്പിച്ചത്‌.

” ഇപ്പോള്‍ കോണ്‍ഗ്രസുകാരെ മര്‍ദിക്കുന്ന പോലീസുകാര്‍ അറിയുക, രണ്ടു വര്‍ഷത്തിനു ശേഷം മുഖ്യമന്ത്രിയാകാന്‍ പോകുന്നയാളാണ്‌ ഈ ഇരിക്കുന്നത്‌” എന്നായിരുന്നു കുര്യന്റെ പരാമര്‍ശം. ഇതില്‍ എ ഗ്രൂപ്പ്‌ നേതാക്കള്‍ അമര്‍ഷവും അറിയിച്ചു കഴിഞ്ഞു. ഡി.സി.സി സംഘടിപ്പിച്ച ആര്‍. ഇന്ദുചൂഢന്‍ അനുസ്‌മരണ ചടങ്ങില്‍ ഉമ്മന്‍ ചാണ്ടിക്കെതിരേ കുര്യന്‍ പരോക്ഷ വിമര്‍ശനം നടത്തിയിരുന്നു. ചിലര്‍ സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ്‌ ഗ്രൂപ്പ്‌ വളര്‍ത്തുവെന്നാണ്‌ കുര്യന്‍ പറഞ്ഞത്‌.ഇതിനു പിന്നാലെ ഇന്നലെ നടന്ന യു.ഡി.എഫ്‌ പാര്‍ലമെന്റ്‌ മണ്ഡലം കണ്‍വന്‍ഷനില്‍ കുര്യന്റെ പ്രസംഗം കോണ്‍ഗ്രസുകാര്‍ തന്നെ തടസപ്പെടുത്തി. അഞ്ചു മിനിറ്റിനകം പ്രസംഗം നിര്‍ത്തേണ്ടിയും വന്നു. തുടര്‍ന്നാണ്‌ ഗസ്‌റ്റ്‌ ഹൗസില്‍ ചെന്നിത്തലയുമായി അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടന്നത്‌.

Top