തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വന്തം ബൂത്തില്‍ പോലും പിന്നിലായി യുഡിഎഫ് ഏറ്റുവാങ്ങിയ ദയനീയ പരാജയം മറയ്ക്കാനിറങ്ങിയ പ്രതിപക്ഷ നേതാവ് വീണ്ടും അമ്പേ പരാജയമായി. ഡി വിജയകുമര്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് ആവര്‍ത്തിച്ചു പറഞ്ഞ ചെന്നിത്തലയ്ക്ക് സ്വന്തം ബൂത്തില്‍ പോലും അദ്ദേഹത്തെ മുന്നിലെത്തിക്കാനാവാതിരുന്നത് വന്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഈ പരിഹാസങ്ങള്‍ക്ക് നിയമസഭാ വര്‍ഷകാല സമ്മേളനത്തില്‍ മറുപടി നല്‍കാന്‍ ശ്രമിച്ചെങ്കിലും അവിടെയും ചെചന്നിത്തലയ്ക്ക് കാലിടറി.
മുഖ്യമന്ത്രി പിണറായി വിജയനെ പരിഹാസ്യനാക്കി മറുപടി നല്‍കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിച്ചത്. ഇതിനായി തെരഞ്ഞെടുപ്പില്‍ പിണറായിയുടെ ബൂത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിന്നിലായിട്ടുണ്ടെന്ന് സമര്‍ത്ഥിക്കാന്‍ ചില കണക്കുകള്‍ നിരത്തി. ഇവയെല്ലാം തെറ്റായിരുന്നെന്ന് പിന്നീട് തെളിഞ്ഞു. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പിണറായിയുടെ ബൂത്തില്‍ സിപിഐ എമ്മിലെ കെ കെ രാഗേഷ്, കോണ്‍ഗ്രസ് നേതാവ് കെ സുധാകരനു പിന്നിലായിട്ടുണ്ടെന്നാണ് ചെന്നിത്തല അവകാശപ്പെട്ടത്. ഇതിനായി പിണറായി പഞ്ചായത്തിലെ 57ാം നമ്പര്‍ ബൂത്തിലെ കണക്കാണ് അവതരിപ്പിച്ചത്.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ പിണറായി വിജയന്റെ ബൂത്ത് തെക്കുഭാഗം ആര്‍സി അമല യുപി സ്‌കൂളിലെ 136-ാം നമ്പര്‍ ബൂത്താണ്. ഇതു പോലും അറിയാതെയാണ് നേതാവ് മറുപടിയുമായി ഇറങ്ങിയത്. ചരിത്രത്തില്‍ ഇന്നുവരെ ഇവിടെ ഇടതുപക്ഷം രണ്ടാംസ്ഥാനത്തേയ്ക്ക് പോയിട്ടില്ല എന്നതും ശ്രദ്ധേയം. ചെന്നിത്തല പറഞ്ഞതു വെച്ചു നോക്കിയാലും പിണറായിയിടെ ബൂത്തില്‍ നിന്ന് 2009ല്‍ കെകെ രാഗേഷിന് 658 വോട്ടു ലഭിച്ചപ്പോള്‍ കെ സുധാകരന് തുഛമായ 257 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. മറിച്ചാണെങ്കിലും 37-ാം ബൂ്ത്തില്‍ നിന്ന് സുധാകരന് 457 വോട്ടും അധികം പിന്നിലാകാതെ രാഗേഷ് 412 വോട്ടും പിടിച്ചിരുന്നു.
ചെന്നിത്തല വോട്ടു ചെയ്ത തൃപ്പെരുന്തുറ ഗവ. യുപി സ്‌കൂള്‍ ബൂത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ 457 വോട്ടു നേടിയപ്പോള്‍ യുഡിഎഫിലെ വിജയകുമാറിനു ലഭിച്ചത് 280 വോട്ടു മാത്രമാണ്. സജി ചെറിയാന് 177 വോട്ടിന്റെ ഭൂരിപക്ഷം. ചെന്നിത്തല പഞ്ചായത്തിലാകട്ടെ എല്‍ഡിഎഫിന് 2353 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. സജി ചെറിയാന് 8172 വോട്ടും വിജയകുമാറിന് 5819 വോട്ടുമാണ് ലഭിച്ചത്. ഇതിനെതിരെ കെ മുരളീധരനുള്‍പ്പെടെ പരിഹാസവുമായെത്തിയിരുന്നു.
ഒരിക്കലും തന്റെ ബൂത്തില്‍ പിന്നിലായിട്ടില്ല എന്നതിനു പുറമേ ഉജ്ജ്വല വിജയം നേടുന്ന ചരിത്രമാണ് പിണറായിക്കുള്ളത്. 2016ലെ നിയമസഭാ ഇലക്ഷന്‍ കണക്കുകള്‍ മാത്രം നോക്കിയാലും ഇത് വ്യക്തമാണ്.
സ്വന്തം ബൂത്തില്‍ പിണറായി വിജയന്‍ നേടിയത് 906 വോട്ട്. എതിര്‍ സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ മമ്പറം ദിവാകരനാകട്ടെ വെറും 158 വോട്ടും. ഈ ഒരൊറ്റ ബൂത്തില്‍ പിണറായിക്കു ലഭിച്ചത് 748 വോട്ടിന്റെ ഭൂരിപക്ഷം. പിണറായി പഞ്ചായത്തില്‍ 10,615 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. ആകെ പോള്‍ ചെയ്തത് 24,226 ല്‍ 16,320 വോട്ടും പിണറായിക്കു ലഭിച്ചു 67.37 ശതമാനം. മമ്പറം ദിവാകരനു കിട്ടിയത് 5,705 വോട്ടാണ്. ഇത് സത്യമെന്ന് ഇരിക്കെയാണ് പ്രതിപക്ഷ നേതാവ് സഭയില്‍ കള്ളക്കകണക്കുമായി എത്തിയത്. ചെങ്ങന്നൂര്‍ തോല്‍വിയേക്കുറിച്ച് പിണറായി സഭയില്‍ പറഞ്ഞപ്പോഴാണ് ഗത്യന്തരമില്ലാതെ പിടിച്ചു നില്‍ക്കാന്‍ ചെന്നിത്തല കള്ളക്കണക്കിറക്കി വടി കൊടുത്ത് അടി വാങ്ങിയത്.