കണ്ണൂർ :അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാൻ ഉടുപ്പ് തൈപ്പിച്ച് കാത്തിരിക്കുന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ നെഹ്രുകുടുംബം കൈവിട്ടതായി സൂചന .രാഹുൽ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും അപ്രീതിക്ക് കാരണമായ പരാമർശത്തിൽ മാപ്പപേക്ഷയുമായി ചെന്നിത്തല നീക്കം തുടങ്ങി .സോണിയ ഗാന്ധിയുടെയും രാഹുൽഗാന്ധിയുടെയും നീരസം മാറ്റാൻ കെ സി വേണുഗോപാലിന്റെ സഹായം തേടി രമേശ് ചെന്നിത്തല. ഇരുവർക്കുമെതിരെ കടുത്ത രീതിയിൽ പ്രതികരിച്ച് കുരുക്കിലായതോടെയാണ് മാപ്പപേക്ഷയുമായി വ്യാഴാഴ്‌ച രാവിലെ കെ സി വേണുഗോപാലിന്റെ കണ്ണൂർ താണയിലെ വീട്ടിലെത്തിയത്.
എഐസിസി ജനറൽ സെക്രട്ടറിയും സോണിയയുടെയും രാഹുലിന്റെയും അടുപ്പക്കാരനുമായ വേണുഗോപാലുമായി മൂന്നുമണിക്കൂർ ചർച്ച നടത്തിയെങ്കിലും ദൗത്യം വിജയിച്ചില്ലെന്നാണ് അറിയുന്നത്. ചർച്ചയ്‌ക്കിടെ വേണുഗോപാൽ, രാഹുലുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല.കോൺഗ്രസിന്റെ ദേശീയ നിലപാടിനെ അപഹസിക്കുന്ന ചെന്നിത്തലയുടെ നടപടിയിൽ സോണിയക്കും രാഹുലിനും കടുത്ത അമർഷമുണ്ട് എന്നും ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നു . കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉൾപ്പെടെയുള്ളവർ ചെന്നിത്തലയുടെ അപക്വമായ പ്രതികരണം ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി.
കോണ്‍ഗ്രസില്‍ ഒറ്റപ്പെട്ടതോടെയാണ് വേണുഗോപാലിന്റെ സഹായം തേടിയത്. കെ സുധാകരൻ എംപിയും ഒപ്പമുണ്ടായി. രാവിലെ എട്ടോടെ രഹസ്യമായാണ് ഇരുവരും വേണുഗോപാലിന്റെ വീട്ടിലെത്തിയത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള വേണുഗോപാലിന്റെ അമ്മയെ കാണാനെന്ന് പറഞ്ഞാണ് പുറപ്പെട്ടത്. എന്നാൽ ആശുപത്രിയിലേക്ക് പോയില്ല.