തിരുവനന്തപുരം: ജീവനക്കാര്‍ ജോലിസമയത്ത് ഓഫീസില്‍ പൂക്കളമിടരുതെന്ന് പറഞ്ഞ പിണറായി വിജയന്‍ ദില്ലിയില്‍ ഓണം ആഘോഷിക്കുന്നു. മുഖ്യമന്ത്രിക്ക് പ്രവൃത്തിസമയത്ത് പൂക്കളമിടാമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമര്‍ശിക്കുന്നു.
ദില്ലിയില്‍ രാഷ്ട്രപതി ഭവനില്‍ ലക്ഷങ്ങള്‍ മുടക്കി പ്രവൃത്തി ദിവസം ഓണാഘോഷം നടത്താന്‍ പോവുകയാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രിയും മന്ത്രിമാരും എംപിമാരും ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും അടങ്ങുന്ന വന്‍പടയാണ് സര്‍ക്കാര്‍ ചിലവില്‍ ആഘോഷത്തിനെത്തുന്നത്. സെപ്റ്റംബര്‍ മൂന്നിനാണ് പരിപാടി. കുടുംബസമേതമാണ് ആഘോഷം. സര്‍ക്കാര്‍ ഓഫീസുകളില്‍ അത്തപ്പൂക്കളം പാടില്ലെങ്കിലും അവിടെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തന്നെ പൂക്കളമിടുന്നുണ്ട്. പുറമെ വിഭവ സമൃദ്ധമായ ഓണസദ്യയും. മുഖ്യമന്ത്രിയ്ക്ക് പ്രവൃത്തിസമയത്ത് പൂക്കളമിടാം. ആഘോഷിക്കാം. പാവപ്പെട്ട ജീവനക്കാര്‍ക്ക് പാടില്ല. അതാണ് വൈരുദ്ധ്യാത്മക സിദ്ധാന്തം.
ഓണാഘോഷത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ഓഫിസുകളില്‍ ജോലിസമയത്തു പൂക്കളം ഒരുക്കേണ്ടെന്നും ഓഫിസുകള്‍ കേന്ദ്രീകരിച്ചുള്ള കച്ചവടം അനുവദിക്കില്ലെന്നുമാണു മുഖ്യമന്ത്രി പറഞ്ഞത്. ഇതിനു പിന്നാലെ നിര്‍ദേശം ശിരസാവഹിച്ച്, സെക്രട്ടറിയേറ്റിലെ ഓണപ്പൂക്കള മല്‍സരവും സദ്യയും ജോലിയുടെ ഇടവേളകളിലേക്കു മാറ്റാന്‍ തീരുമാനിച്ചിരുന്നു.