പാർലമെന്‍റിൽ രമ്യ ഹരിദാസ് എം.പിക്ക് നേരെ കൈയേറ്റ ശ്രമം. മഹാരാഷ്ട്ര രാഷ്ട്രീയവുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധത്തിനിടെയാണ് സംഭവം. പ്രതിഷേധിക്കുന്നതിനിടെ ലോക്‌സഭയിലെ പുരുഷ മാർഷൽമാർ ബലം പ്രയോഗിച്ച് രമ്യ ഹരിദാസിനെയും ചില കോൺഗ്രസ് എംപിമാരെയും പിടിച്ചുമാറ്റിയിരുന്നു. രമ്യ ഹരിദാസ് സ്പീക്കർക്ക് പരാതി നൽകി.
മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് സഭയിൽ ബഹളം ഉണ്ടായത്. ടി.എൻ പ്രതാപനെയും ഹൈബി ഈഡനെയും ഒരു ദിവസത്തേക്ക് സഭയിൽ നിന്ന് പുറത്താക്കി. ‘മുദ്രാവാക്യം വിളിച്ചതായിരുന്നു.പ്ലക്കാർഡ് പറ്റില്ലെന്നും പറഞ്ഞ് പിടിച്ചുമാറ്റുകയായിരുന്നു. പാർലമെൻറിനകത്ത് പോലും സേഫ് അല്ലെങ്കിൽ വേറെവിടെയാണ് അതുണ്ടാകുക’-രമ്യ ഹരിദാസ് പ്രതികരിച്ചു.
തമിഴ്നാട്ടിൽ നിന്നുള്ള കോൺഗ്രസ് എം.പി ജ്യോതിമണിക്ക് നേരെയും കൈയേറ്റമുണ്ടായതായി പരാതിയുണ്ട്. പാർലമെന്‍റിൽ ബാനർ ഉയർത്തി പ്രതിഷേധിച്ചതിനെ തുടർന്നാണ് ടി.എൻ. പ്രതാപൻ, ഹൈബി ഈഡൻ എന്നിവരെ സ്പീക്കർ സഭയിൽ നിന്ന് ഒരു ദിവസത്തേക്ക് പുറത്താക്കിയത്. തങ്ങളെയും സുരക്ഷ ജീവനക്കാർ കൈയേറ്റം ചെയ്തതായി ടി.എൻ. പ്രതാപൻ എം.പി പറഞ്ഞു.