കൊച്ചി: താരസംഘടനയായ അമ്മയില്‍ നിന്ന് പുറത്തുവന്നതോടെ സിനിമയില്‍ അവസരങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമമെന്ന് നടി രമ്യ നമ്പീശന്‍. പ്രശ്‌നമുണ്ടെന്ന് ആവര്‍ത്തിച്ച് പറയേണ്ട സ്ഥിതിയാണ്. പ്രശ്‌നങ്ങള്‍ പരിഹരിക്കണം. ഡബ്ല്യുസിസി പുരുഷന്‍മാര്‍ക്ക് എതിരായ സംഘടനയല്ലെന്നും രമ്യ നമ്പീശന്‍ പറഞ്ഞു.
അമ്മയില്‍ നിന്നും പുറത്തുവന്നതിന് ശേഷം ചിലര്‍ തന്നെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന് നടി രമ്യാ നമ്പീശന്‍ ആരോപിച്ചു. സിനിമയിലെ തന്റെ അവസരങ്ങള്‍ ഇല്ലാതാക്കാനും ചിലര്‍ ശ്രമിക്കുന്നുണ്ട്. ഡബ്ല്യൂ.സി.സി ആര്‍ക്കും എതിരെയുള്ള സംഘടനയാവരുതെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ അനുകൂലമായ നിലപാടല്ല പലരില്‍ നിന്നുമുണ്ടായത്. നിരുത്തരവാദപരമായ സമീപനം ഉണ്ടായപ്പോഴാണ് അമ്മയില്‍ നിന്ന് രാജിവച്ചതെന്നും രമ്യ കൂട്ടിച്ചേര്‍ത്തു.
സിനിമാ മേഖലയില്‍ തങ്ങള്‍ക്ക് ചില പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. അത് പരിഹരിക്കണം. തങ്ങള്‍ക്ക് പ്രശ്‌നങ്ങളുണ്ടെന്ന് ഓരോ വേദിയിലും പറയേണ്ടത് ഗതികേടാണെന്നും രമ്യാ നമ്പീശന്‍ പറഞ്ഞു.അമ്മയിലെ ഭാരവാഹികളുമായി മുന്‍നിശ്ചയിച്ച പ്രകാരം ഈ മാസം ഏഴിന് തന്നെ ചര്‍ച്ച നടക്കുമെന്നും രമ്യ വ്യക്തമാക്കി.