
തിരുവനന്തപുരം: മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎ(അമ്മ)യിലേക്കു തിരികെ പ്രവേശിക്കുന്നതിനായി മാപ്പുപറയാന്‍ ഒരുക്കമല്ലെന്ന് നടി രമ്യ നന്പീശന്‍. സംഘനയിലേക്കു തിരികെപോകാന്‍ അപേക്ഷ നല്‍കില്ലെന്നും കെപിഎസി ലളിതയുടെ വാര്‍ത്താസമ്മേളനത്തിലെ സാന്നിധ്യം ഏറെ സങ്കടപ്പെടുത്തുന്നതാണെന്നും രമ്യ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ നടത്തിയ പ്രസ്താവനയുടെ പേരില്‍ സംഘടനയോടു മാപ്പു പറയില്ല. തിരിച്ചെടുക്കാനായി അപേക്ഷയും നല്‍കില്ല. കെപിഎസി ലളിതയുടെ നിലപാട് സ്ത്രീവിരുദ്ധമാണ്. അവരുടെ നിലപാട് നിരാശപ്പെടുത്തുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് സംഘടന നടത്തുന്നത്. എല്ലാം സഹിച്ചാല്‍ മാത്രമെ സംഘടനയ്ക്കുള്ളില്‍ നിലനില്‍ക്കാന്‍ സാധിക്കൂ എന്നാണ് അവര്‍ പറയുന്നത്. ഞങ്ങള്‍ക്കതിനു സാധിക്കില്ല. ഞങ്ങള്‍ പുറത്തുവന്നു കഴിഞ്ഞു. എല്ലാം സഹിച്ചു നില്‍ക്കുന്നവരുടെ യുക്തി എന്താണെന്ന് അറിയില്ല- രമ്യ പറഞ്ഞു.
എഎംഎംഎ സംഘടന ആരുടെകൂടെ നില്‍ക്കുന്നു എന്നത് വ്യക്തമാണെന്നും ഇത്തരത്തില്‍ ഒരു നിലപാടെടുക്കാന്‍ അവര്‍ക്ക് എങ്ങനെ സാധിക്കുന്നു എന്നതില്‍ തനിക്ക് അത്ഭുതമുണ്ടെന്നും രമ്യ കൂട്ടിച്ചേര്‍ത്തു.സ്വയം രാജിവച്ചു സംഘടനയില്‍നിന്നും പുറത്തു പോയവരെ തിരിച്ചു വിളിക്കാനാകില്ലെന്നും ഇക്കാര്യത്തില്‍ സംഘടനയ്ക്ക് വ്യക്തമായ നിലപാടുണ്ടെന്നും എഎംഎംഎ സെക്രട്ടറി സിദ്ദിഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. പുറത്തുപോയവര്‍ മാപ്പു പറയട്ടെയെന്നു കെപിഎസി ലളിതയും കൂട്ടിച്ചേര്‍ത്തു.
അതേസമയം സുരക്ഷിതമായ തൊഴിലിടത്തിന് വേണ്ടിയാണ് ചര്‍ച്ച തുടങ്ങിയതെന്നും അതിനെ അജണ്ടയാക്കി മാറ്റാനാണ് ശ്രമിക്കുന്നതെന്നും നടി പാര്‍വതി. ഡബ്ല്യൂസിസിയുടെ ചോദ്യങ്ങളില്‍ നിന്ന് ശ്രദ്ധ മാറ്റാനാണ് അമ്മ ശ്രമിക്കുന്നത്. അമ്മയില്‍ തന്നെ ഭിന്നതയാണ്. അമ്മയുടെ നിലപാടില്‍ പ്രതീക്ഷയില്ലെന്നും പാര്‍വതി പറഞ്ഞു.
ഡബ്ല്യൂസിസിക്കെതിരെ ആഞ്ഞടിച്ചായിരുന്നു നടന്‍ സിദ്ദിഖും നടി കെപിഎസി ലളിതയും വാര്‍ത്താസമ്മേളനം നടത്തിയത്. എഎംഎംഎ പ്രസിഡന്റ് മോഹന്‍ലാലിനെ ഇവര്‍ അപമാനിച്ചുവെന്നും അത്തരം ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നുമാണ് സിദ്ദിഖ് വ്യക്തമാക്കിയത്. ദിലീപിനെ സംരക്ഷിക്കുന്ന ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ഇരയ്‌ക്കൊപ്പം തന്നെയാണ് തങ്ങളെന്നുമാണ് എഎഎംഎയുടെ ഔദ്യാഗിക പ്രതികരണമായി സിദ്ദിഖും കെപിഎസി ലളിതയും അറിയിച്ചത്. എന്നാല്‍ ഇവരുടെ വാദം തള്ളിക്കൊണ്ട് സംഘടനയുടെ ഔദ്യോഗിക വക്താവ് എന്ന നിലയ്ക്ക് നടന്‍ ജഗദീഷും പത്രക്കുറിപ്പ് പുറത്തിരക്കിയിരുന്നു. ഈ അവസരത്തിലാണ് പാര്‍വതിയുടെ പ്രതികരണം.
”രണ്ട് കാര്യങ്ങളാണ് ഇപ്പോള്‍ പറയാനുള്ളത്, ശ്രീ ജഗദീഷ് പുറത്തു വിട്ട പത്രകുറിപ്പാണോ അവരുടെ യഥാര്‍ത്ഥ ഔദ്യോഗിക പ്രതികരണം അതോ ഇപ്പോള്‍ സിദ്ദിഖ് സാറും കെപിഎസി ലളിത ചേച്ചിയും കൂടി ഇരുന്ന് സംസാരിച്ചതാണോ എഎംഎംഎയുടെ ഔദ്യോഗിക പ്രതികരണം. അതേപോലെ അവര്‍ പറയുകയും ചെയ്തു മഹേഷ് എന്ന നടന്‍ ഇവര്‍ക്ക് വേണ്ടി ഘോരം ഘോരം വാദിച്ചത് ഇവര്‍ പറഞ്ഞിട്ടല്ലെന്ന്. നമുക്കറിയാനുള്ളത് ആര് പറയുന്നതാണ് കേള്‍ക്കേണ്ടത് എന്നതാണ്.
പിന്നെ ഏറ്റവും അസഹനീയമായ കാര്യം ഇവര്‍ രണ്ടു പേരും ഇങ്ങനെയൊരു സംഭവം നമ്മുടെ സിനിമാ മേഖലയില്‍ നടക്കുന്നേ ഇല്ലെന്ന് വീണ്ടും വീണ്ടും പറയുന്നു. ഇങ്ങനെ ഒരു സ്റ്റേറ്റ്‌മെന്റ് ഇതിന് മുന്‍പും വന്നിട്ടുണ്ടായിരുന്നു. നമ്മുടെ സുഹൃത്തിന് ഇങ്ങനെ വലിയൊരു സംഭവം നടന്നതിന് ശേഷവും അങ്ങനെയൊന്ന് ഇവിടെ ഇല്ലേ ഇല്ലെന്നാണ് സിദ്ദിഖ് സാര്‍ പറയുന്നത്. കെപിഎസി ലളിത ചേച്ചി പറയുന്നത് മറ്റുള്ള തൊഴിലിടങ്ങളിലെ പോലെ ഒക്കെ തന്നെയേ ഉള്ളൂ ഇത് ഇവിടെ മാത്രം അല്ലല്ലോ എന്നാണ്. അതിനെ തീര്‍ത്തും നിസാരവത്കരിക്കുകയാണ്. അതിന് ഒരുപാട് പ്രശ്‌നങ്ങളുണ്ട്. ഇവരെ മാതൃകയാക്കുന്ന നോക്കിക്കാണുന്ന ഒരുപാടു പേര്‍ ഉണ്ട്. ഇങ്ങനെ ഒക്കെ കള്ളം പറയുകയാണെങ്കില്‍ കഠിന ഹൃദയ ആയിരിക്കണം. പിന്നെ ഇതില്‍ ആര് പറയുന്ന സ്റ്റേറ്റ്‌മെന്റിനാണ് നമ്മള്‍ റസ്‌പോണ്ട് ചെയ്യേണ്ടത് എന്ന് അവരൊന്ന് വ്യക്തമാക്കിയാല്‍ വലിയ ഉപകാരമാണ്.”പാര്‍വതി പറഞ്ഞു.
‘അമ്മ എന്ന സംഘടന എന്തെങ്കിലും രീതിയില്‍ എന്തിനെങ്കിലും എതിരെ ഒരു ഔദ്യോഗിക നടപടി എടുക്കുന്നത് കണ്ടു കഴിഞ്ഞാല്‍ അതില്‍ സന്തോഷമുണ്ട്. അതായത് ബാക്കി കാര്യങ്ങള്‍ എല്ലാം നല്ല രീതിയില്‍ ചെയ്യുന്നുണ്ട് എന്ന് പറഞ്ഞാലും ഔദ്യോഗിക മറുപടിയെ ചോദിച്ചിട്ടുള്ളു, ഏതൊരു ജനറല്‍ ബോഡി അംഗത്തിനും തോന്നാവുന്ന സംശയമേ ഞങ്ങള്‍ ചോദിച്ചിട്ടുള്ളൂ. അങ്ങനെ ഉള്ളതിന് ഉത്തരം കിട്ടാതെ വരികയാണ്. ഇതൊരു പൊതു പ്രശ്‌നമാണ്. രഹസ്യമായ സംഭവമല്ല. ഒരു ഉത്തരവാദിത്തം നമ്മുടെ സമൂഹത്തോട് നമുക്കുണ്ട്.
പക്ഷെ ഇതിന് ഒരു ഉത്തരവും നമുക്ക് കിട്ടിയിട്ടില്ല. പക്ഷെ ഇതിനെ ഗൂഢാലോചന ആണെന്നും അജണ്ടയാണെന്നും പറയുന്നത് വളരെ എളുപ്പമുള്ള പോംവഴിയാണ്, അതില്‍ വളരെ സങ്കടമുണ്ട്. നമുക്ക് നേടാനുള്ളതെന്താണ് എന്നതിന് ഒരു തെളിവുമില്ല. നമ്മള്‍ നീതിക്ക് വേണ്ടി സുരക്ഷിതമായ തൊഴിലിടത്തിന് വേണ്ടിയാണ് ഈ ചര്‍ച്ച തന്നെ തുടങ്ങിയത്. അതിനെ ഒരു അജണ്ട ആക്കി മാറ്റാനെങ്കില്‍ എനിക്കൊന്നും പറയാനില്ല’, പാര്‍വതി പറഞ്ഞു.