കൊച്ചി: ആയിരം കോടിയുടെ ബഡ്ജറ്റില്‍ ഉയരുന്ന എംടി ചിത്രത്തില്‍ മോഹന്‍ലാലിന്റെ പ്രതിഫലം അറുപത് കോടി. മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ലാല്‍ ഈ ചിത്രത്തിനായി ഒന്നരവര്‍ഷത്തോളം മാറ്റിവയ്ക്കും.
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫല തുകയാണിത്. നിലവില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് 60 കോടി പ്രതിഫലം വാങ്ങുന്ന സല്‍മാന്‍ ഖാനാണ്. പ്രതിഫലത്തില്‍ മോഹന്‍ലാലും സല്‍മാന്‍ ഖാനൊപ്പമെത്തുകയാണ്.
അതേസമയം മഹാഭാരതത്തിന് വേണ്ടി മോഹന്‍ലാല്‍ 60 കോടി പ്രതിഫലം വാങ്ങുന്നതില്‍ അത്രയ്‌ക്കൊന്നും ഞെട്ടാനില്ല. എന്തെന്നാല്‍ അത്രയേറെ സാഹസം നിറഞ്ഞ അഭിനയം ചിത്രത്തിലുണ്ടാവും. മാത്രമല്ല, തന്റെ ഒന്നര വര്‍ഷമാണ് ചിത്രത്തിനായി ലാല്‍ നല്‍കുന്നത്. ഈ കാലയളവില്‍ മറ്റൊരു സിനിമയും മോഹന്‍ലാല്‍ ചെയ്യില്ല.
ഇതുവരെ മോഹന്‍ലാല്‍ വാങ്ങിക്കൊണ്ടിരുന്നത് നാല് മുതല്‍ 5 കോടി വരെയാണ്. തമിഴില്‍ ജില്ല എന്ന ചിത്രത്തിന് വേണ്ടി അഞ്ച് കോടിയും തെലുങ്കില്‍ ജനത ഗാരേജ് എന്ന ചിത്രത്തിന് വേണ്ടി ആറ് കോടി രൂപയുമാണ് മോഹന്‍ലാല്‍ പ്രതിഫലം വാങ്ങിയത്. മലയാളത്തില്‍ മൂന്ന് – മൂന്നര കോടി വരെ മാത്രമേ വാങ്ങാറുള്ളൂ. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരവും മോഹന്‍ലാല്‍ തന്നെയാണ്.
മലയാള സിനിമയ്ക്ക് അഭിമാനമായിട്ടാണ് എടിയുടെ രണ്ടാമൂഴത്തെ ആസ്പദമാക്കി വിഎ ശ്രീകുമാര്‍ മേനോന്‍ മഹാഭാരതം എന്ന ചിത്രമൊരുക്കുന്നത്. ഗള്‍ഫ് വ്യവസായിയായ ബി ആര്‍ ഷെട്ടിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.