കൊച്ചി: വിദേശ മലയാളിയായ വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ ഫാ. മനോജ് പ്ളാക്കൂട്ടത്തിന് മുൻകൂർ ജാമ്യം .പ്രതിയായ വൈദികന് ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. പത്ത് ദിവസത്തിനുള്ളിൽ വൈദികൻ അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. വിദേശ മലയാളിയായ വീട്ടമ്മയെ ബലാത്സംഗം ചെയ്‌തെന്ന കേസിനാണ് വൈദികനെ പൊലീസ് അറസ്റ്റ് ചെയ്തത്.
കേസിൽ സഭയ്ക്ക് പിന്നാലെ പൊലീസും തന്നെ ചതിച്ചുവെന്നും കുറ്റാരോപിതനായ വൈദികനെ രക്ഷിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും വീട്ടമ്മ അടുത്തിടെ ആരോപണം ഉയർത്തിയിരുന്നു. ഒരു സ്വകാര്യ വാർത്താ ചാനലിനോടാണ് വീട്ടമ്മ ഈ വെളിപ്പെടുത്തൽ നടത്തിയത്. വൈദികനെതിരെയുള്ള തന്റെ പരാതി താമരശ്ശേരി രൂപതാ ബിഷപ്പ് ഒതുക്കിത്തീർക്കാൻ ശ്രമിച്ചെന്ന് താൻ മൊഴി നൽകിയതോടെയാണ് പൊലീസ് കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതെന്നും വിദേശ മലയാളി കൂടിയായ വീട്ടമ്മ വെളിപ്പെടുത്തിയിരുന്നു.
ഇരയായ തന്റെ ഭാര്യ പരാതിയുമായി സമീപിക്കുമ്പോൾ വേണ്ട പരിഗണന തങ്ങൾക്ക് ലഭിച്ചില്ല എന്ന് വീട്ടമ്മയുടെ ഭർത്താവും പ്രതികരിച്ചു. തങ്ങളെ എക്സ്പോസ് ചെയ്യുന്ന രീതിയിലാണ് പൊലീസ് മൊഴിയെടുത്തതെന്നും പ്രതികളുടെ മുൻപിൽ വച്ചാണ് പൊലീസുകാർ ഇത് ചെയ്തതെന്നും ഭർത്താവ് പറയുന്നു.സിറോ മലബാർ സഭയിലെ വൈദികനായ മനോജ് പ്ലാക്കൂട്ടത്തിൽ കോഴിക്കോട്ടെ വീട്ടിലെത്തി ബലാൽസംഗം തന്നെ ചെയ്തുവെന്ന് ആരോപിച്ചുകൊണ്ട് ഇക്കഴിഞ്ഞ ഡിസംബർ 4നാണ് വിദേശ മലയാളിയായ വീട്ടമ്മ ചേവയൂർ പൊലീസിൽ പരാതി നൽകുന്നത്. 2017 ജൂൺ 15ന് നടന്ന സംഭവത്തെക്കുറിച്ച് സഭയുടെയും ബിഷപ്പിന്റെയും സമ്മർദ്ദത്തെ തുടർന്നാണ് താൻ പുറത്തുപറയാതിരുന്നതെന്നും വീട്ടമ്മ മൊഴി നൽകിയിരുന്നു. വൈദികൻ നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലായിരുന്നു.