
തിരുവനന്തപുരം : വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ പീഡനകേസ്. എയർപോർട്ട് ജീവനക്കാരിയാണ് ഉന്നത ഉദ്യോഗസ്ഥനെതിരെ പരാതി നൽകിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ ചീഫ് എയർപോർട്ട് ഓപ്പറേറ്ററായ മധുസൂദന ഗിരിയെ അദാനി ഗ്രൂപ്പ് സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം വിമാനത്താവലം അദാനി ഗ്രൂപ്പ് ഏറ്റെടുത്ത ശേഷം വിമാനത്താവള ഡയറക്ടർക്ക് തുല്യമായ സ്ഥാനമാണ് ചീഫ് എയർപോർട്ട് ഓപ്പറേറ്റർ. നേരത്തെ സെക്കന്ദരാബാദ് എയർപോർട്ടിൽ നിന്ന് എയർപോർട്ട് ഡയറക്ടറായി വിരമിച്ച ശേഷം അദാനി ഗ്രൂപ്പിൽ ചേർന്നയാളാണ് മധുസൂദന ഗിരി.
അദാനി ഗ്രൂപ്പ് വിമാനത്താവളം ഏറ്റെടുത്ത ശേഷം ചില ഏജൻസികൾ വഴി താൽക്കാലികമായി ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ നിയമിച്ചിരുന്നു. ഇത്തരത്തിൽ ജോലിക്കെടുത്ത ഒരു ഉദ്യോഗസ്ഥയെ മധുസൂദന ഗിരിയുടെ പിഎ ആയി നിയോഗിച്ചിരുന്നു. ഇവരാണ് ഇപ്പോൾ ഗിരിയ്ക്കെതിരെ പരാതി നൽകിയിരിക്കുന്നത്.
ഈ മാസം നാലിന് ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. പോലീസിന് പുറമെ അദാനി ഗ്രൂപ്പിനും യുവതി പരാതി നൽകിയിരുന്നു.
വിഷയത്തിൽ അദാനി ഗ്രൂപ്പ് വിശദീകരണക്കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഒരു ജീവനക്കാരനെതിരെ ലൈംഗീക പീഡന പരാതി വന്നിട്ടുണ്ടെന്നും പരാതി വന്ന സാഹചര്യത്തിൽ നടപടി എടുത്തിട്ടുണ്ടെന്നുമാണ് കമ്പനി വിശദീകരണം നൽകിയത്. മധുസൂദന ഗിരിയുടെ പേര് പരാമർശിക്കാതെയായിരുന്നു അദാനി ഗ്രൂപ്പിന്റെ വിശദീകരണം.