ദില്ലി: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവതി പരാതിയുമായി സുപ്രീംകോടതിയില്‍. ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി തേടിയാണ് യുവതി സുപ്രീംകോടതിയിലെത്തിയത്. മഹാരാഷ്ട്ര സ്വദേശിനിയായ യുവതിയാണ് 24 ആഴ്ച വളര്‍ച്ചയെത്തിയ ഗര്‍ഭം അലസിപ്പിക്കാന്‍ അനുവാദം തോടിയെത്തിയത്.
തന്നെ ഒരാള്‍ ബലാല്‍സംഗം ചെയ്തതിലൂടെയാണ് താന്‍ ഗര്‍ഭിണിയായതെന്നും അതിനാല്‍ തനിക്ക് ഇത് നശിപ്പിക്കാന്‍ അനുമതി നല്‍കണമെന്നുമാണ് യുവതിയുടെ ആവശ്യം. താന്‍ ദരിദ്ര കുടുംബത്തില്‍ നിന്നാണെന്നും വഞ്ചിക്കപ്പെടുകയായിരുന്നെന്നും യുവതി സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജിയില്‍ അഭിപ്രായം തേടി സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനും മഹാരാഷ്ട്ര സര്‍ക്കാരിനും നോട്ടീസ് അയച്ചു.
ഒരു സാധാരണ കുടുംബത്തിലെ അംഗമായ തന്നെ ഒരാള്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നെന്നാണ് യുവതിയുടെ പരാതി. താന്‍ ഗര്‍ഭിണിയായ ശേഷം അയാള്‍ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തതായും യുവതി പരാതിയില്‍ പറയുന്നു. ബലാല്‍സംഗത്തിനാണ് ഇയാള്‍ക്കെതിരെ യുവതി പരാതി നല്‍കിയിരിക്കുന്നത്. ഗര്‍ഭം തന്നെ മാനസികമായി വല്ലാതെ തകര്‍ക്കുന്നു. കൂടാതെ ഗര്‍ഭാവസ്ഥയില്‍ ധാരാളം പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഗര്‍ഭം പൂര്‍ണ കാലം തികയ്ക്കുമോ എന്നു സംശയമുണ്ടെന്നും യുവതി ഹര്‍ജിയില്‍ പറയുന്നു.
20 ആഴ്ചയ്ക്കു മുകളില്‍ വളര്‍ച്ചയെത്തിയതിനാല്‍ അലസിപ്പിക്കാന്‍ ആശുപത്രിക്കാര്‍ അനുവദിച്ചില്ല. കഴിഞ്ഞ ജൂലൈയില്‍ ഗുജറാത്തിലെ ഒരു കൗമാരക്കാരിയും ഇത്തരത്തില്‍ ബലാല്‍സംഗത്തിലൂടെ ഉണ്ടായ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി തേടി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. 1971-ലെ ഗര്‍ഭം അലസിപ്പിക്കല്‍ നിയമപ്രകാരം 20 ആഴ്ച വരെ എത്തിയ ഗര്‍ഭം മാത്രമാണ് അലസിപ്പിക്കാന്‍ നിയമസാധുതയുള്ളു.