റായ്ബറേലി: പ്രധാനമന്ത്രിക്ക് ചോരകൊണ്ട് കത്തെഴുതി ലൈംഗീകപീഡനത്തിന് ഇരയായ പെണ്‍കുട്ടി. തനിക്ക് നീതി ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യും എന്നാണ് പെണ്‍കുട്ടി തന്റെ ചോരയില്‍ മുക്കി എഴുതിയ കത്തിലൂടെ പറയുന്നത്. സംഭവം നടന്ന് ഒരുവര്‍ഷമാകാറായിട്ടും തന്നെ ആക്രമിച്ചവരുടെ പേരില്‍ പോലീസ് നടപടിയെടുക്കാത്തതിനാലാണ് പെണ്‍കുട്ടിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ചോരയില്‍ ചാലിച്ച കത്തെഴുതേണ്ടിവന്നത്.
ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ കഴിഞ്ഞവര്‍ഷമാണ് സംഭവം. പെണ്‍കുട്ടിയുടെ അച്ഛന്റെ പരാതിപ്രകാരം മാര്‍ച്ച് 24-ന് ദിവ്യ പാണ്ഡെ, അങ്കിത് വര്‍മ എന്നിവരുടെ പേരില്‍ കേസ് രജിസ്റ്റര്‍ചെയ്തു. എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയായ മകളെ അവര്‍ ബലാത്സംഗത്തിനിരയാക്കിയെന്നും അതിനുശേഷം ഭീഷണിപ്പെടുത്തുന്നതായുമാണ് പരാതി.
അതുകൊണ്ടും പീഡനം തീര്‍ന്നില്ല. തുടര്‍ന്ന് ആരോ പെണ്‍കുട്ടിയുടെ പേരില്‍ ഫെയ്സ്ബുക്കില്‍ വ്യാജ പ്രൊഫൈലുണ്ടാക്കുകയും മോശം ചിത്രങ്ങള്‍ ഇടുകയും ചെയ്തു. ഇതേത്തുടര്‍ന്ന് അജ്ഞാതരായ വ്യക്തികളുടെ പേരില്‍ ഒക്ടോബറില്‍ റായ്ബറേലിയില്‍ മറ്റൊരു കേസും രജിസ്റ്റര്‍ചെയ്തു.
പെണ്‍കുട്ടി അയച്ച കത്തില്‍ പോലീസിന്റെ നിഷ്‌ക്രിയത്വമാണ് ചൂണ്ടിക്കാണിക്കുന്നത്. ‘ശക്തമായ ബന്ധങ്ങളുടെ പേരില്‍ പോലീസ് ഇവരുടെ പേരില്‍ നടപടിയെടുക്കാന്‍ വൈകുകയാണ്. കേസ് പിന്‍വലിക്കാന്‍ പ്രതികള്‍ സമ്മര്‍ദംചെലുത്തുന്നു. എനിക്ക് നീതിലഭിച്ചില്ലെങ്കില്‍ ആത്മഹത്യചെയ്യും’- ജനുവരി 20-ന് എഴുതിയ കത്തില്‍ പെണ്‍കുട്ടി പറയുന്നു.
കേസില്‍ അന്വേഷണം നടക്കുകയാണെന്ന് എ.എസ്.പി. ശശിശേഖര്‍ സിങ് പറഞ്ഞു. പെണ്‍കുട്ടി പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചതിനെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.