ഉമ്മന്‍ചാണ്ടിയുടേത് കുറ്റസമ്മതം: സരിതാ നായർ ; സോളാര്‍ കമ്മീഷന് കൈമാറിയത് അമ്പത് പേജുള്ള കത്ത്; ഫെനി കലക്കവെള്ളത്തില്‍ ചൂണ്ടയിടുന്നു

സോളാര്‍ കമ്മീഷനില്‍ നല്‍കിയ കത്തിന്റെ പൂര്‍ണ്ണരൂപം പുറത്ത് വന്നിട്ടില്ലെന്ന് സരിത നായര്‍. അന്‍പതോളം പേജ് വരുന്ന കത്താണ് കമ്മീഷന് കൈമാറിയത്. എന്നാല്‍ അതിലെ ഇരുപത്തിഒന്ന് പേജുകളിലെ വിവരങ്ങള്‍ മാത്രമാണ് പുറത്ത് വന്നിരിക്കുന്നത്. സരിത വ്യക്തമാക്കി. സോളര്‍ കേസിന്റെ തുടര്‍ അന്വേഷണത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരും.

തുടരന്വേഷണത്തില്‍ ആര്‍.ബാലകൃഷ്ണപിള്ളയുടെയോ, കെ.ബി.ഗണേശ്കുമാറിന്റെയോ സഹായം ആവശ്യമില്ല. ശരണ്യ മനോജിന്റെയും പ്രദീപിന്റെയും സഹായം വേണ്ട. ഫെനി ബാലകൃഷ്ണന്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുകയാണ്. താന്‍ എഴുതിയ കത്ത് ഫെനി കണ്ടിട്ടില്ല. ബ്ളാക്ക് മെയിലിനു വിധേയനായെന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം മുഖ്യമന്ത്രി കസേര എത്രത്തോളം താഴേക്കു പോയെന്നതാണു സൂചിപ്പിക്കുന്നതെന്നും സരിത പറഞ്ഞു. തന്നെ ആരോ ബ്ലാക്ക്മെയില്‍ ചെയ്തതായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറയുന്നത് സ്വയം കുറ്റം സമ്മതിക്കുന്നതിന് തുല്യമാണെന്ന് സരിത പറയുന്നു. മുഖ്യമന്ത്രിയായിരുന്ന ഒരാള്‍ ബ്ലാക്ക് മെയിലിങ്ങിന് വിധേയമായി എന്ന് പറയുന്നത് ഭൂഷണമല്ല. ഇതിലൂടെ അദ്ദേഹം സ്വയം തരംതാഴുകയാണ്-സരിത പറഞ്ഞു.

താന്‍ സ്വന്തമായി എഴുതിയതാണ്. എഴുതാനും വായിക്കാനും അറിയാവുന്ന വ്യക്തിയാണ് താന്‍. പേപ്പറിന്റെ ഇരുവശത്തും എഴുതിയ 25 പുറമുള്ള കത്ത് സോളാര്‍ കമ്മിഷന്‍ പരിഗണിച്ചിട്ടുള്ളതാണ്. അതിനെക്കുറിച്ച് സംശയം ഉള്ളവര്‍ക്ക് ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കാം. തൊഴിലിനോട് നീതി പുലര്‍ത്താത്തയാളാണ് ഫെനി ബാലകൃഷ്ണന്‍. തന്റെ കത്ത് ഫെനി ബാലകൃഷ്ണന്‍ കണ്ടിട്ടില്ല. വിവാദങ്ങള്‍ കത്തി നില്‍ക്കുമ്പോള്‍ പേരെടുക്കാനുള്ള ശ്രമമാണ് അയാള്‍ നടത്തുന്നത്. കലക്കവെള്ളത്തില്‍ ചൂണ്ടയിടുന്നയാളാണ് ഫെനി ബാലകൃഷ്ണന്‍. അയാളെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കണമെന്നും സരിത- പറഞ്ഞു.
ചെക്ക്, വാഹനാപകടക്കേസുകളില്‍ സരിത കൊട്ടാരക്കര കോടതിയില്‍ ഹാജരായി ജാമ്യമെടുത്തിട്ടുണ്ട്. കൊട്ടാരക്കര മൈലം പള്ളിക്കല്‍ സ്വദേശിനി ജെമിനിഷയുടെ പക്കല്‍ നിന്ന് 3,80,000 രൂപ ചെക്ക് നല്‍കി കൈപ്പറ്റിയ കേസില്‍ ജാമ്യം എടുത്തശേഷം സരിത തുടര്‍ച്ചയായി കോടതിയില്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു. 2015 മെയ് 17ന് എം.സി. റോഡില്‍ കരിക്കത്ത് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ബൈക്കുമായി കൂട്ടിയിടിച്ച സംഭവത്തിലും കേസെടുത്തിരുന്നു.

ഈ രണ്ടു കേസുകളിലും ജാമ്യം എടുക്കാനാണ് സരിത ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നില്‍ ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെ അഭിഭാഷകനൊപ്പം എത്തിയത്. രണ്ടു കേസുകളിലും ഇന്നലെ കോടതി അവര്‍ക്കു ജാമ്യം നല്‍കി. ചെക്ക് കേസ് അടുത്ത മാസം 16നും വാഹനാപകടക്കേസ് ഫെബ്രുവരി ഏഴിനും വീണ്ടും പരിഗണിക്കും.

Top