സംരക്ഷണം ഉറപ്പു പറഞ്ഞു 35 കാരിയെ പീഡിപ്പിച്ചത് 15 തവണ; രണ്ടു ദിവസം തടവില്‍ പാര്‍പ്പിച്ച ഇവര്‍ രക്ഷപെട്ടത് സാഹസികമായി

കോട്ടയം: രാത്രിയില്‍ റയില്‍വേ സ്‌റ്റേഷനില്‍ വഴിതെറ്റിയെത്തിയ 35കാരിയെ സംരക്ഷണം ഉറപ്പു നല്‍കി തട്ടിക്കൊണ്ടു പോയ മധ്യവയസ്‌കന്‍ പീഡിപ്പിച്ചത് 15 തവണ. രണ്ടു ദിവസം വീട്ടമ്മയെ തടഞ്ഞു വച്ച ഇയാളുടെ പിടിയില്‍ നിന്നും വീട്ട്മ്മ രക്ഷപെട്ടത് സാഹസികമായി. ഒടുവില്‍ പ്രതിയുടെ പിടിയില്‍ നിന്നും രക്ഷപെട്ട വീട്ടമ്മ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി നേരിട്ടു പരാതി നല്‍കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് മുണ്ടക്കയം കോയിക്കല്‍ റജി അലക്‌സാണ്ടറെ (52) ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ ദിവസം കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ വച്ചായിരുന്നു സംഭവങ്ങളുടെ തുടക്കം. അസുഖ ബാധിതയായ സ്ത്രീ ചികിത്സയുടെ ആവശ്യത്തിനായാണ് കോട്ടയം നഗരത്തില്‍ എത്തിയത്. ആശുപത്രിയിലേയ്ക്കുള്ള യാത്രയ്ക്കിടെ വഴി തെറ്റി കോട്ടയം റയില്‍വേ സ്‌റ്റേഷനില്‍ എത്തുകയും ചെയ്തു. ഇവിടെ വിശ്രമിക്കുകയായിരുന്ന അലക്‌സാണ്ടര്‍ സ്ത്രീയുമായി പരിചയം ഭാവിച്ച അടുത്തു കൂടി.
ജില്ലാ ജനറല്‍ ആശുപത്രിയില്‍ പോകണം എന്നാവശ്യപ്പെട്ട ഇവരോടു വേണ്ട സഹായമെല്ലാം താന്‍ തന്നെ ചെയ്തു നല്‍കാമെന്നു ഉറപ്പു നല്‍കിയാണ് അലക്‌സാണ്ടര്‍ ഒപ്പം കൂടിയത്. ആശുപത്രിയിലേയ്‌ക്കെന്ന വ്യാജേനെ ഇയാള്‍ സ്ത്രീയെ കൊണ്ടു പോയത് ഈരയില്‍ക്കടവ് ഭാഗത്തെ ആളൊഴിഞ്ഞ വീട്ടിലേയ്ക്കായിരുന്നു. രണ്ടു ദിവസം ഇയാള്‍ ഇവിടെ സ്ത്രീയെ പൂട്ടിയിട്ടു പീഡിപ്പിച്ചു. സമീപ പ്രദേശങ്ങളിലൊന്നും ആള്‍പാര്‍പ്പില്ലാത്തതിനാല്‍ താന്‍ ബഹളം വച്ചതൊന്നും ആരും അറിഞ്ഞില്ലെന്നും വീട്ടമ്മ പൊലീസിനു മൊഴി നല്‍കി.
രണ്ടാം ദിവസം അസുഖം ഗുരുതരമായി ആരോഗ്യ പ്രശ്‌നങ്ങള്‍ കാട്ടിത്തുടങ്ങിയ സ്ത്രീ മരിച്ചു പോകുമെന്നു ഭയന്ന പ്രതി ഇവരെയുമായി ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തുകയായിരുന്നു. ആശുപത്രിയിലെത്തി ഡോക്ടറെ കണ്ട ഉടന്‍ തന്നെ സ്ത്രീ പീഡന വിവരം അറിയിച്ചു. ഡോക്ടര്‍ എയ്ഡ് പോസറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചു. ഇവരാണ് ഈസ്റ്റ് പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്നു പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

Top