ന്യുഡൽഹി :കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാവുകയാണെങ്കിൽ 2019ൽ താൻ പ്രധാനമന്ത്രിപദം ഏറ്റെടുക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.രാഹുലിന്‍റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിത്വം സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് ഇതോടെ വിരാമമായി.
“കോൺഗ്രസ് പാർട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയാവുകയാണെങ്കിൽ ഞാൻ ആ ചുമതല ഏറ്റെടുക്കും.”സമൂഹത്തിലെ വിവിധ തലങ്ങളിലുളള വ്യക്തികളുമായുളള ആശയസംവാദത്തിനിടെയാണ് രാഹുൽ ഇക്കാര്യം വ്യക്തമാക്കിയത്.’ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി പദം അലങ്കരിക്കാനുള്ള താൽപര്യം രാഹുൽ പരസ്യമാക്കുന്നത്.കഴിഞ്ഞ സെപ്തംബറിൽ അമേരിക്കയിലെ ബർക്കേലി സർവകലാശാലയിൽ വിദ്യാർഥികളോട് സംവദിക്കവേയാണ് രാഹുൽ പ്രധാനമന്ത്രി പദത്തിലേറാൻ പൂർണ സമ്മതമെന്ന് അറിയിച്ചത്. കർണാടകയിലെ തെരഞ്ഞെടുപ്പു പ്രചരണത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം ആവർത്തിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ രാഹുൽ രൂക്ഷ വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്തു. എയർപ്ലെയ്ൻ മോഡിലിടുന്ന മൊബൈൽ ഫോൺപോലെയാണ് മോദിയെന്ന് രാഹുൽ പരിഹസിച്ചു. രാജ്യത്ത് നടക്കുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് പ്രധാനമന്ത്രി ഒന്നും മിണ്ടാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായേയും ബി.എസ്.യദ്യൂരപ്പയേയും കടന്നാക്രമിക്കാനും രാഹുൽ മറന്നില്ല. അഴിമതിക്കേസിൽപ്പെട്ടയാളെ മാത്രമ ബിജെപിയ്ക്ക് മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടാൻ കിട്ടിയുള്ളോ എന്നു ചോദിച്ച കോൺഗ്രസ് അധ്യക്ഷൻ കർണാടകത്തിലെ ബിജെപിയുടെ പ്രചരണം നയിക്കുന്നത് കൊലക്കുറ്റം സംബന്ധിച്ച് ആരോപണം നേരിടുന്ന അമിത് ഷായാണെന്നത് പരിതാപകരമാമെന്നും കൂട്ടിച്ചേർത്തു.