കാസര്‍ഗോഡ്: കാണാതായ 17 പേരില്‍ ഉള്‍പ്പെട്ട കാസര്‍ഗോഡുകാരി റിഫൈല അച്ഛന് സന്ദേശമയച്ചു. വോയ്സ് മെസേജാണ് അയച്ചത്. തങ്ങള്‍ സുരക്ഷിതരാണെന്നും ഉടന്‍ ജോലിയില്‍ പ്രവേശിക്കുമെന്നുമാണ് സന്ദേശത്തിലുള്ളത്. പടന്നയില്‍ കാണാതായ സംഘത്തിലെ ഇജാസിന്റെ ഭാര്യയാണ് റിഫൈല. ഈ സന്ദേശം മാതാപിതാക്കള്‍ പോലീസിന് കൈമാറി. സന്ദേശത്തില്‍ ദുരൂഹതകള്‍ നിഴലിക്കുന്നതായാണ് വിവരം.
എവിടെ നിന്നുമാണ് സന്ദേശം അയച്ചതെന്ന് വ്യക്തമല്ല. ഇത് ഏത് രാജ്യത്ത് നിന്നുമാണെന്ന അന്വേഷണം തുടങ്ങി. ഇതിനിടയില്‍ പെരിന്തല്‍മണ്ണയില്‍ നിന്നും മതം മാറിയ മറ്റൊരു യുവാവിനെ കൂടി കാണാതായിട്ടുണ്ട്. 2014 മെയ് 10 നാണ് ഇയാളെ മലപ്പുറത്ത് നിന്നും കാണാതായത്. മതം മാറി അബ്ദുള്ള എന്ന പേര് സ്വീകരിച്ച ഇയാള്‍ യെമനില്‍ ഭീകരരുടെ തടവില്‍ പെട്ടിരിക്കാമെന്നാണ് സംശയം. ദുരൂഹ മതം മാറ്റം നടത്തിയവരുടെ കാര്യത്തില്‍ അന്വേഷണം വേണമെന്ന് ഹൈക്കോടതിയും പറഞ്ഞു.
ഐഎസുമായി ബന്ധപ്പെട്ട് കേരളം ഏറെ ചര്‍ച്ചയായ സാഹചര്യത്തില്‍ കേന്ദ്ര – സംസ്ഥാന ഇന്റലിജന്റ്സ് മേധാവികളുടെ യോഗം ഇന്ന് 11 മണിക്ക് ഡല്‍ഹിയില്‍ ചേരുന്നുണ്ട്. സംഭവം സംസ്ഥാന കേന്ദ്ര ഏജന്‍സികള്‍ സംയുക്തമായിട്ടാണ് അന്വേഷിക്കുന്നത്. ഇതേ തുടര്‍ന്ന് സംസ്ഥാന രഹസ്യാന്വേഷണ മേധാവി ശ്രീലേഖ യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്നും വ്യാപകമായ യുവാക്കളെ കാണാതാകുകയും ഇവര്‍ ഐഎസില്‍ ചേര്‍ന്നിരിക്കാമെന്ന് സംശയവും ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ടുകള്‍ സംസ്ഥാന ഇന്റലിജന്റ്സ് മേധാവി കേന്ദ്ര സംഘത്തിന് മുന്നില്‍ സമര്‍പ്പിക്കും. അഫ്ഗാന്‍, സിറിയ എന്നിവിടങ്ങളിലേക്ക് കേരളീയര്‍ പോയതായി സ്ഥിരീകരണം വരുത്തുകുയും ചെയ്യും.