തിരുവനന്തപുരം: തന്റെ തുടയിലാണോ മതവികാരം ഇരിക്കുന്നതെന്ന് ആക്ടിവിസ്റ്റായ രഹ്ന ഫാത്തിമ. ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്കില്‍ പങ്കെടുക്കുകവേയാണ് രഹ്ന ഫാത്തിമ ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ തുട കണ്ടാല്‍ വൃണപ്പെടുന്നതാണോ ഇവിടുത്തെ വിശ്വാസികളുടെ മതവികാരമെന്നായിരുന്നു അവരുടെ ചോദ്യം. സര്‍ക്കാര്‍ വനിതാ മതില്‍ കെട്ടുന്നത് ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്ന വനിതകളെ തടയാനാണോ അതോ കേരളത്തിലെ മുഴുവന്‍ വനിതകള്‍ക്കും വേണ്ടിയാണോയെന്നും അവര്‍ പറഞ്ഞു.
മനഃപൂര്‍വമല്ല ആ ചിത്രം പോസ്റ്റ് ചെയ്തതെന്നും അവര്‍ അറിയിച്ചു. ആ സെല്‍ഫി എടുക്കാന്‍ നേരത്ത് ചിത്രം ലഭിക്കണമെന്ന് മാത്രമാണ് ചിന്തിച്ചത് അതില്‍ തന്റെ തുടയുടെ നഗ്‌നത വരുന്നത് ശ്രദ്ധിച്ചില്ലെന്നും അവര്‍ വ്യക്തമാക്കി. ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചുവെന്ന് പറഞ്ഞാണ് തനിക്കെതിരെ ആദ്യം മതവികാരം വൃണപ്പെടുത്തിയതിന് കേസ് കൊടുത്തത്. അതിന്റെ പേരിലാണ് ആദ്യം ചോദ്യം ചെയ്തത്. എന്നാല്‍ പരാതി കൊടുത്തയാള്‍ പിന്നീടുള്ള മൊഴികളില്‍ ചിത്രത്തിന്റെ കാര്യം കൂടി ഉള്‍പ്പെടുത്തിയെന്നാണ് താന്‍ മനസിലാക്കുന്നതെന്നും അവര്‍ പറഞ്ഞു
സെപ്തംബര്‍ 30നാണ് ചിത്രം പോസ്റ്റ് ചെയ്തത്. 27ന് വന്ന സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ കയറാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുക മാത്രമാണ് താന്‍ ആ ചിത്രം കൊണ്ട് ലക്ഷ്യമിട്ടത്. എന്നാല്‍ അതിനെ വിവാദമാക്കാനാണ് ചിലര്‍ ഉപയോഗിച്ചതെന്നും അവര്‍ പറഞ്ഞു.