പുനർജനിച്ചെന്ന പ്രതീക്ഷ ബന്ധുക്കൾക്കു നൽകി; വിധിക്കു കീഴടങ്ങി രത്നമ്മ

മരിച്ചെന്നു കരുതി ഒന്നരമണിക്കൂറോളം മൊബൈൽ മോർച്ചറിയിൽവച്ച വീട്ടമ്മ ശ്വസിക്കുന്നത് കണ്ട് വീണ്ടും ആശുപത്രിയിൽ എത്തിച്ചെങ്കിലും 11 മണിക്കൂറിനുശേഷം മരണത്തിനു കീഴടങ്ങി.മോർച്ചറിയിൽ കയറ്റിയ വീട്ടമ്മക്ക് ജീവൻ കണ്ടത് ഇന്നലെ വാർത്തയായിരുന്നു. വണ്ടന്മേട് പഞ്ചായത്ത് ഒന്നാം വാർഡിൽ പുതുവൽ കോളനിയിൽ മുനിസാമിയുടെ ഭാര്യ രത്‌നമാണ്(51) ‘പുനർജനിച്ചെന്ന പ്രതീക്ഷ ബന്ധുക്കൾക്കു നൽകി’ പിന്നീട് വിധിക്കു കീഴടങ്ങിയത്. തോട്ടംതൊഴിലാളിയായ രത്‌നം മഞ്ഞപ്പിത്തവും വയറുവേദനയും ബാധിച്ച് ഒരുമാസം മുമ്പ് നാട്ടുവൈദ്യന്മാരെ കണ്ട് മരുന്നു വാങ്ങിയെങ്കിലും രോഗം കുറഞ്ഞില്ല. പിന്നീടു മധുരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നു മധുര മീനാക്ഷി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും അവിടെനിന്നു മധുര വേലമ്മാൾ മെഡിക്കൽ കോളജിലേക്കും മാറ്റി. തിരുവോണദിവസം രത്നമ്മ അബോധാവസ്ഥയിലായി. വൃക്ക ഉൾപ്പെടെ ആന്തരികാവയവങ്ങളുടെ പ്രവർത്തനം തകരാറിലാണെന്നും ജീവൻരക്ഷാ ഉപകരണം മാറ്റിയാൽ ഒരുമണിക്കൂറിനകം മരിക്കുമെന്നും ചൊവ്വാഴ്ച രാവിലെ ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചു. തുടർന്നു രത്നമ്മയെ ഡിസ്ചാർജ് ചെയ്ത് വീട്ടിൽ കൊണ്ടുപോകാൻ ബന്ധുക്കൾ തീരുമാനിച്ചു. വെന്റിലേറ്ററുള്ള ആംബുലൻസിൽ ചൊവ്വാഴ്ച രാത്രി മധുരയിൽനിന്നു വണ്ടന്മേട്ടിലേക്കു തിരിച്ചു. ഇന്നലെ പുലർച്ചെ മൂന്നിനു വീട്ടിലെത്തിയപ്പോൾ അനക്കമില്ലാതിരുന്നതിനാൽ രത്നമ്മ മരിച്ചെന്ന ധാരണയിൽ ബന്ധുക്കൾ മൊബൈൽ മോർച്ചറി എത്തിച്ച് അതിൽ കിടത്തി. ഒന്നരമണിക്കൂർ കഴിഞ്ഞപ്പോൾ രത്‌നത്തിന്റെ കണ്ണിൽനിന്നു കണ്ണുനീരും വായിൽനിന്നു നുരയും പതയും വരുന്നതു കണ്ട ബന്ധുക്കൾ ആശങ്കയിലായി.

Top