കൊല്‍ക്കത്ത: കൊറോണ ബാധിച്ച് മരിച്ച വ്യക്തിയെ കാണാനോ മൃതദേഹം ഏറ്റുവാങ്ങാനോ തയ്യാറാകാത്ത കുടുംബങ്ങളുണ്ട് എന്നറിയുമ്പോഴാണ് ജനങ്ങളുടെ ഭീതിയുടെ ആഴം വ്യക്തമാകുന്നത്. അത്തരമൊരു വിവരമാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്…. ബന്ധുക്കള്‍ വന്നില്ല തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് പശ്ചിമ ബംഗാളില്‍ കൊറോണ രോഗം ബാധിച്ചുള്ള ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത്. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഡംഡമിലെ 57കാരനാണ് മരിച്ചത്. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയവെയായിരുന്നു മരണം. മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കളാരും വന്നില്ല. മാത്രമല്ല, ആശുപത്രി അധികൃതരും കൈയ്യൊഴിഞ്ഞു.
കൊറോണ രോഗം ബാധിച്ച് മരിക്കുന്നവരുടെ സംസ്‌കാരം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നടത്തണമെന്നാണ് ചട്ടം. ആശുപത്രി അധികൃതര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അറിയിക്കുകയും അവര്‍ എത്തി മൃതദേഹം ഏറ്റുവാങ്ങുകയും ചെയ്യും. അതിനിടെ മരണ രേഖയില്‍ കുടുംബാംഗം ഒപ്പ് വയ്ക്കണം. മരണ സര്‍ട്ടിഫിക്കറ്റ് കിട്ടുന്നതിനും ആശുപത്രിയില്‍ നിന്ന് മൃതദേഹം കൈമാറിയെന്ന രേഖയ്ക്കുമാണ് കുടുംബം ഒപ്പിട്ട് നല്‍കേണ്ടത്. എന്നാല്‍ ഇതിനൊന്നും ബംഗാളില്‍ മരിച്ച വ്യക്തിയുടെ കുടുംബം തയ്യാറായില്ല. അവര്‍ ആശുപത്രിയിലേക്ക് തിരിഞ്ഞുനോക്കിയതേ ഇല്ല. ഒടുവില്‍ ഉദ്യോഗസ്ഥര്‍ മൃതദേഹം സംസ്‌കരിക്കാന്‍ കൊണ്ടുവന്നപ്പോള്‍ നാട്ടുകാര്‍ തടഞ്ഞു.
കൊറോണ രോഗി മരിച്ചാല്‍ മൃതദേഹം കുടുംബങ്ങള്‍ക്ക് വിട്ടുകൊടുക്കേണ്ടതില്ല എന്നാണ് ബംഗാള്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ആശുപത്രി അധികൃതര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. അവരാണ് സംസ്‌കരിക്കേണ്ടത്. ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പ്രകാരമായിരിക്കും സംസ്‌കാരം. ആശുപത്രി അധികൃതര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് കുടുംബത്തിലെ ഒരംഗം ഒപ്പിട്ട് നല്‍കേണ്ടതുണ്ട്. ഇതിന് വേണ്ടി എഎംആര്‍ഐ ആശുപത്രിയില്‍ നിന്ന് മരിച്ചയാളുടെ ബന്ധുക്കളെ വിളിച്ചു. ആരും വന്നില്ല. വൈറസ് പകരുമോ എന്ന ഭയമായിരുന്നു അവര്‍ക്ക്. മരിച്ച വ്യക്തിയുടെ ഭാര്യ നേരത്തെ എംആര്‍ ബംഗൂര്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. രോഗം അറിഞ്ഞത് മൂന്ന് ദിവസം മുമ്പ് മരിച്ച വ്യക്തി അടുത്തകാലത്തൊന്നും വിദേശയാത്ര നടത്തിയിട്ടില്ല. പനി വന്നപ്പോള്‍ സാള്‍ട്ട് ലേക്കിലെ ആശുപത്രിയില്‍ ചികില്‍സ തേടി. തുടര്‍ന്ന് വിശദമായ പരിശോധനയിലാണ് കൊറോണ വൈറസ് രോഗമാണെന്ന് കണ്ടെത്തിയത്. ഇദ്ദേഹത്തിന് എങ്ങനെ രോഗം ബാധിച്ചുവെന്ന് വ്യക്തമല്ല. മാര്‍ച്ച് 20നാണ് രോഗം സ്ഥിരീകരിച്ചത്. 23ന് രാവിലെ മരിക്കുകയും ചെയ്തു.
ആശുപത്രി അധികൃതര്‍ ജില്ലാ ഭരണകൂടത്തിന് മൃതദേഹം കൈമാറി. അവര്‍ നിംതാല സംസ്‌കരണ കേന്ദ്രത്തിലേക്ക് മൃതദേഹം എത്തിച്ച വേളയില്‍ പരിസര വാസികള്‍ എതിര്‍പ്പുമായി രംഗത്തുവന്നു. സംസ്‌കരണ കേന്ദ്രത്തിലെ ജീവനക്കാരും മൃതദേഹം ഏറ്റെടുത്തില്ല. ജനങ്ങള്‍ അക്രമാസക്തരാകുകയും റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്യുകയുമുണ്ടായി. എട്ട് മണിക്കൂറോളം വൈകി രാത്രി ഒമ്പത് മണിക്കാണ് സംസ്‌കാരം നടന്നത്. ജില്ലാ ഭരണകൂടത്തിന്റെ കര്‍ശന നിലപാടിനെ തുടര്‍ന്നാണ് സംസ്‌കാരം നടത്താന്‍ സാധിച്ചത്. അപ്പോഴും പ്രശ്‌നം തീര്‍ന്നില്ല. മരിച്ചയാളുടെ ബന്ധുക്കളെ ഗ്രാമത്തില്‍ പ്രവേശിപ്പിക്കില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ബന്ധുക്കള്‍ നിലവില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.
കൊറോണ ഭീതിയിലാണ് ലോകം. കൊറോണ ബാധിച്ചവരെ അകറ്റി നിര്‍ത്തുകയാണ്. നിലവിലെ സാഹചര്യത്തില്‍ അത് തന്നെയാണ് ഉത്തമം. എന്നാല്‍ വിവേചനം കാണിക്കരുത്. കൊറോണ രോഗം ബാധിച്ചെന്ന് സംശയമുള്ളവര്‍, വിദേശത്ത് നിന്ന് എത്തിയവര്‍. അസുഖത്തിന്റെ ലക്ഷണം കാണിക്കുന്നവര്‍… ഇവരെല്ലാം രണ്ടാഴ്ച കാലം നിരീക്ഷണത്തില്‍ കഴിയുകയും പരിശോധനാ ഫലം ലഭിക്കുംവരെ കാത്തിരിക്കുകയും വേണം. കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലും രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നത്.