കൊച്ചി:ദേവികുളം സബ്കലക്ടർ രേണുരാജിനെ നിയമപാലനത്തിന്റെ പേരില്‍ അവഹേളിച്ച എസ് രാജേന്ദ്രന്‍ എംഎല്‍എ കുരുക്കില്‍ ആയിരിക്കയാണ് .രേണുരാജ് നടപ്പിലാക്കിയത് ഹൈക്കോടതി ഉത്തരവാണ് കോടതി ഉത്തരവിനെയും അവഗണിച്ച് ഭീഷണി മുഴക്കിയ എംഎല്‍എ നടത്തിയത് നിയമലംഘനമാണ് .എം എൽ എ ഫോണില്‍ വിളിച്ച് പരുഷമായി സംസാരിച്ചെന്നും പരാതിപ്പെട്ടതോടെ രാജേന്ദ്രന്റെ നില പരുങ്ങലിളിൽ ആയിരിക്കയാണ് .
സ്ത്രീത്വത്തെ അവഹേളിക്കുന്ന വിധത്തില്‍ പെരുമാറിയ എംഎല്‍എക്കെതിരെയാണ് ജനവികാരം. രേണുരാജ് പഞ്ചായത്ത് കെട്ടിടത്തിന് സ്റ്റോപ്പ് മെമോ നല്‍കിയത് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു. ഈ ഉത്തരവ് ലംഘിച്ച് നിര്‍മ്മാണം തുടങ്ങിയപ്പോഴാണ് വീണ്ടും ഇടപെട്ടത്. ഇതിനെതിരെയാണ് എംഎല്‍എ ഇടപെട്ടത്. ഇക്കാര്യം അടക്കം ചൂണ്ടിക്കാട്ടി രേണു രാജ് ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. മാത്രമല്ല, എംഎല്‍എ ഫോണില്‍ വിളിച്ച് പരുഷമായി സംസാരിച്ചു എന്നും ഉദ്യോഗസ്ഥ പരാതിപ്പെടുന്നു. ചീഫ് സെക്രട്ടറിക്കും കോടതിക്കും പരാതി നല്‍കുന്നതോടെ മൂന്നാര്‍ ഓപ്പറേഷനുകള്‍ കൂടുതല്‍ വാര്‍ത്തകളില്‍ നിറയുമെന്ന സ്ഥിതിയാണ് ഉള്ളത്.
നിലവിലെ സാഹചര്യത്തില്‍ എസ് രാജേന്ദ്രനെ കാര്യമായി ആരും പിന്തുണക്കാന്‍ തയ്യാറായിട്ടില്ല. മന്ത്രി എംഎം മണി മാത്രമാണ് രാജേന്ദ്രനെ പിന്തുണച്ചു കൊണ്ട് രംഗത്തെത്തിയത്. സംഭവം പിടിവിട്ടു പോകുമെന്ന ഘട്ടത്തിലേക്ക് കാര്യങ്ങള്‍ എത്തിയതോടെ ദേവികുളം സബ് കളക്ടര്‍ രേണുരാജിനെ അധിക്ഷേപിച്ച സംഭവത്തില്‍ എസ്.രാജേന്ദ്രന്‍ എംഎല്‍എയോട് സിപിഎം വിശദീകരണം തേടി പ്രശ്‌നം ഒതുക്കാനാണ് പാര്‍ട്ടി ഒരുങ്ങുന്നത്.