കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തെ തുടര്‍ന്ന് താരസംഘടനയില്‍ നിന്ന് പുറത്താക്കിയ നടന്‍ ദിലീപിനെ തിരിച്ചെടുത്ത നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. നടപടിയെ വിമര്‍ശിച്ച് വനിതാ സംഘടനയായ ഡബ്ല്യു.സി.സിയും സംവിധായകന്‍ ആഷിക് അബു അടക്കം സിനിമാ രംഗത്ത് നിന്നുള്ളവരും രംഗത്ത് വന്നുകഴിഞ്ഞു. ഇതിനിടെ അമ്മ നടപടിയെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി ദിലീപ് ഓണ്‍ലൈന്‍ രംഗത്ത്.
അമ്മയില്‍ നിന്ന് പുറത്താക്കിയ അവയ്ലബിള്‍ എക്സിക്യൂട്ടീവ് യോഗം നിലനില്‍ക്കുന്നതല്ലെന്ന് അമ്മ ജനറല്‍ ബോഡി തീരുമാനിച്ചിട്ടുണ്ട്. അതിന്റെ അര്‍ത്ഥം ദിലീപിനെ അമ്മ എന്ന സംഘടനയില്‍ നിന്ന് പുറത്താക്കിയിട്ടില്ല എന്നാണ്. പുറത്താക്കാത്ത ഒരാളെ എന്തിന് തിരിച്ചെടുക്കണമെന്ന് ദിലീപ് ഓണ്‍ലൈന്‍ ചോദിച്ചു. മാധ്യമങ്ങള്‍ക്കും ദിലീപിനെ എതിര്‍ക്കുന്ന സിനിമയിലെ സഹപ്രവര്‍ത്തകര്‍ക്കും ദിലീപിനെ എങ്ങനെയും തകര്‍ക്കണം എന്ന അജണ്ട മാത്രമേ ഉള്ളൂവെന്നും ദിലീപ് ഓണ്‍ലൈന്‍ ആരോപിച്ചു.
”മന്ദബുദ്ധികളായ മാധ്യമങ്ങളെ, വിവരദോഷികളായ ഫെമിനിച്ചികളെ,
അമ്മയില്‍ നിന്നും പുറത്താക്കിയ അവയ്ലബിള്‍ എക്‌സ്‌ക്യൂട്ടീവ് തീരുമാനം നിലനില്‍ക്കുന്നതല്ല എന്ന് അമ്മയുടെ ജനറല്‍ ബോഡി തീരുമാനമെടുത്തീട്ടുണ്ടെങ്കില്‍ അതിന്റെ അര്‍ത്ഥം ദിലീപിനെ അമ്മ എന്ന സംഘടന പുറത്താക്കിയിട്ടില്ല എന്നാണു. പുറത്താക്കാത്ത ഒരാളെ എന്തിനു തിരിച്ചെടുക്കണം എന്ന് ചിന്തിക്കാനുള്ള കഴിവ് നിങ്ങള്‍ക്ക് ഇല്ല എന്ന് ഞങ്ങള്‍ കരുതുന്നില്ല. നിങ്ങള്‍ക്ക് ദിലീപിനെ എങ്ങിനെയും തകര്‍ക്കണം എന്ന അജണ്ട മാത്രമെയുള്ളൂ എന്ന് നിങ്ങള്‍ നടത്തുന്ന ചര്‍ച്ചകളില്‍ നിന്നും, സോഷ്യല്‍മീഡിയാ പോസ്റ്റുകളില്‍ നിന്നും മനസ്സിലാക്കാന്‍ മാത്രം കഴിവില്ലാത്തവരല്ല മലയാളികള്‍.
ദിലീപിനെ പുറത്താക്കിയ വാര്‍ത്ത ചര്‍ച്ച ചെയ്ത് ആഘോഷം ആക്കിയതിന്റെ നാണക്കേട് മാധ്യമങ്ങള്‍ക്ക് മാത്രമല്ല,ദിലീപിനെ പുറത്താക്കാന്‍ പണിയെടുത്ത ‘സഹപ്രവര്‍ത്തകര്‍ക്കും’ ഉണ്ടായിരിക്കുമല്ലൊ? അമ്മപോലൊരു സ്വകാര്യ സംഘടനയ്ക്ക് അവരുടെ ബയലോ പ്രകാരം ഒരു തീരുമാനം എടുക്കാനുള്ള അവകാശം പോലും കൊടുക്കാതെ അവഹേളിക്കുന്നവരൊക്കെയാണു, ജനാധിപത്യത്തിനും, സ്ത്രീ സമത്വത്തിനുമൊക്കെ വേണ്ടി മുറവിളികൂട്ടുന്നതെന്നോര്‍ക്കുമ്പോള്‍ ഒരു റിലാക്‌സേഷനുണ്ട്” ദിലീപ് ഓണ്‍ലൈന്‍ കുറിച്ചു.