നടിയുടെ ദൃശ്യങ്ങൾ കിട്ടിയേപറ്റൂ..!! കോടതി വഴി നടത്തുന്നത് പുതിയ ഭീഷണി; നടിയുടെ പിന്മാറ്റം ലക്ഷ്യം

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിലെ പീഡന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് തനിക്ക് കിട്ടണമെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപ് നടത്തുന്ന വ്യവഹാരം നടിക്കുനേരെയുള്ള പുതിയൊരു ഭീഷണിയാണെന്ന സംശയം ബലപ്പെടുന്നു. നടിയുടെ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് നേരത്തെ ഹൈക്കോടതിയിലും കേസ് നൽകിയിരുന്നു. ഇവിടെ തള്ളിക്കളഞ്ഞ കേസാണ് സുപ്രീം കോടതി വരെ എത്തിയത്. ഇത് കേസിൽ ഉറച്ച് നൽകുന്ന നടിയെ നിരുത്സാഹപ്പെടുത്താൻ ശ്രമിക്കുന്നതാണെന്നാണ് സൂചന.

മെമ്മറി കാർഡിലെ നടിയുടെ ദൃശ്യങ്ങൾ കേസിന്റെ ഭാഗമായ രേഖയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. കാര്‍ഡിലെ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറരുതെന്നും നടിയുടെ സ്വകാര്യത സംരക്ഷിക്കണമെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുന്‍ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാറാണ് ഹാജരായത്.

മെമ്മറി കാർഡ് ഒരു വസ്തുവാണ്. അതിനുള്ളിലെ വീഡിയോ ദൃശ്യങ്ങൾ ഒരു രേഖയാണെന്നും സർക്കാർ അഭിഭാഷകൻ ര‌ഞ്ജിത് കുമാർ അറിയിച്ചു. രേഖയാണെങ്കിലും മെമ്മറി കാർഡ് ദിലീപിന് കൈമാറരുത്. ഇരയുടെ സുരക്ഷിതത്വവും സ്വകാര്യതയും കണക്കാക്കണമെന്നും സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി. അതേസമയം, രേഖയാണെങ്കിൽ മെമ്മറി കാർഡ് തനിക്ക് കിട്ടാൻ അർഹതയുണ്ടെന്ന് ദിലീപ് കോടതിയെ അറിയിച്ചു.

കേസിൽ തന്റെ ഭാഗം തെളിയിക്കുന്നതിനായി മെമ്മറി കാർഡ് ലഭ്യമാക്കാൻ അനുവദിക്കണമെന്നാണ് ദിലീപ് കോടതിയെ അറിയിച്ചത്. മെമ്മറി കാർഡിലെ ദൃശ്യങ്ങളിൽ കൃത്രിമം നടന്നിട്ടുണ്ടെന്നും തന്റെ നിരപരാധിത്വം തെളിയിക്കാൻ പകർപ്പ് വേണമെന്നും ചൂണ്ടിക്കാട്ടിയാണ് ദിലീപ് ഹർജി നൽകിയത്. എന്നാൽ തനിക്കു നേരെ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങൾ ചോരാനും ദുരുപയോഗം ചെയ്യാനും സാദ്ധ്യതയുണ്ട്. കേസുമായി ബന്ധപ്പെട്ട് ഇതിനകം തന്നെ ഒട്ടേറെ സമ്മർദ്ദങ്ങൾ നേരിട്ടു. തന്റെ സ്വകാര്യതയെ മാനിക്കണമെന്നും നടി അഭ്യർത്ഥിച്ചു. സംസ്ഥാന സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകൻ രഞ്ജിത് കുമാറും ദിലീപിന് വേണ്ടി മുകുൾ റോഹ്‌തകിയും ഹാജരായി.

Top