ശശിക്കെതിരെ നടപടിയില്ല!! പോലീസിനെ സമീപിക്കാന്‍ വനിതാ നേതാവ്

തിരുവനന്തപുരം: പി.കെ.ശശി എം.എല്‍.എയ്ക്കെതിരായ പീഡന പരാതിയില്‍ നടപടി ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്. ലൈംഗീക പീഡന പരാതി അന്വേഷിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വെള്ളിയാഴ്ച ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം പരിഗണിച്ചില്ലെന്ന് വിവരം. അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് പൂര്‍ത്തിയായിട്ടില്ലെന്ന് പറഞ്ഞാണ് നടപടി നീട്ടി വച്ച് ഉഴപ്പുന്നത്.

എന്നാല്‍ പീഡന പരാതിയില്‍ സി.പി.എമ്മില്‍നിന്ന് നടപടിയുണ്ടായില്ലെങ്കില്‍ പെണ്‍കുട്ടി പരാതി പോലീസിന് കൈമാറുമെന്ന് സൂചന. പരാതിക്കാരിയായ പെണ്‍കുട്ടി സ്വയം രംഗത്തുവരുമെന്നും പരാതി മാധ്യമങ്ങള്‍ക്ക് കൈമാറുമെന്നും സൂചനയുണ്ട്. പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യാത്തതില്‍ പെണ്‍കുട്ടി നിരാശയിലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഷൊര്‍ണൂര്‍ എം.എല്‍.എയും പാലക്കാട് പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്ര് അംഗവുമായ പി.കെ.ശശിയെ സി.പി.എം അതിന്റെ ഏറ്രവും താഴത്തെ ഘടകമായ ബ്രാഞ്ചിലേക്ക് താഴ്ത്തിയേക്കുമെന്നാണ് ആദ്യം ലഭിച്ചിരുന്ന വിവരം. ഡി.വൈ.എഫ്.ഐ ജില്ലാ നേതാവായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മന്ത്രി എ.കെ.ബാലന്‍, പി.കെ.ശ്രീമതി എം.പി എന്നിവരടങ്ങിയ പാര്‍ട്ടി അന്വേഷണ കമ്മിഷനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി.ശശിക്കെതിരെയും എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന ഗോപികോട്ടമുറിക്കലിനെതിരെയും ശക്തമായ നടപടിയാണുണ്ടായത്. പി.ശശിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയപ്പോള്‍ ഗോപി കോട്ടമുറിക്കലിനെ ബ്രാഞ്ചിലേക്ക് തരം താഴ്ത്തി. ഗോപി പിന്നീട് സംസ്ഥാന കമ്മിറ്റിയില്‍ തിരിച്ചെത്തിയപ്പോള്‍ പി.ശശിക്ക് പാര്‍ട്ടി അംഗത്വം തിരികെ കിട്ടി.

എന്നാല്‍ പി.കെ.ശശി എം.എല്‍.എയാണെന്ന പ്രത്യേകത ഉണ്ട്. ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കാതിരിക്കാന്‍ ശശിയോട് എം.എല്‍.എ പദവി രാജിവയ്ക്കാനാവശ്യപ്പെടുകയില്ല എന്നാണ് സൂചന. എം.എല്‍.എ പദവിയില്‍ നിന്നും അദ്ദേഹത്തെ നിന്നൊഴിവാക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. പാര്‍ട്ടി ബ്രാഞ്ച് എന്നത് അംഗത്വം മാത്രമുള്ളവരടങ്ങിയ വേദിയാണ്. പാര്‍ട്ടി കമ്മിറ്റി തുടങ്ങുന്നത് ലോക്കല്‍ ഘടകത്തിലാണ്.

എന്നാല്‍ പരാതിയിലേക്ക് നയിച്ച സാഹചര്യങ്ങളും ശശി ഉന്നയിച്ച ഗൂഢാലോചനാ ആരോപണവും കണക്കിലെടുത്തുള്ള ഇടപെടലാണ് ഇപ്പോള്‍ നടന്നിരിക്കുന്ന്. ശശിക്കെതിരെ നടപടി ഉണ്ടായാല്‍ പാലക്കാട്ടെ പാര്‍ട്ടിക്കകത്ത് ഒരു വെട്ടിനിരത്തലിനുള്ള വഴിതെളിയും. ഗുരുതരമായ പരാമര്‍ശങ്ങള്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ഉണ്ടായാല്‍ പാലക്കാട്ടെ സി.പി.എമ്മില്‍ ശക്തമായ ചലനങ്ങളാകും ഉണ്ടാക്കുക. കാര്യമായ നപടപടികളില്ലാതെ പോവുകയാണെങ്കില്‍ ശനിയാഴ്ചയോടെ വിഷയം അപ്രധാനമാവുമെന്ന് സംശയമുണ്ട്. ഈ സാഹചര്യത്തിലാണ് പരാതി പോലീസിന് കൈമാറുമെന്ന സൂചന പുറത്തുവന്നിരിക്കുന്നത്.

Top