അയ്യായിരം രൂപ നിര്‍ബന്ധിച്ച് ഏല്‍പ്പിച്ച ശേഷം തുടര്‍ച്ചയായി ഓഫീസിലേക്ക് വിളിച്ച് വരുത്തി; പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: ലൈംഗിക ആരോപണ പരാതിയില്‍ പി.കെ.ശശി എം.എല്‍.എയെ വെള്ളപൂശി സിപിഎം അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. പാര്‍ട്ടിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. പരാതിക്കാരിയായ യുവതിക്ക് എതിരായ പരാമര്‍ശങ്ങളായിരുന്നു റിപ്പോര്‍ട്ടില്‍ കൂടുതല്‍ ഉള്ളത്. പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും വാത്സല്യം മാത്രമാണ് തോന്നിയതെന്നുമാണ് ശശി കമ്മീഷന് നല്‍കിയ വിശദീകരണം.

പാലക്കാടുള്ള ഡി.വൈ.എഫ്.ഐ വനിത നേതാവ് നല്‍കിയ പരാതി എ.കെ ബാലന്‍, പി.കെ ശ്രീമതി എന്നിവരങ്ങുന്ന കമ്മീഷനാണ് അന്വേഷിച്ചത്. നവംബര്‍ 26ന് ചേര്‍ന്ന സി.പി.എം സംസ്ഥാന കമ്മിറ്റി റിപ്പോര്‍ട്ട് പരിഗണിച്ച് ശശിയെ ആറുമാസത്തേക്ക് പാര്‍ട്ടില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. എന്നാല്‍ പരാതിക്കാരി ഉന്നയിച്ച ആക്ഷേപങ്ങള്‍ എല്ലാം പാര്‍ട്ടി കമ്മീഷന്‍ തള്ളിക്കളഞ്ഞെന്നാണ് റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്. മൂന്ന് കാര്യങ്ങളാണ് പരാതിയില്‍ പറഞ്ഞിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാര്‍ട്ടി ജില്ലാസമ്മേളന സമയത്ത് മണ്ണാര്‍ക്കാട് പാര്‍ട്ടി ഓഫീസിലേക്ക് തുടര്‍ച്ചയായി വിളിച്ച് വരുത്തി. 5,000 രൂപ നിര്‍ബന്ധിച്ച് ഏല്‍പ്പിച്ചു. എന്നതാണ് ആദ്യ കാര്യം. ഇതിന് പാര്‍ട്ടി കമ്മീഷന്‍ കണ്ടെത്തല്‍ ഇങ്ങനെ, സമ്മേളനത്തില്‍ വനിത വോളന്റിയര്‍ ചുമതല ഉണ്ടായിരുന്ന പെണ്‍കുട്ടിയെ തുടര്‍ച്ചയായി വിളിച്ച് വരുത്തിയതില്‍ തെറ്റില്ല.

പണം നല്‍കിയതിന്റെ തൊട്ടടുത്ത ദിവസം മണ്ണാര്‍ക്കാട് ഓഫീസില്‍ വിളിച്ച് വരുത്തി അപമര്യാദയായി പെരുമാറിയെന്നായിരുന്നു രണ്ടാമത്തെ ആരോപണം. എന്നാല്‍ ഈ വാദവും കമ്മീഷന്‍ തള്ളുന്നു, ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ധാരാളം ആളുകള്‍ ഉള്ളിടത്ത് തെറ്റായ സംഭവം നടന്നതിന് ദൃക്സാക്ഷികള്‍ ഇല്ലെന്ന് പറഞ്ഞാണ് ശശിക്ക് കമ്മീഷന്‍ ക്ലീന്‍ചിറ്റ് നല്‍കുന്നത്.

ശശി ഫോണില്‍ വിളിച്ച് അപമര്യാദയായി സംസാരിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ മൂന്നാമത്തെ പരാതി. തന്റെ ശ്രദ്ധയില്‍ വരുന്ന വിഷയങ്ങളോട് പെട്ടെന്ന് പ്രതികരിക്കുന്ന പെണ്‍കുട്ടി ശശിയില്‍ നിന്ന് മോശം പെരുമാറ്റമുണ്ടായിട്ട് അത് തന്റെ ഘടകത്തിലോ വനിത സഖാക്കളോടോ പറഞ്ഞില്ലെന്ന ന്യായമാണ് കമ്മീഷന്‍ ഇതിന് കണ്ടെത്തുന്നത്. സംഭവം ഉണ്ടായി എട്ട് മാസത്തിന് ശേഷമാണ് പരാതി നല്‍കിയതെന്ന കുറ്റപ്പെടുത്തലും കമ്മീഷന്‍ നടത്തിയിട്ടുണ്ട്.

തെളിവായി പെണ്‍കുട്ടി നല്‍കിയ ഫോണ്‍ സംഭാഷണത്തിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി ശശിക്കെതിരെ നടപടിയെടുത്തത്. മറ്റാരോടും തോന്നാത്ത ഒരിഷ്ടം തനിക്ക് തോന്നിയെന്നും, പരസ്പരം ബഹുമാനം ഉണ്ടാകുമ്പോള്‍ തൊട്ടാല്‍ തെറ്റില്ലെന്നും ശശി പറയുന്നതായി സംഭാഷണത്തിലുണ്ട്. പൊതുവെ എനര്‍ജറ്റിക്കായ കുട്ടികളോട് തോന്നുന്ന വാത്സല്യം മാത്രമാണ് പരാതിക്കാരിയോട് തനിക്ക് തോന്നിയതെന്ന വിശദീകരണമാണ് ശശി ഇക്കാര്യത്തില്‍ നല്‍കിയത്. എന്നാല്‍ ഈ വിശദീകരണം തൃപ്തികരമല്ലെന്നും സംഭാഷണത്തിലെ പ്രയോഗം പാര്‍ട്ടി നേതാവിന് യോജിക്കാത്തതാണെന്നും കമ്മീഷന്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ശശിക്കെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചത്.

Top