ദേവസ്വം ബോര്‍ഡില്‍ മുന്നാക്ക ജാതിയിലെ സാമ്പത്തിക പരാധീനത അനുഭവിക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള പിണറായി സര്‍ക്കാര്‍ തീരുമാനം വന്‍ വിവാദങ്ങളിലേയ്ക്ക്. ഭരണഘടനാപരമായി നിലനില്‍ക്കാത്ത ഒന്നാണ് സാമ്പത്തിക മാനദണ്ഡം ഉപയോഗിച്ച് നല്‍കുന്ന സംവരണമെന്ന് നിയമ വിദഗ്ധര്‍ പറയുന്നു. സംവരണം ദാരിദ്ര്യം പരിഹരിക്കാനുള്ളതല്ലെന്നും പ്രാതിനിധ്യം ഉറപ്പിക്കാന്‍ വേണ്ടി ഉള്ളതാണെന്നും വിലയിരുത്തുന്നു. വിവാദങ്ങള്‍ക്കിടയില്‍ ദേവസ്വം ബോര്‍ഡിലെ പ്രാതിനിധ്യത്തെ സംബന്ധിച്ച കണക്കുകള്‍ പുറത്ത് വന്നു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ജീവനക്കാരുടെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. കണക്കുകള്‍ പ്രകാരം ബോര്‍ഡ് ജീവനക്കാരില്‍ 95.91% പേരും നിലവില്‍ മുന്നാക്കക്കാരാണ്. ‘കേരളകൗമുദി’ ദിനപ്പത്രമാണ് കണക്കുകള്‍ പുറത്തുവിട്ടത്.
മൊത്തം 6120 ജീവനക്കാരാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലുള്ളത്. അതില്‍ 5870 പേരാണ് സവര്‍ണര്‍. കേരളത്തിലെ ജനസംഖ്യയില്‍ 12 ശതമാനം മാത്രം വരുന്ന നായര്‍ സമുദയാംഗങ്ങളുടെ മാത്രം പ്രാതിനിധ്യം 82.02 ശതമാനമാണ്, അതായത് 5020 പേര്‍.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ 13.88 ശതമാനവും ജനസംഖ്യയുടെ ഒരു ശതമാനം മാത്രം വരുന്ന ബ്രാഹ്മണരാണ്, 850 പേര്‍. ജനസംഖ്യയുടെ 22 ശതമാനം വരുന്ന, ഹിന്ദു മതത്തിലെ ഭൂരിപക്ഷ സമൂഹമായ ഈഴവരുടെ ബോര്‍ഡിലെ പ്രാതിനിധ്യം കേവലം 3.38 ശതമാനമാണ്. 6120 ജീവനക്കാരില്‍ 207 പേരാണ് ഈഴവരുള്ളത്.
അരശതമാനം പോലും ദലിതര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ജീവനക്കാരായി ഇല്ല എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 0.32 ശതമാനം പേര്‍ അഥവാ 6120ല്‍ കേവലം 20 പേരാണ് തിരുവിതാംകൂറിലെ ദലിത് ജീവനക്കാര്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സംവരണീയ സമുദായങ്ങളുടെ ആകെ പ്രാതിനിധ്യം 3.7 ശതമാനമാണ്. ദേവസ്വം ബോര്‍ഡ് ഈ അവസ്ഥ നിലനില്‍ക്കുന്ന ദേവസ്വം ബോര്‍ഡുകളിലാണ് ഭരണഘടനയെപ്പോലും അട്ടിമറിച്ച് സംസ്ഥാന സര്‍ക്കാര്‍ മുന്നോക്കക്കാര്‍ക്ക് സാമ്പത്തിക സംവരണം അനുവദിക്കുന്നത് എന്ന് വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.