പിണറായി വിജയന്റെ സാമ്പത്തിക സംവരണത്തിനെതിരെ നിലപാടെടുത്ത് വിടി വല്‍റാം; ദേവസ്വം ബോര്‍ഡിലെ മുന്നാക്ക സംവരണത്തിനെതിരെ സോഷ്യല്‍മീഡിയ

കോട്ടയം: സിപിഎമ്മിന്റെ പ്രഖ്യാപിത നയങ്ങളിലൊന്നാണ് സാമ്പ്തതിക സംവരണം നടപ്പിലാക്കുക എന്നത്. സംവരണം എന്ന ഭരണഘടനാ തത്വത്തിന്റെ അടിസ്ഥാന ശിലയെ തകര്‍ക്കുന്ന ഒരു നിലപാടാണിത്. ഇപ്പോള്‍ ദോവസ്വം ബോര്‍ഡില്‍ സാമ്പത്തിക മാനദണ്ഡം വച്ച് സംവരണം ഏര്‍പ്പെടുത്താനുള്ള മന്ത്രിസഭാ യോഗത്തിന്റെ തീരുമാനത്തെ വിമര്‍ശിച്ച് വി.ടി ബല്‍റാം എം.എല്‍.എ മുന്നോട്ട് വരുന്നു. ഈ സര്‍ക്കാര്‍ ഇന്നേവരെ എടുത്ത ഏറ്റവും തെറ്റായതും വഞ്ചനാപരവും അപകടകരവുമായ ഒരു തീരുമാനമാണിത്. യഥാര്‍ത്ഥത്തില്‍ പ്രതിഷേധത്തേക്കാള്‍ ദുഃഖവും നിരാശയുമാണ് തോന്നുന്നതെന്നും ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

പിണറായി വിജയനോ മന്ത്രിസഭാംഗങ്ങള്‍ക്കോ പോകട്ടെ, ‘ഇടതുപക്ഷ’ത്തിലെ പ്രധാനികളായ ഒരാള്‍ക്കു പോലും ഇതിന്റെ അപകടം മനസ്സിലാകുന്നില്ല എന്നതിലാണ് തന്റെ സങ്കടവും നിരാശയും. ഈ വിഷയത്തില്‍ താന്‍ നേരത്തെയിട്ട പോസ്റ്റില്‍ കമന്റിടുന്ന 99% സി.പി.എമ്മുകാരും തെളിവിളിക്കുകയോ പരിഹസിക്കുകയോ ഇനിനെ ന്യായീകരിക്കുകയോ ചെയ്യുകയാണ്. സി.പി.ഐയ്ക്കെങ്കിലും ഇതില്‍ വ്യത്യസ്ത അഭിപ്രായമുണ്ടോ എന്നറിയില്ല. വല്യേട്ടന്‍-ചെറിയേട്ടന്‍ മൂപ്പിളമത്തത്തേക്കാളും തോമസ് ചാണ്ടിയുടെ പേരു പറഞ്ഞുള്ള അധികാര വടംവലിയേക്കാളും നൂറിരട്ടി പ്രധാന്യം ഇക്കാര്യത്തിലുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സാമ്പത്തികം മാനദണ്ഡമാക്കി സംവരണം ഏര്‍പ്പെടുത്തുന്നതിനെതിരെ വിവിധ ദലിത് പിന്നാക്ക ന്യൂനപക്ഷ എഴുത്തുകാരും രംഗത്ത് വന്നിരുന്നു. സംവരണം സാമ്പത്തിക പരാധീനത പരിഹരിക്കാനുള്ള സംവിധാനമല്ലെന്നും വിവേചനം അനുഭവിക്കുന്ന ജനവിഭാഗങ്ങളെ ഉല്‍ച്ചേര്‍ക്കുവാനുള്ള ഭരണഘടനാ സംവിധാനമാണെന്നും വിലയിരുത്തപ്പെടുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന അന്നുതൊട്ട് ഒരു പ്രതിപക്ഷ എംഎല്‍എ എന്ന നിലയിലുള്ള ഉത്തരവാദിത്ത നിര്‍വ്വഹണത്തിന്റെ ഭാഗമായി സര്‍ക്കാരിന്റെ ചെറുതും വലുതുമായ മിക്കവാറുമെല്ലാ വീഴ്ചകളും പോരായ്മകളും ചൂണ്ടിക്കാട്ടാനും ‘ഓഡിറ്റ്’ ചെയ്യാനും നിയമസഭക്കകത്തും ഫേസ്ബുക്ക് അടക്കമുള്ള മാധ്യമങ്ങളിലൂടെയും ശ്രമിച്ചുപോരാറുണ്ട്. അത്തരത്തിലുള്ള പല വിമര്‍ശനങ്ങളും രാഷ്ട്രീയവിരോധം വച്ചുള്ള ഊതിപ്പെരുപ്പിക്കലുകളാണെന്നും പിണറായിയേയും സിപിഎമ്മിനേയുമൊന്നും വിമര്‍ശിക്കാന്‍ എന്നേപ്പോലുള്ളവര്‍ക്ക് അര്‍ഹതയില്ലെന്നും മറ്റുമുള്ള ആക്ഷേപം തുടക്കം തൊട്ടുതന്നെ തിരിച്ച് ഇങ്ങോട്ടും കേള്‍ക്കേണ്ടിവന്നിട്ടുണ്ട്. ‘ഓഡിറ്റര്‍’ എന്ന പരിഹാസപ്പേര് സൈബര്‍ സഖാക്കള്‍ വക എനിക്ക് വീണിട്ടുണ്ട്. അതിനുപുറമേ പലപ്പോഴും ട്രോളുകളും കേട്ടാലറക്കുന്ന തെറിയഭിഷേകങ്ങളും ഭീഷണികളും ഉണ്ടായിട്ടുണ്ട്. അതൊക്കെ അതുപോലെത്തന്നെ ഇനിയും തുടര്‍ന്നോട്ടെ, വിരോധമില്ല.

എന്നാല്‍ ഇനി ഈ പറയുന്നതാണ് പിണറായി സര്‍ക്കാരിനെതിരെയുള്ള എന്റെ ഏറ്റവും വലിയ വിമര്‍ശനം. അത് സാമ്പത്തിക മാനദണ്ഡം വെച്ച് സംവരണം ഏര്‍പ്പെടുത്തിയത് ഈ സര്‍ക്കാര്‍ ഇന്നേവരെ എടുത്ത ഏറ്റവും തെറ്റായ, ഏറ്റവും വഞ്ചനാപരമായ, ഏറ്റവും അപകടകരമായ ഒരു തീരുമാനമാണ് എന്നതാണ്. യഥാര്‍ത്ഥത്തില്‍ പ്രതിഷേധത്തേക്കാള്‍ ദുഖവും നിരാശയുമാണ് തോന്നുന്നത്.

ഈ നാട്ടിലെ അധസ്ഥിത ജനവിഭാഗങ്ങളുടെ എത്രയോ പതിറ്റാണ്ടുകളുടെ സഹനങ്ങളും പോരാട്ടങ്ങളുമാണ് ഈ ഒരൊറ്റ തീരുമാനത്തിലൂടെ പിണറായി വിജയനും സിപിഎമ്മും റദ്ദ് ചെയ്തിരിക്കുന്നത്. സംവരണത്തിന് ജാതിക്ക് പകരം സാമ്പത്തിക മാനദണ്ഡം അംഗീകരിക്കപ്പെടുന്നത് ഒരു വലിയ വ്യതിയാനമാണ്. പിന്നാക്കവിഭാഗക്കാരുടെ അവകാശങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടാണിതെന്ന് പ്രത്യക്ഷത്തില്‍ തോന്നിയേക്കാമെങ്കിലും ഇതിന്റെ പ്രത്യാഘാതം ദൂരവ്യാപകവും വിനാശകരവുമായിരിക്കും. കുടത്തില്‍ നിന്ന് ഭൂതത്തെ തുറന്നുവിട്ടുകഴിഞ്ഞു, ഇനി കണ്ണടച്ചുതുറക്കുന്നതിന് മുന്‍പ് ജാതിസംവരണം എന്ന ഭരണഘടനാദത്ത അവകാശം ഇല്ലാതാകുന്നതിന് നാം സാക്ഷ്യം വഹിക്കേണ്ടിവരും. ഉറപ്പ്.

പിണറായി വിജയനോ മന്ത്രിസഭാംഗങ്ങള്‍ക്കോ പോകട്ടെ, ‘ഇടതുപക്ഷ’ത്തിലെ പ്രധാനികളായ ഒരാള്‍ക്ക് പോലും ഇതിന്റെ അപകടം മനസ്സിലാവുന്നില്ല എന്നതിലാണ് എന്റെ സങ്കടവും നിരാശയും. ഈ വിഷയത്തില്‍ ഞാന്‍ നേരത്തേയിട്ട പോസ്റ്റില്‍ കമന്റിടുന്ന 99 ശതമാനം സിപിഎമ്മുകാരും തെറിവിളിക്കുകയോ പരിഹസിക്കുകയോ ഇതിനെ ന്യായീകരിക്കുകയോ ചെയ്യുകയാണ്. ഈ സര്‍ക്കാരിന്റെ ഏറ്റവും വിപ്ലവകരമായ തീരുമാനമായാണ് കൈരളിയും ദേശാഭിമാനിയും സൈബര്‍ സഖാക്കളും ഇതിനെ കൊണ്ടാടുന്നത്. ആരും കാര്യമായി വായിച്ചിരിക്കാന്‍ ഇടയില്ലാത്ത പ്രകടനപത്രികയിലെ ഏതോ മൂലയില്‍ ഇതിനേക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്നത് ഒരു ഒഴിവുകഴിവുപോലും അല്ല. സിപിഐക്കാര്‍ക്കെങ്കിലും ഇതില്‍ വ്യത്യസ്ത അഭിപ്രായമുണ്ടോ എന്നുമറിയില്ല. വല്ല്യേട്ടന്‍-ചെറ്യേട്ടന്‍ മൂപ്പിളമത്തര്‍ക്കത്തേക്കാളും തോമസ് ചാണ്ടിയുടെ പേരുപറഞ്ഞുള്ള അധികാര വടംവലികളേക്കാളും നൂറിരട്ടി പ്രാധാന്യം ഇക്കാര്യത്തിനുണ്ട്.

എല്ലായിടത്തും സാമ്പത്തിക സംവരണം കൊണ്ടുവരാന്‍ തല്‍ക്കാലം ഭരണഘടന അനുവദിക്കാത്തത് കൊണ്ടാണത്രേ ദേവസ്വം ബോര്‍ഡുകളില്‍ മാത്രമായി ഇപ്പോഴിത് നടപ്പിലാക്കുന്നത്! ബാക്കിയുള്ളിടത്തേക്ക് ഇത് വ്യാപിപ്പിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുക കൂടി ചെയ്യുമത്രേ എത്ര നിര്‍ലജ്ജമായ നിലപാടാണിതെന്ന് ഇവര്‍ക്കാര്‍ക്കും തിരിച്ചറിയാന്‍ കഴിയുന്നില്ലേ? നാളെകളില്‍ ജാതിസംവരണത്തിന് പകരം സാമ്പത്തിക സംവരണത്തിനായി സംഘികള്‍ ഭരണഘടന പൊളിച്ചെഴുതാന്‍ നോക്കുമ്പോള്‍ അവര്‍ക്ക് ഇന്നേ പിന്തുണ പ്രഖ്യാപിക്കുകയാണ് ഫാഷിസ്റ്റ് വിരുദ്ധതയുടെ ഹോള്‍സെയില്‍ ഡീലര്‍മാരായ പിണറായി വിജയനും സിപിഎമ്മും.

ഏതായാലും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ജാതി സംവരണ വിരുദ്ധരായ സംഘികള്‍ ഭരിക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍പ്പോലും അവര്‍ക്ക് ഇന്നേവരെ നടപ്പാക്കാന്‍ ധൈര്യം വരാത്ത ഒന്നാണ് സാമ്പത്തിക സംവരണം. അതാണ് പിണറായി വിജയന്റെ നേതൃത്ത്വത്തിലുള്ള ഒരു ‘ഇടതുപക്ഷ’സര്‍ക്കാര്‍ ഇപ്പോള്‍ ഈ ‘പ്രബുദ്ധകേരള’ത്തില്‍ കാര്യമായ ഒരെതിര്‍പ്പുപോലുമുയരാതെ അനായാസമായി നടപ്പാക്കിയിരിക്കുന്നത്. സത്യത്തില്‍ പുച്ഛം തോന്നുന്നത് ഈ നമ്പര്‍ വണ്‍ കേരളത്തോടും അതിന്റെ കൊട്ടിഘോഷിക്കപ്പെടുന്ന പ്രബുദ്ധതാനാട്യങ്ങളോടും തന്നെയാണ്.

Top