സജീഷന്‍ കഞ്ഞിക്കുഴിമാരുടെ ഉഡായിപ്പ് അടപടലം പൊളിഞ്ഞു പോയില്ലായിരുന്നെങ്കില്‍… സൈബർ സഖാക്കന്മാരെ വലിച്ച് കീറി വി ടി ബല്‍റാം

ഡി വൈ എഫ് ഐ സംസ്ഥാന ട്രഷറര്‍ എസ്.കെ സജീഷിനേയും സൈബര്‍ സഖാക്കളേയും കളിയാക്കി മുന്‍ എം എല്‍ എ വി ടി ബല്‍റാം രംഗത്ത്. കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്ന സജീഷ് ട്രോളുകൾ മുൻനിർത്തിയാണ് ബല്‍റാമിന്റെ കളിയാക്കൽ.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് വന്ന സോഫ്റ്റ് സ്റ്റോറിയുടെ പേരില്‍ കായംകുളത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന അരിത ബാബുവിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് വി ടി ബല്‍റാമിന്റെ പ്രതികരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൈക്കും കുത്തി ചാനല്‍ കാമറക്ക് വേണ്ടി പാടത്ത് കൊയ്യാനിറങ്ങിയ സജീഷന്‍ കഞ്ഞിക്കുഴിമാരുടെ ഉഡായിപ്പ് അടപടലം പൊളിഞ്ഞു പോയില്ലായിരുന്നെങ്കില്‍ സി പി ഐ എം പി ആര്‍ പുലികള്‍ ഇതിനോടകം എന്തൊക്കെ എഴുതിപ്പൊലിപ്പിച്ചേനെയെന്ന് ബല്‍റാം ചോദിച്ചു.

ആര്‍ദ്രതയുള്ള മനസ്സ്, നിഷ്‌ക്കളങ്കമായ പെരുമാറ്റം, സഹ സഖാക്കള്‍ക്കൊപ്പമുള്ള കഠിനാധ്വാനം, യുവത്വത്തിന്റെ സാമൂഹിക പ്രതിബദ്ധത, കോവിഡ് കാലത്തെ സര്‍ഗാത്മകത, മണ്ണും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തേക്കുറിച്ച് മാര്‍ക്സിന്റെ കാഴ്ചപ്പാട്, സോവിയറ്റ് കാലത്തെ കാര്‍ഷിക അഭിവൃദ്ധിയില്‍ ലെനിന്റെ പങ്ക്, ക്യൂബന്‍ വിപ്ലവത്തിനിടയില്‍ കൃഷിപ്പണിക്ക് സമയം കണ്ടെത്തിയ കാസ്ട്രോ, ചെഗുവേര എന്നിങ്ങനെയായിരുന്നു ബല്‍റാമിന്റെ പരിഹാസം.

എന്നിട്ടാണ് എട്ട് പത്ത് മാസം മുമ്പ് ടെലികാസ്റ്റ് ചെയ്ത ഒരു തെരഞ്ഞെടുപ്പ് സോഫ്റ്റ് സ്റ്റോറിയുടെ പേരില്‍ പ്രതികൂല സാമൂഹിക സാഹചര്യങ്ങളോട് പടവെട്ടുന്ന ഒരു യുവ പൊതുപ്രവര്‍ത്തകയ്ക്കും മാധ്യമപ്രവര്‍ത്തകയ്ക്കും നേരെ സി പി ഐ എം ഓണ്‍ലൈന്‍ ഗുണ്ടകള്‍ നീചമായ സൈബര്‍ അറ്റാക്ക് നടത്തുന്നതെന്നും ബല്‍റാം പറഞ്ഞു.

ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ പാടം കൊയ്യുന്നതിന്റേയും അവര്‍ക്കൊപ്പം സജീഷ് നെല്ല് കൊയ്യുന്നതിന്റെയും വീഡിയോ സോഫ്റ്റ് സ്റ്റോറി വലിയ ട്രോളുകള്‍ക്ക് കാരണമായിരുന്നു.

മാധ്യമപ്രവര്‍ത്തകന്‍ കൊയ്ത്ത് നടക്കുന്ന ഒരു പാടത്ത് ചെല്ലുമ്പോള്‍ ഡി വൈ എഫ് ഐക്കാരാണ് നെല്ല് കൊയ്യുന്നതെന്ന് കൂടെയുള്ള വ്യക്തി പറയുകയായിരുന്നു.

അപ്പോള്‍ അവതാരകന്‍ ഇത് സജീഷല്ലേ നിങ്ങള്‍ ടി.വിയില്‍ നിന്ന് ഇറങ്ങിയോ’ എന്ന് ചോദിക്കുമ്പോള്‍ ഷര്‍ട്ടില്‍ ടി.വി അഭിമുഖത്തിന് ഉപയോഗിക്കുന്ന മൈക്കുമായാണ് സജീഷ് കുനിഞ്ഞുനിന്നിരുന്നത്. ഇതാണ് ട്രോളുകള്‍ക്ക് കാരണമായി തീർന്നത്.

സംഭവത്തിൽ പ്രതികരണവുമായി സജീഷ് തന്നെ രംഗത്തെത്തിയിരുന്നു. പരിപാടി ഡി വൈ എഫ് ഐ ചെയ്യിച്ചതല്ലെന്നും വാര്‍ത്താധിഷ്ഠിത പരിപാടിക്ക് വേണ്ടി അവതാരകന്‍ അങ്ങനെ ചെയ്തതാണെന്നുമായിരുന്നു സജീഷിന്റെ മറുപടി.

വാര്‍ത്താധിഷ്ഠിത പരിപാടിയായതുകൊണ്ട് റിപ്പോര്‍ട്ടര്‍ അവരുടേതായ രീതിയില്‍ അത് ചെയ്യുകയായിരുന്നു. ചോദ്യങ്ങള്‍ റിപ്പോര്‍ട്ടര്‍മാരാണ് ചോദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ , തനിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അരിത ബാബു കത്തെഴുതിയിട്ടുണ്ട്. നേരത്തെ തയാറാക്കിയ സ്റ്റോറിയുടെ പേരിൽ ഇപ്പോഴും പരിഹാസം തുടരുകയാണ്.

‘പാല്‍ക്കാരീ’ ‘കറവക്കാരീ’ എന്നുമൊക്കെയുള്ള വിളികള്‍ അതിന്റെ നേരിട്ടുള്ള അര്‍ത്ഥത്തില്‍ ആണെങ്കില്‍ സന്തോഷത്തോടെ കേള്‍ക്കാവുന്ന രാഷ്ട്രീയ ബോധ്യം തനിക്കുണ്ടെന്ന് അരിത പറയുന്നു.

എന്നാല്‍ നിനക്കെങ്ങനെ ഉറങ്ങാന്‍ കഴിയുന്നു മുത്തേ, കറവ വറ്റിയോ ചാച്ചീ, നമുക്ക് അല്‍പ്പം പാല്‍ കറന്നാലോ ഈ രാത്രിയില്‍? എന്നൊക്കെ ചോദിക്കുന്നവര്‍ അങ്ങയുടെ ചിത്രങ്ങളാണ് സഖാവേ കവര്‍ ചിത്രമായി കൊടുക്കുന്നതെന്നാണ് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ അരിത ബാബു പറയുന്നത്.

ഇതിന് പിന്നാലെയാണ് അരിതയ്ക്ക് പിന്തുണയുമായി വി ടി ബല്‍റാം രംഗത്തെത്തിയത്.

Top