ചുംബനസമരക്കാരെ പിന്തുണച്ച ഡിവൈഎഫ്‌ഐ മാപ്പു പറയണം: യുവമോര്‍ച്ച

കോഴിക്കോട്: തെരുവ് ചുംബനത്തിന് നേതൃത്വം നല്‍കിയ രാഹുല്‍ പശുപാലനും ഭാര്യയും അടങ്ങുന്ന സംഘം ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ അറസ്റ്റിലായ സാഹചര്യത്തില്‍ ഡിവൈഎഫ്‌ഐ നേതാക്കള്‍ കേരള സമൂഹത്തോട് മാപ്പു പറയണമെന്ന് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. കെ.പി. പ്രകാശ് ബാബു ആവശ്യപ്പെട്ടു. കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പെണ്‍കുട്ടികളെ വലവീശിപ്പിടിക്കുന്നതിനുള്ള ആസൂത്രിത നീക്കമാണ് തെരുവ് ചുംബനത്തിന് പിന്നിലെന്ന് യുവമോര്‍ച്ച നേരത്തെ പറഞ്ഞത് ശരിയായിരിക്കുകയാണ്. കേരളത്തിലാകമാനം നടത്തിയ ചുംബന ആഭാസത്തിന് ഇവര്‍ നേതൃത്വം നല്‍കിയപ്പോള്‍ പിന്തുണ നല്‍കിയവരാണ് ഡിവൈഎഫ്‌ഐക്കാരും ഒരു വിഭാഗം സാംസ്‌കാരിക നായകരും. ചുംബന ആഭാസം നടത്തുന്നവരുടെ ലക്ഷ്യം സ്ത്രീശാക്തീകരണമോ ലിംഗസമത്വം നടപ്പാക്കലോ അല്ലെന്ന് ചൂണ്ടിക്കാട്ടിയ യുവമോര്‍ച്ചക്കാര്‍ക്ക് കൂച്ചുവിലങ്ങിടാനാണ് പലരും ശ്രമിച്ചത്. അറസ്റ്റ് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ഇവര്‍ക്ക് പരസ്യമായി പിന്തുണ നല്‍കിയ സിപിഎം നേതാവ് എം.എ. ബേബിയും ഡിവൈഎഫ്‌ഐ നേതാവ് ചിന്ത ജെറോമു മടക്കമുള്ളവര്‍ നിലപാട് വ്യക്തമാക്കണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എം.ബി. രാജേഷ് എംപിയും വി.ടി. ബലറാം എംഎല്‍എയും പൊതുസമൂഹത്തോട് മാപ്പു പറയണം.ഓണ്‍ലൈന്‍ പെണ്‍വാണിഭക്കാരും ഡിവൈഎഫ്‌ഐ നേതാക്കളും തമ്മിലുള്ള ബന്ധവും അന്വേഷിക്കണം. ഓണ്‍ലൈന്‍ പെണ്‍വാണിഭത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണം. ഫെയ്‌സ്ബുക്ക് വഴി നിരവധി പെണ്‍കുട്ടികളുടെ വിവരങ്ങളും ഇ മെയില്‍ അഡ്രസ്സും ഫോണ്‍ നമ്പറുകളും രാഹുല്‍ പശുപാലനും സംഘവും സംഘടിപ്പിച്ചതായാണ് വിവരം.

ഇവരുടെ ഫെയ്‌സ്ബുക്ക് പേജില്‍ അംഗങ്ങള്‍ ആക്കുന്നതിനുള്ള റിക്രൂട്ടിംഗ് ഏജന്‍സിയായി ഡിവൈഎഫ്‌ഐ ഇനി മാറിയിട്ടുണ്ടോയെന്നകാര്യം വിശദമായി അന്വേഷിക്കണം. പെണ്‍വാണിഭ സംരക്ഷണയാത്രയാണ് ഡിവൈഎഫ്‌ഐ നടത്തേണ്ടതെന്നും പ്രകാശ് ബാബു പറഞ്ഞു. യുവമോര്‍ച്ച കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ. പ്രേംജിത്തും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Top