കണ്ണൂര്‍: ഇപ്പോള്‍ ശബരിമലയില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ ഏറെ സന്തോഷം നല്‍കുന്നതാണെന്ന് മാലയിട്ട് വ്രതംമ നോല്‍ക്കുന്ന രേഷ്മ നിശാന്ത്. വ്രതം നോക്കാന്‍ തുടങ്ങിയിട്ട് 92 ദിവസം പിന്നിടുന്നു, ഏറെക്കുറേ സമാധാന അന്തരീക്ഷത്തില്‍തന്നെ മലകയറാനാവുമെന്നാണ് പ്രതീക്ഷയെന്നും കണ്ണപുരം ഐയ്യോത്ത് സ്വദേശിനി 33കാരിയായ രേഷ്മ നിഷാന്ത് വ്യക്തമാക്കി. സുപ്രീംകോടതി വിധി വന്നശേഷം രേഷ്മ നിഷാന്താണ് ശബരിമലയില്‍ പോകാന്‍ തയ്യാറെടുക്കുന്നതായി ആദ്യം പുറംലോകത്തെ അറിയിച്ച യുവതി.
കഴിഞ്ഞ ദിവസം യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചു എന്ന വാര്‍ത്ത പുറത്തുവന്നതോടെ രേഷ്മയ്ക്ക് സന്തോഷമാണ്. ഈ മകരവിളക്കിന് മുമ്പുതന്നെ ശബരിമലയില്‍ എത്താനാകുമെന്ന പ്രതീക്ഷയും അവര്‍ പങ്കുവയ്ക്കുന്നു. 41 ദിവസം വ്രതം അനുഷ്ഠിച്ച്, മത്സ്യ മാംസാദികള്‍ വെടിഞ്ഞ്, ഭര്‍തൃസാമീപ്യത്തില്‍ നിന്നകന്ന് നിന്ന്, അയ്യപ്പനെ ധ്യാനിച്ച് ശബരിമലയിലേക്ക് യാത്ര തിരിക്കുമെന്നാണ് നേരത്തെ രേഷ്മ ഫേസ്ബുക്കില്‍ കുറിച്ചത്. ഇത് വലിയ വിവാദത്തിന് വഴിവച്ചിരുന്നു. വീടിന് മുന്നില്‍ പ്രതിഷേധവുമായി ആളുകളെത്തിയെങ്കിലും തന്റെ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് രേഷ്മ വ്യക്തമാക്കിയിരുന്നു.
മുഖ്യമന്ത്രിയോടും ഡി.ജി.പിയോടും ശബരിമല ദര്‍ശനത്തിനുള്ള സൗകര്യമൊരുക്കണമെന്ന് രേഷ്മ ഉള്‍പ്പെടെയുള്ളവര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഒരുദിവസം ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പ്രകാരം സൗകര്യമൊരുക്കാമെന്ന് മറുപടിയും ലഭിച്ചെങ്കിലും ശക്തമായ പ്രതിഷേധാന്തരീക്ഷം കാരണം യാത്ര മാറ്റിവയ്ക്കുകയായിരുന്നു. പിന്നീടാണ് തങ്ങളുടെ ആവശ്യം പൊതുജനങ്ങള്‍ക്ക് മുന്നില്‍ വച്ചത്.