തിരുവനന്തപുരം: മാതൃഭൂമിയില്‍ കൂട്ടരാജി. കഴിഞ്ഞയാഴ്ച്ചയാണ് ലീഡര്‍ റൈറ്ററും എഡിറ്ററുമായ പി.കെ രാജശേഖരന്‍ രാജിവെച്ചത്. ഇന്ന് മാതൃഭൂമി ആഴ്ച്ചപ്പതിപ്പിന്റെ മുന്‍ തലവനായ കമല്‍റാം സജീവും ആഴ്ച്ചപ്പതിപ്പിലെ മനില സി മോഹനും രാജിവെച്ചു. ഇത് സംബന്ധിച്ച് കമല്‍റാം സജീവ് ട്വീറ്റ് ചെയ്തിട്ടുമുണ്ട്. മാതൃഭൂമിയിലെ കൂട്ടരാജി സ്ഥാപനം സംഘപരിവാറിന്റെ ആശയങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതും അങ്ങോട്ടേക്ക് ചായുന്നതുമാണെന്നാണ് സൂചനകള്‍.
മീശ നോവല്‍ പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്ന് സംഘപരിവാര്‍ കടുത്ത ആക്രമണമാണ് അഴിച്ചുവിട്ടത്. ഇതിനെത്തുടര്‍ന്ന് മാനേജ്‌മെന്റ് നോവല്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന് ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. മീശ നോവലിനെ പിന്തുണച്ച് എഡിറ്റോറിയല്‍ എഴുതിയ എഡിറ്ററാണ് പി.കെ രാജശേഖരന്‍. കമല്‍റാം സജീവ് രാജി അറിയിച്ച് ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്: പതിനഞ്ച് വര്‍ഷക്കാലം മാതൃഭൂമി ആഴ്ച്ചപ്പതിപ്പുമായി എനിക്കുണ്ടായിരുന്ന സൃഷ്ടിപരവും സജീവവുമായ എന്റെ മാധ്യമപ്രവര്‍ത്തനം ഇവിടെ അവസാനിക്കുന്നു. മതേതര ഇന്ത്യ നീണാള്‍ വാഴട്ടെ എന്ന് പറഞ്ഞാണ് ട്വീറ്റ് അവസാനിക്കുന്നത്. കമല്‍ റാം സജീവിന്റെ രാജിക്ക് പിന്നില്‍ മാതൃഭൂമി സ്വീകരിച്ച നിലപാടുകകളും സംഘപരിവാര്‍ രാഷ്ട്രീയവുമാണെന്ന് ഈ ട്വീറ്റ് സൂചിപ്പിക്കുന്നു.
ഇവരുടെ രാജിയെക്കുറിച്ച് നോവലിസ്റ്റായ എസ്. ഹരീഷ് പ്രതികരണമറിയിച്ചിട്ടുണ്ട്. താനിനി മാതൃഭൂമിക്ക് കഥകളയച്ച് നല്‍കില്ലെന്നും ഹരീഷ് പോസ്റ്റില്‍ പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം:
കമല്‍റാം സജീവും മനിലയും മാതൃഭൂമി വിടുന്നതിന് മീശ പ്രസിദ്ധീകരിച്ചതും ഒരു കാരണമാണ്. വെറും മൂന്നദ്ധ്യായം പ്രസിദ്ധീകരിച്ചതിന് ഇങ്ങനെയായ സ്ഥിതിക്ക് നോവല്‍ പിന്‍വലിക്കരുതായിരുന്നു എന്ന് പറയുന്നവര്‍ക്ക് കാരണം മനസിലായിക്കാണുമല്ലോ. എന്നെപ്പോലൊരാളുടെ എഴുത്തുകള്‍ പ്രസിദ്ധീകരിച്ചില്ലെങ്കില്‍ മാതൃഭൂമിക്ക് ഒന്നും സംഭവിക്കാനില്ല. പ്രസിദ്ധീകരിച്ചാല്‍ നഷ്ടങ്ങളുണ്ട് താനും. അതുകൊണ്ട് ഇനിയുള്ള കാലത്ത് കഥകളയച്ചുകൊടുത്ത് അവരെ ബുദ്ധിമുട്ടിക്കേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ്.