ഏഷ്യാനെറ്റില്‍ നിന്ന് മീടൂ വന്നത് വിനു വി ജോണ്‍ അറിഞ്ഞില്ലേ? മാധ്യമപ്രവര്‍ത്തകന് എതിരായി വന്ന മീ ടൂ ചര്‍ച്ചയ്‌ക്കെടുക്കാതെ വേണുവും…

തിരുവനന്തപുരം: രാജ്യത്ത് പല മേഖലയില്‍ നിന്നും മീ ടൂ ആരോപണങ്ങള്‍ ഉയര്‍ന്നുവരികയാണ്. കേരളത്തിലും ഈ ക്യംപെയ്ന്‍ എത്തിയിട്ട് കുറച്ച് നാളായി. സിനിമാ നടനായ അലന്‍സിയറിനെതിരെ ആരോപണവുമായി കൂടെ അഭിനയിച്ച നടി ദിവ്യ ഗോപിനാഥും നടനും എംഎല്‍എയുമായ മുകേഷിനെതിരെ ആരോപണവുമായി മുംബൈയിലെ കാസ്റ്റിംഗ് ഡയറക്ടര്‍ ടെസ് ജോസഫും രംഗത്തെത്തിയിരുന്നു. ഇതെല്ലാം കഴിഞ്ഞ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ സി. ഗൗരിദാസന്‍ നായര്‍ക്കെതിരെയും ഇപ്പോള്‍ ഏഷ്യാനെറ്റിന്റെ ചീഫ് പ്രൊഡ്യൂസര്‍ എംആര്‍ രാജനെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇതൊന്നും വാര്‍ത്തയായതുമില്ല, ഇതിനെക്കുറിച്ച് മാധ്യമസിംഹങ്ങളാരും സംസാരിച്ചതുമില്ല.
ദി ഹിന്ദു ദിനപത്രത്തിന്റെ കേരള റസിഡന്റ് എഡിറ്ററായ ഗൗരിദാസന്‍ നായര്‍ക്കെതിരെ തുടരെ തുടരെ ആരോപണങ്ങള്‍ വന്നിട്ടും മലയാളത്തിലെ മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ചു. ആരോപണങ്ങളെ തുടര്‍ന്ന് അദ്ദേഹം രാജിവെച്ചൊഴിയുകയും ചെയ്തു. നാല് ദിവസങ്ങള്‍ക്ക് മുമ്പാണ് ഏഷ്യാനെറ്റ് സീനിയര്‍ ന്യൂസ് എഡിറ്റര്‍ വിനു വിജോണ്‍ ഈ വിഷയത്തില്‍ പ്രതികരിച്ചത്.

ഇതിന് പിറകെയാണ് ഏഷ്യാനെറ്റില്‍ പ്രൊഡക്ഷന്‍ അസിസ്റ്റന്റായിരുന്ന നിഷാ ബാബു ചീഫ് പ്രൊഡ്യൂസറായ എംആര്‍ രാജന്‍, മാര്‍ക്കറ്റിങ് സെക്ഷനില്‍ ജോലി ചെയ്തിരുന്ന ദിലീപ് വി, എഞ്ചിനിയറായിരുന്ന പത്മകുമാര്‍ എന്നിവര്‍ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ഇതിനെതിരെ പ്രതികരിക്കാനോ അത് ചര്‍ച്ച ചെയ്യാനോ വിനു വി ജോണ്‍ തയ്യാറാകാത്തത് എന്തുകൊണ്ടാണ്? സാമൂഹ്യമാധ്യമങ്ങളിലും ഇന്ന് ഏറ്റവും കൂടുതല്‍ ഉയരുന്ന ചോദ്യവുമിതാണ്.
ഒരു വര്‍ഷത്തിന് മുമ്പ് മാതൃഭൂമിയിലെ സീനിയര്‍ ന്യൂസ് എഡിറ്ററിനെതിരെ അവിടുത്തെ തന്നെ ജീവനക്കാരി പീഡനാരോപണമുന്നയിച്ചപ്പോള്‍ ആ ദിവസം മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ വേണു ബാലകൃഷ്ണന്‍ അത് ചര്‍ച്ചയ്‌ക്കെടുത്തിരുന്നു. ഇന്ന് മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് വീണ്ടും ലൈംഗികപീഡനാരോപണങ്ങള്‍ ഉയരുമ്പോള്‍ വേണു മൗനം പാലിക്കുന്നതെന്തുകൊണ്ടാണ്? അന്ന് കാണിച്ച ആര്‍ജവം ഇത്രയേറെ തുറന്നു പറച്ചിലുകള്‍ വരുമ്പോള്‍ കാണാത്തതെന്തെ്?

സ്വന്തം മേഖലയില്‍ നിന്ന് ഇത്തരത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ വന്നിട്ടും ഇവര്‍ മൗനം പാലിക്കുകയാണ്. മാധ്യമപ്രവര്‍ത്തനം ചിലര്‍ക്കെതിരെ മാത്രമുള്ള ആയുധം മാത്രമല്ല, കടമയാണെന്നും ഓര്‍ക്കേണ്ടതില്ലേ?

Top