ദുരന്തഭൂമിയിൽ വട്ടം ഇട്ട് പറക്കുന്ന ശവംതീനി കഴുകന്മാർ; വിനു വി ജോണിന്റേയും വേണു ബാലകൃഷ്ണന്റേയും ഫോട്ടുകൾ സഹിതം എറണാകുളത്തെ തെരുവുകളിൽ ഫ്‌ളെക്‌സ് ബോർഡുകൾ.യാഥാർത്ഥ്യങ്ങളെ മറച്ചു വച്ചുകൊണ്ട് ജനങ്ങളെ കബളിപ്പിക്കുന്ന ഈ കപടമാധ്യമ ധർമ്മക്കാരെ നമുക്ക് വേണോ?

കൊച്ചി: ദുരന്തഭൂമിയിൽ വട്ടം ഇട്ട് പറക്കുന്ന ശവംതീനി കഴുകന്മാർ..വിനു വി ജോണിന്റേയും വേണു ബാലകൃഷ്ണന്റേയും ഫോട്ടുകൾ സഹിതം എറണാകുളത്തെ തെരുവുകളിൽ ഫ്‌ളെക്‌സ് ബോർഡുകൾ ഇറങ്ങി.കഴിഞ്ഞദിവസം മാതൃഭൂമി ചാനലിലെ അവതാരകൻ വേണു മുഖ്യമന്ത്രി പിണറായി വിജയനെ വേട്ടയാടുന്നുവെന്ന് പ്രമുഖ ടിവി നിരൂപക ഉഷാ എസ്.നായർ രംഗത്ത് വന്നിരുന്നു . കലാകൗമുദി വാരികയുടെ കഴിഞ്ഞ ലക്കത്തിലാണ് ഓഖി ചുഴലിക്കാറ്റ് പ്രവചിക്കുന്നതും ദുരിതാശ്വാസം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് വേണുവിനെതിരെ ആഞ്ഞടിക്കുന്നത്. വേണു കലാപാഹ്വാനം നടത്തുകയാണ് എന്ന് കുറ്റപ്പെടുത്തുന്ന ഉഷാ എസ്.നായർ ഓഖി വന്നപ്പോൾ വേണു വീണവായിക്കുകയാണ് എന്ന് ആരോപിക്കുന്നു. ഇതിപ്പോൾ മാധ്യമ വ്യഭിചാരത്തെക്കുറിച്ചു പൊതുജനങ്ങൾ കൂടുതൽ ഉല്ബുദ്ധരാവട്ടെ. ഈ ഫ്‌ളക്‌സ് വച്ചിരിക്കുന്നത് എറണാകുളം മാർക്കറ്റിലെ ചന്തക്കടവ് പാലത്തിനടുത്താണ്- ഈ കുറിപ്പും ഇതിനൊപ്പമുള്ള ഫോട്ടോയും വൈറലാവുകയാണ്.

ചാ നൽ ചർച്ചകളിൽ രാഷ്ട്രീയക്കാതെ കടന്നാക്രമിക്കുന്ന മാതൃഭൂമിയിലെ വേണു ബാലകൃഷ്ണനും ഏഷ്യാനെറ്റിലെ വിനു വി ജോണിനും എതിരെയാണ് ഫ്‌ളെക്‌സ്. മനോരമയുടെ വീണയുടെ ചിത്രവും ഈ ഫ്‌ളെക്‌സിലുണ്ട്. എന്നാൽ ഷാനി പ്രഭാകറിന്റെ ചിത്രം കൊടുത്തിട്ടുമില്ല. ഈ ഫോട്ടോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കുന്നത്. കൊള്ളം ബേലേ ബേഷ്….. ഇതു എല്ലായിടത്തും പൊങ്ങണം… പിന്നെ കൈയടിയും ഇങ്ങനെയൊക്കെയാണ് ഈ പോസ്റ്റിന് താഴെയെത്തുന്ന പ്രതികരണങ്ങൾ.

ദുരന്ത ഭൂമിയിൽ വട്ടം ഇട്ട് പറക്കുന്ന ശവംതീനി കഴുകന്മാർ; യാഥാർത്ഥ്യങ്ങളെ മറച്ചു വച്ചുകൊണ്ട് ജനങ്ങളെ കബളിപ്പിക്കുന്ന ഈ കപടമാധ്യമ ധർമ്മക്കാരെ നമുക്ക് വേണോ?-എന്ന ചർച്ച തന്നെയാണ് ഈ ഫ്‌ളെക്‌സ് ഉയർത്തുന്നത്. പ്രതികരിക്കുക… പ്രതിഷേധിക്കുക… എന്നതിനപ്പുറം ഒന്നും ഈ പോസ്റ്ററിൽ ഇല്ല. ആരാണ് വച്ചതെന്നോ എന്തിനാണ് വച്ചതെന്നോ പറയുന്നില്ല. ഓഖി ദുരന്തത്തിൽ സർക്കാരിനെതിരെ ഏഷ്യാനെറ്റും മാതൃഭൂമിയും മനോരമയും ചർച്ചകൾ സംഘടിപ്പിച്ചിരുന്നു. ദുരന്തത്തെ കുറിച്ച് അറിയിക്കുന്നതിൽ വന്ന വീഴ്ച ഉയർത്തിയാണ് സർക്കാരുകളെ പ്രമുഖ ചാനലുകൾ പ്രതിക്കൂട്ടിൽ നിർത്തിയത്.VENU -USHA S NAIR

ദുരന്ത ഭൂമിയെന്ന് ഉദ്ദേശിക്കുന്നത് ഓഖി വിഷയമാണമെന്ന് വേണം വിലിയിരുത്തൽ. എറണാകുളത്ത് ചെല്ലാനത്ത് അടക്കം സർക്കാരിനെതിരെ രോഷം ഉയർന്നിരുന്നു. മുഖ്യമന്ത്രിയുടെ പൂന്തുറ സന്ദർശനവും വണ്ടി ഉപേക്ഷിച്ചുള്ള യാത്രയുമെല്ലാം ചർച്ചയാക്കി മാതൃഭൂമിയും ഏഷ്യാനെറ്റും സർക്കാരിനെതിരെ ആഞ്ഞടിച്ചു. ദുരന്തത്തെ സർക്കാരിനെതിരായ പ്രതിഷേധമാക്കി മാറ്റുന്നത് മാധ്യമങ്ങളാണെന്ന് സിപിഎം നേതാക്കളും ആരോപിച്ചു. ഇത് തന്നെയാണ് ഫ്‌ളെക്‌സ് രാഷ്ട്രീയത്തിലും നിറയുന്നത്.ഇടതുപക്ഷത്തിന് ഏറെ സ്വാധീനമുള്ള സ്ഥലമാണ് ചന്തക്കടവ്. ഈ രാഷ്ട്രീയ സ്വാധീനമാണോ ഇത്തരമൊരു ഫ്‌ളെക്‌സിന് കാരണമെന്ന ചർച്ചയാണ് സോഷ്യൽ മീഡിയയിൽ മറ്റൊരു വിഭാഗം ഉയർത്തുന്നത്. കേരളത്തിന്റെ മാധ്യമ പ്രവർത്തകർക്ക് ഇതൊരു ദുരന്തചാകരയായിരുന്നു. രക്ഷാപ്രവർത്തനത്തിന് നേതൃത്വം കൊടുക്കേണ്ടവരെ സ്റ്റുഡിയോയിൽ വിളിച്ച് വരുത്തിയും, ഫോണിലൂടെയും വിളിച്ച് വെറും വിമർശനം മാത്രം നടത്തുന്നത് ചില മാധ്യമപ്രവർത്തകരുടെ സ്ഥിരം പരിപാടിയായി മാറിയിരിക്കുകയാണെന്ന വിമർശനം നേരത്തെയും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.

നേരത്തെ കടലറിയുന്ന, കപ്പലിൽ ജോലിചെയ്ത് പരിചയമുള്ള ഒരുയുവാവ് സെൽഫി വീഡിയോയിലുടെ കടുത്ത ഭാഷയിൽ മാധ്യമങ്ങൾക്കെതിരെ വിമർശനം നടത്തിയിരുന്നു. ‘നിന്റെയൊക്കെ കോപ്പിലെ ചർച്ച നിർത്തിയിട്ട് വല്ല കുടപിടിച്ച് ഏതെങ്കിലും പാവത്തുങ്ങളെ രക്ഷിച്ച് നിന്റെയൊക്കെ വീട്ടിൽ കൊണ്ടിരുത്താൻ പറ്റുമെങ്കിൽ അത് ചെയ്യ് നീയൊക്കെ..’-ഇതായിരുന്നു പ്രതികരണം. ഇതിന് പിറകെയാണ് ഫ്‌ളെക്‌സ് ചർച്ചയ്ക്കും ചന്തക്കടവിൽ തുടക്കമിടുന്നത്.

ഓഖി ചുഴലിക്കൊടുങ്കാറ്റ് കൊണ്ടുവന്ന ദുരിതം ജനങ്ങളെ അറിയിക്കുന്നതിന് പകരം ജനവികാരം ആളികത്തിക്കാനാണ് ചാനൽ മാധ്യമ പ്രവർത്തകർ ശ്രമിച്ചതെന്ന ആരോപണവുമായി മുൻ മാധ്യമ പ്രവർത്തകൻ മഹേഷ് ചന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റാണ് ആദ്യം പ്രതിഷേധമുയർത്തി ചർച്ചയാക്കിയത് സത്യമുള്ള തൊഴിലാണിത് എന്ന് നാളെ ആരോടും പറയാനാകാത്ത സ്ഥിതി ക്ഷണിച്ചുവരുത്തുന്നത് ഭൂഷണമല്ലെന്ന് മഹേഷ് ചന്ദ്രൻ പറയുന്നു. മന്ത്രി കടകംപള്ളിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗമാണ് മഹേഷ് ചന്ദ്രൻ ഇപ്പോൾ.VINU VENU FLEX

അറിയിപ്പ് വൈകിയോ ഇല്ലയോ എന്നത് തലനാരിഴ കീറി പരിശോധിക്കും മുമ്പ്, അതിനെ നേരിടുന്നതിന് നാം ഇനിയെങ്കിലും കൂടുതൽ മുൻകരുതൽ എടുക്കണമെന്ന തരത്തിലുള്ള ചർച്ച നിർഭാഗ്യവശാൽ എവിടെയും കണ്ടില്ല. സർക്കാർ അത് ചെയ്തില്ല, ഇത് ചെയ്തില്ല എന്ന് പറഞ്ഞവർ കേന്ദ്രസഹായത്തോടെ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത് പിണറായി സർക്കാരാണെന്നത് മറന്നുപോയി. സംസ്ഥാന സർക്കാർ അതീവഗുരുതരമായ സ്ഥിതി കേന്ദ്രത്തെ അറിയിക്കുകയും അത് കേന്ദ്രം അതേ ഗൗരവത്തിൽ സ്വീകരിക്കുകയും ചെയ്തത് ആരൊക്കെ റിപ്പോർട്ട് ചെയ്തു. ഇത്രയധികം പേരെ രക്ഷപ്പെടുത്തിയ ഒരു ഓപ്പറേഷൻ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല എന്നത് ഓർക്കണം.മത്സ്യത്തൊഴിലാളികളുടെയും കുടുംബാംഗങ്ങളുടെയും ആശങ്കയും വേദനയും വളരെ വലുതാണ്. അത് അധികാരികളെ അറിയിക്കാനല്ല അത് ആളികത്തിക്കാനും രക്ഷാപ്രവർത്തനത്തിന് തന്നെ വിഘാതമാകുന്ന തരത്തിൽ വഴിതിരിച്ചുവിടാൻ ചിലർ ശ്രമിച്ചതും ആർക്ക് വേണ്ടിയാണ്?-ഇതായിരുന്നു മഹേഷ് ചന്ദ്രൻ ഉയർത്തി വിട്ട വികാരം.

ഓഖി വന്നപ്പോൾ വേണു വീണവായിക്കുകയാണ് എന്ന് ആരോപിക്കുന്നു എന്ന് കുറ്റപ്പെടുത്തുന്ന ഉഷാ എസ്.നായർ . ടെലിവിഷൻ ആങ്കർമാർ വിമർശിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇത്തരത്തിൽ രൂക്ഷമായ ഒരു വിമർശനം ആദ്യമാണ്. അതും മുതിർന്ന അവതാരകനെതിരെ ചിരപ്രതിഷ്ഠയായ മാധ്യമ വിമർശകയുടെ ഭാഗത്തുനിന്ന്.

കലാകൗമുദിയിൽ വന്ന ലേഖനത്തിന്റെ പ്രസക്ത ഭാഗങ്ങൾ: ഈ കഴിഞ്ഞ വ്യാഴാഴ്ച മാതൃഭൂമിയുടെ സൂപ്പർ പ്രൈം ചർച്ചയിൽ വേണുബാലകൃഷ്ണൻ നടത്തിയ ചില ആഹ്വാനങ്ങൾ ശ്രദ്ധിക്കപ്പെടേണ്ടിരിക്കുന്നു. തെറ്റാണെന്ന് ചൂണ്ടിക്കാട്ടേണ്ടിയിരിക്കുന്നു. കടൽവെള്ളത്തിനു തീപിടിപ്പിക്കാൻ തുനിയുകയായിരുന്നു വേണു. ‘സെക്രട്ടറിയറ്റ് ഒരു സുരക്ഷിത തുരുത്തല്ല’ എന്ന് വേണു പറഞ്ഞവസാനിപ്പിക്കുമ്പോൾ പിണറായി വിജയന്റെ ജീവനുനേരെയള്ള ഒരു ഭീഷണി സ്വരമാണുയർന്നത്. രാജ്മോഹൻ ഉണ്ണിത്താൻ, ഇസഹാഖ് ജോൺ (ലത്തീൻ അതിരൂപത) അഡ്വ. ആന്റണിരാജു, റോയ് മാത്യു, ഫാദർ യൂജിൻ പെരേര (ലത്തീൻ സഭ) എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. പരാതിയും പരിഭവങ്ങളും നിരത്താനുണ്ടെങ്കിലും സംയമനത്തോടെയും പ്രതീക്ഷയോടെയും സംസാരിച്ച ഫാദർ യൂജിൻ പെരേരയെയും ലത്തീൻ സമൂഹത്തെയും ഒരു ലഹളയിലേക്കു തള്ളിവിടുന്ന രീതിയിലായിരുന്നു വേണു ചർച്ച നയിച്ചത്. പിണറായി വിജയനെ കുറ്റപ്പെടുത്താൻ കിട്ടിയ അവസരം സ്വാഭാവികമായും ഉണ്ണിത്താൻ ഉപയോഗിച്ചു. തന്റെ വാഗ്വിലാസം പ്രകടമാകുവിധത്തിൽ കവിതാശകലങ്ങളും ഉദ്ധരിച്ചുകൊണ്ട് തകർത്ത് പെയ്തു.

മുഖ്യമന്ത്രി പൂന്തുറയിൽ പോയിരുന്നുവെങ്കിൽ പിന്നെ കല്യാണത്തിനും മരണത്തിനുമൊന്നും പോകാൻ കഴിയില്ലായിരുന്നു, അവർ കൈകാര്യം ചെയ്തനേ എന്നൊക്കെ രാഷ്ട്രീയനാവ് പിടച്ചു. പിന്നീടാണ് ചർച്ചയുടെ പോക്ക് എങ്ങോട്ടാണെന്ന് അദ്ദേഹത്തിനു ബോധ്യമായത്. ”നിങ്ങൾ ഇങ്ങനെ നിന്നാൽ മതിയോ, മതിയോ” എന്ന് ലത്തീൻ സമൂഹത്തോട് ചോദിക്കുകയും ബിഷപ്പുമാരെയും അച്ചൻമാരെയുമെല്ലാം ഇളക്കിവിടുമാറ് വേണുവിന്റെ കുറ്റപ്പെടുത്തൽ നീളുകയും, തന്നെയും അതിനുപയോഗിക്കുകയാണെന്ന നൊടിയിടയിൽ ബോധ്യമാവുകയും ചെയ്തപ്പോൾ രാജ്മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു. ”ഒരു സമുദായത്തെ വൈകാരികമായി ഇളക്കിവിടാൻ ഞാൻ തയ്യാറല്ല. പ്രകോപനകരങ്ങളായ വാക്കുകൾ പ്രയോഗിച്ച് കടലിന്റെ മക്കളെ ഞങ്ങൾ ഇളക്കി വിടില്ല. ഇങ്ങനെ തെറ്റായ ദിശയിലേക്ക് ചർച്ചപോകരുത്. റോമാസാമ്രാജ്യം കത്തിയെരിയുമ്പോൾ വീണവായിക്കുന്ന തരം രാഷ്ട്രീയപ്രവർത്തനമല്ല എന്റേത്.” ചില മാധ്യമങ്ങൾ സ്വീകരിച്ച നയം പൊതുവികാരത്തിന് അനുയോജ്യമാണോ എന്ന കാര്യം അവർ തന്നെ ആത്മപരിശോധന നടത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞത് എങ്ങനെ തെറ്റാവും?

മാധ്യമപ്രവർത്തകരോട് ‘കടക്ക് പുറത്തെ’ന്നു പറഞ്ഞവനെ കൈയിൽ കിട്ടിയതിനാൽ പൊരിച്ചു കളയാനുള്ള അവസരമാക്കി ഉപയോഗിച്ചുവെന്നാണ് പിണറായി വിമർശനത്തെ ഉഷ എസ്. നായർ കുറ്റപ്പെടുത്തുന്നത്. ”കുട്ടിക്കുരങ്ങന്മാരെ’ മൈക്രോ ഫോണും ക്യാമറയും കൊടുത്തു പറഞ്ഞുവിട്ടിട്ട് വാരിക്കോ ചൂടുചോറ്” എന്ന് സ്റ്റുഡിയോയിലിരുന്ന് നിർദ്ദേശിക്കുന്ന ആങ്കർമാർ ചെയ്യുന്നതെന്താണെന്ന് അവർക്കു നല്ലവണ്ണം അറിയാം. മാധ്യമങ്ങൾ ഒരു വ്യക്തിയോട്-വ്യക്തമായി പറഞ്ഞാൽ പിണറായി വിജയനോട് – കാട്ടുന്ന പ്രതികാരം ഒരു ജനതയെയാണ് ഭയത്തിൽ കൊണ്ടുനിറുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പെരുമാറ്റം മാധ്യമപ്രവർത്തകർക്ക് അസ്വീകാര്യമാണെങ്കിൽ അത് അദ്ദേഹത്തെ അറിയിക്കുകയും പ്രതിഷേധിക്കുകയും വേണം. അത് മാധ്യമപ്രവർത്തകരുടെ ആത്മാഭിമാനത്തിനാവശ്യവുമാണ്. എന്നാൽ നാട് ഗുരുതരമായ ഒരു സ്ഥിതിയിൽ വിറങ്ങലിച്ചു നിൽക്കുമ്പോഴല്ല അതു പുറത്തെടുക്കേണ്ടത്- എന്ന് ഉഷ എസ്. നായർ ഓർമ്മപ്പെടുത്തുന്നു.

 

Top