മാധ്യമ ന്യായാധിപന്‍ ചമയുന്ന വിനു വി ജോണ്‍ വായിച്ചറിയാന്‍; എ ഐ എസ് എഫിന്റെ തുറന്ന കത്ത്

തിരുവനന്തപുരം: ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മിനായര്‍ക്കെതിരെ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു എന്ന കേസ് പിന്‍വലിച്ച വിഷയത്തില്‍ ഏഷ്യനെറ്റിനെതിരെ വിനു വി ജോണ്‍ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് എ ഐ എസ് എഫിന്റെ മറുപടി.

വിനു വി ജോണിന് എഐഎസ്എഫിന്റെ തുറന്നകത്ത് ഇങ്ങനെ
പ്രിയ വിനു,
മലപ്പുറത്തു നടന്ന എഐഎസ്എഫ് ജില്ലാ സമ്മേളനം കഴിഞ്ഞ് മടങ്ങിവരുമ്പോള്‍ എഐഎസ്എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി ഗിരീഷിന് എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ ഗുണ്ടകളുടെ ആക്രമണത്തില്‍ കൊല്ലത്ത് ഗുരുതരമായി പരിക്കേറ്റ വാര്‍ത്തയറിഞ്ഞ് ആശുപത്രിയിലേയ്ക്ക് പോകുമ്പോഴാണ് താങ്കള്‍ വിവേക് വി ജി ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മിനായര്‍ക്കെതിരെ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു എന്ന കേസ് പിന്‍വലിച്ചു എന്ന് അറിയിക്കുന്നത്.

താങ്കളുടെ ചാനലില്‍ നിന്നാണ് ആ വാര്‍ത്ത ഞങ്ങള്‍ അറിയുന്നത്. അപ്പോള്‍ തന്നെ ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന സഖാവിന്റെ അടുത്തേയ്ക്ക് പോകുന്നതിനാല്‍ താങ്കളുടെ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ സാധിക്കുകയില്ല എന്നും കേസ് പിന്‍വലിച്ച വിഷയത്തില്‍ വിവേകുമായി സംസാരിച്ചശേഷം നിലപാട് അറിയിക്കാം എന്നും താങ്കളോട് പറയുകയും ചെയ്തു.

കൂടാതെ താങ്കളുടെ മാധ്യമസ്ഥാപനത്തിലെ അജയഘോഷ്, അരുണ്‍ മുതലായ മാധ്യമപ്രവര്‍ത്തകരോടും ഇക്കാര്യം സംസാരിച്ചതാണ്.
പക്ഷേ അന്നേദിവസം വൈകുന്നേരത്തെ ന്യൂസ് അവറില്‍ എഐഎസ്എഫിന്റെ നിലപാടുകളില്‍ നിന്നുമുള്ള പുറകോട്ടുപോക്കായും എഐഎസ്എഫിന്റെയും സിപിഐയുടെയും നിലപാടുകളില്‍ നിഗൂഡതയുള്ളതായും ചാനല്‍ ചര്‍ച്ചയില്‍ നിന്നും ഞങ്ങള്‍ പിന്മാറിയതായും താങ്കള്‍ പറഞ്ഞതായും ഏകപക്ഷീയമായ ചര്‍ച്ചയിലൂടെ എഐഎസ്എഫിന്റെയും എഐവൈഎഫിന്റെയും സിപിഐയുടെയും മുഴുവന്‍ നേതാക്കളെയും അടച്ചാക്ഷേപിച്ചുകൊണ്ടുള്ള നിലപാട് സ്വീകരിച്ചതായും അറിയാന്‍ കഴിഞ്ഞു.

വിവേക് വി ജി എന്ന വിദ്യാര്‍ത്ഥി അനുഭവിച്ച ജാതീയമായ ആക്ഷേപങ്ങളെ കുറിച്ച് അയാള്‍തന്നെ മാധ്യമങ്ങളിലൂടെ പറഞ്ഞത് താങ്കളുടെ ആര്‍ക്കേയ്വ്സില്‍ ഉണ്ടായിരിക്കുമല്ലോ. ഇക്കാര്യത്തില്‍ താങ്കളെ നയിച്ച അതേവികാരം തന്നെയാണ് ഐതിഹാസികമായ ലോ അക്കാദമി സമരത്തില്‍ മറ്റനേകം വിഷയങ്ങള്‍ക്കൊപ്പം ഇതും ഒരു പ്രധാനവിഷയമായി എഐഎസ്എഫ് ഏറ്റെടുത്തതിനു കാരണമായത്.

ഹൈക്കോടതി മുമ്പാകെ കേസ് ഫയല്‍ ചെയ്തത് വിവേക് വി ജി എന്ന വിദ്യാര്‍ത്ഥിയാണ്. എഐഎസ്എഫ് അല്ല. അതിനാല്‍ തന്നെ ഈ കേസ് പിന്‍വലിക്കാനുള്ള തീരുമാനം ആ വ്യക്തിയുടേത് മാത്രമാണ്. താങ്കളെ പോലെതന്നെ ആ വിദ്യാര്‍ത്ഥിയുടെ പെട്ടെന്നുള്ള നിലപാടുമാറ്റത്തിന്റെ അണിയറ കഥകളെന്താണെന്ന് അറിയുവാന്‍ ജിജ്ഞാസയുള്ളവരാണ് ഞങ്ങളും.

എഐഎസ്എഫിനെ സംബന്ധിച്ചിടത്തോളം ലോ അക്കാദമി സമരകാലത്ത് അക്കാദമി മാനേജ്മെന്റിന്റെ ഈ വിദ്യാര്‍ത്ഥിയുടെ കാര്യത്തിലടക്കമുള്ള ദുര്‍നടപടികളില്‍ സ്വീകരിച്ച ശക്തമായ നിലപാടുകളില്‍ ഒരു മാറ്റവുമില്ല. സംഘടനയുമായോ പാര്‍ട്ടിയുമായോ ഒരു ബന്ധവുമില്ലാത്ത കാര്യമാണ് ഒരു സ്വകാര്യവ്യക്തി ഫയല്‍ ചെയ്ത കേസ് പിന്‍വലിക്കുന്ന കാര്യം. ഇക്കാര്യത്തില്‍ സംഘടനയ്ക്കെതിരെ താങ്കള്‍ ഉന്നയിച്ച ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നു മാത്രമല്ല, ഞങ്ങളുടെ ഭാഗം പറയാന്‍ അവസരം നല്‍കാതെ ഏകപക്ഷീയവുമായിരുന്നു.

വിവേകിന്റെ ഇപ്പോഴത്തെ മനംമാറ്റം ഒട്ടും ആശാസ്യമായിരുന്നില്ല എന്ന നിലപാടുതന്നെയാണ് സംഘടനയ്ക്കുള്ളത്. പക്ഷെ താങ്കള്‍ ഒരു മാധ്യമ ന്യായാധിപനായി ചമഞ്ഞ് സംഭവവുമായി ഒരു ബന്ധവുമില്ലാത്ത കക്ഷിയെ വധശിക്ഷയ്ക്കു വിധിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.
ഞങ്ങള്‍ അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം പ്രഖ്യാപിക്കുന്നു. സുഹൃത്തേ, ലാ അക്കാദമി സമരകാലത്ത് മാനേജ്മെന്റിനും പ്രിന്‍സിപ്പലിനുമെതിരെ ഉന്നയിച്ച എല്ലാ ആരോപണങ്ങളിലും സംഘടന ഉറച്ചുനില്‍ക്കുന്നു.

ഒരു വിദ്യാര്‍ത്ഥിയുടെ ഏതോ പ്രേരണകള്‍ക്ക് വശംവദനായുള്ള മനംമാറ്റം സംഘടനയുടെ നിലപാടുകള്‍ക്ക് അനുസൃതമല്ല. ഒരു വ്യക്തിയുടെ നിലപാടിനെ ആശ്രയിച്ചല്ല സംഘടന നിലപാടുകള്‍ സ്വീകരിക്കുന്നത്. ലോ അക്കാദമി സമരം ആഞ്ഞടിച്ച നാളുകളില്‍ ഒരു വിദ്യാര്‍ത്ഥി സംഘടനയെതന്നെ സമരത്തില്‍ നിന്നും പിന്മാറാന്‍ നിര്‍ബന്ധിതരാക്കിയ ശക്തികള്‍ക്ക് ഒരു വ്യക്തിയെ പിന്തിരിപ്പിക്കുക അസാധ്യമാണോ? താങ്കളുടെ മാധ്യമ വിചാരണയില്‍ ഇക്കാര്യത്തില്‍ യഥാര്‍ത്ഥത്തില്‍ നടന്ന കാര്യങ്ങള്‍ എന്താണെന്നുകൂടി അന്വേഷിക്കുന്നതും ഇരുട്ടില്‍ ഒളിച്ചിരിക്കുന്ന യഥാര്‍ത്ഥ ഉപജാപകരെ വെളിച്ചത്തു കൊണ്ടുവരുന്നതും നന്നായിരിക്കും എന്നുമാത്രം പറയുന്നു.

സ്നേഹപൂര്‍വ്വം
ശുഭേഷ് സുധാകരന്‍
സെക്രട്ടറി, എഐഎസ്എഫ്
സംസ്ഥാന കമ്മിറ്റി

Top