കൊച്ചി:: കന്നുകാലികളെ മാംസത്തിനായി കൊല്ലുന്നത് നിരോധിച്ചുകൊണ്ടുളള കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം പുകയുകയാണ്.കന്നുകാലി കശാപ്പ് നിരോധനം സമൂഹ മാധ്യമങ്ങളിലും തിളച്ചു മറിയുന്നു. മുന്‍പും സംഘപരിവാറിന്റെ നയങ്ങള്‍ക്കെതിരെ പരസ്യമായി രംഗത്തെത്തിയിട്ടുള്ള രശ്മി ആര്‍. നായരും ബീഫ് വിവാദത്തില്‍ ശക്തമായി തന്നെ രംഗത്തുണ്ട്. ‘ഇരുവഞ്ഞിപുഴ അറബിക്കടലില്‍ ചേരുമെങ്കില്‍ നമ്മള് ബീഫ് തിന്നും, അതിനി എത്ര കടവത്ത് നരേന്ദ്രമോഡി കാവി കോണകം കുത്തി നിര്‍ത്തിയാലും അതുംകൂടി ഒലിച്ചങ്ങു പോകും.’ എന്നാണ് കന്നുകാലി കശാപ്പ് നിരോധനത്തിന് പിന്നാലെ രശ്മി തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റു ചെയ്തിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിയുള്ള രശ്മിയുടെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത് .
എന്നാല്‍ സത്യത്തില്‍ കന്നുകാലികളെ അറക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ എന്നാണ് പ്രധാനപ്പെട്ട ചോദ്യം. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ അങ്ങനെ ഒരു കാര്യം പറയുന്നേ ഇല്ല.എന്നാല്‍ പശു, പോത്ത്, ഒട്ടകം എന്നിവയെ കശാപ്പിന് വേണ്ടി വില്‍ക്കുന്നതാണ് നിരോധച്ചിരിക്കുന്നത്. അതില്‍ തന്നെ കാര്യങ്ങള്‍ കുറച്ച് കൂടി വ്യക്തമായി പറയുന്നും ഉണ്ട്.
കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിനായി കന്നുകാലി ചന്തകളില്‍ പരസ്യമായി വില്‍ക്കുന്നതിനെതിരെ ആണ് പുതിയ നിയമം. അല്ലാതെ കന്നുകാലികളെ മാംസത്തിന് വേണ്ടി അറക്കുന്നത് നിരോധിക്കുകയല്ല ചെയ്തിട്ടുള്ളത്. കാലിച്ചന്തകള്‍ വഴി കന്നുകാലികളെ വില്‍ക്കുന്നതും വാങ്ങുന്നതും കാര്‍ഷികാവശ്യങ്ങള്‍ക്ക് വേണ്ടി മാത്രം ആകണം എന്നാണ് നിയമം പറയുന്നത്. അങ്ങനെ വാങ്ങുന്നവയെ ആറ് മാസത്തേക്ക് കൈമാറാനും പാടില്ല. ഇനി മുതല്‍ ഇത്തരത്തിലുള്ള കച്ചവടങ്ങളില്‍ സത്യവാങ്മൂലവും നല്‍കേണ്ടി വരും. കാര്‍ഷികാവശ്യത്തിന് വേണ്ടിയാണ് വാങ്ങുന്നത് എന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കണം.