തിരുവനന്തപുരം: ചുരുങ്ങിയ കാലം കൊണ്ട് പ്രശസ്തമായ ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ ഒന്നാണ് ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും. മദ്യപിക്കുന്നവരും ആഹാരം ഇഷ്ടപ്പെടുന്നവരുമാണ് ഗ്രൂപ്പില്‍ ഉള്ളത്. എന്നാല്‍ ഗ്രൂപ്പിന് എതിരെ നടപടിയെടുക്കാന്‍ ഒരുങ്ങുകയാണ് എക്സൈസ് വകുപ്പ് എന്നാണ് വിവരം. സോഷ്യല്‍ മീഡിയകളിലൂടെ മദ്യപാനത്തിനും മദ്യപിക്കുന്നവര്‍ക്കും പ്രോത്സാഹനം നല്‍കുന്ന ഗ്രൂപ്പ് ലഹരിയെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ എന്നാണ് അന്വേഷണം.
ഇത് സംബന്ധിച്ച് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയതായി എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പറഞ്ഞു. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിലുള്ള പോസ്റ്റുകള്‍ക്ക് എക്സൈസ് വകുപ്പ് നിരീക്ഷണം ഏര്‍പ്പെടുത്തി. മദ്യാപാനത്തെ ജിഎന്‍പിസി വ്യാപകമായി പ്രോത്സാഹിപ്പിക്കുന്നു എന്നാണ് മദ്യനിരോധ സംഘടനകള്‍ പറയുന്നത്. മാത്രമല്ല മദ്യക്കച്ചവടക്കാരുടെ പിന്തുണ ഗ്രൂപ്പിനുണ്ടെന്നും ആരോപണമുണ്ട്.
ഉത്തരവാദിത്വമുള്ള മദ്യപാനം പിന്തുടരാന്‍ ശീലിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നുമാണ് കൂട്ടായ്മയുടെ വാദം. എന്നാല്‍, ഈ വാദം മദ്യവിരുദ്ധ സംഘടനകള്‍ തള്ളുകയാണ്. ജിഎന്‍പിസി എന്ന കൂട്ടായ്മയില്‍ മദ്യാപാനം വ്യാപകമായി പ്രോത്സാഹിപ്പിക്കുകയാണ് എന്നാണ് ഇവരുടെ പരാതി. ഇതിനു പുറമേ മദ്യക്കച്ചവടക്കാരുടെ വ്യാപകമായ പിന്തുണയും ഗ്രൂപ്പിനുണ്ടെന്ന് ഇവര്‍ ആരോപിക്കുന്നു. ഫേസ്ബുക്ക് പേജിനെതിരെ നിയമ നടപടികള്‍ക്ക് മദ്യനിരോധന സംഘടനകള്‍ നീക്കം തുടങ്ങിയിട്ടുണ്ട്.
സംസ്ഥാനത്ത് ലഹരിക്കെതിരെ വ്യാപകമായ ബോധവത്കരണം നടന്നുവരുന്നതിനിടെയാണ് എങ്ങനെ മദ്യപിക്കണം, മദ്യത്തിന്റെ കൂടെ വേണ്ട ഭക്ഷണങ്ങള്‍ എന്തെല്ലാം, പുതിയ ബ്രാന്‍ഡുകള്‍ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ കൂട്ടായ്മയിലൂടെ പ്രചരിക്കുന്നത്. 2017 മേയ് ഒന്നിന് തുടങ്ങിയ ഗ്രൂപ്പില്‍ നിലവില്‍ 17 ലക്ഷത്തിനു മേല്‍ അംഗങ്ങളുണ്ട്. തിരുവനന്തപുരം സ്വദേശിയും ബ്ലോഗറുമായ ടി.എല്‍ അജിത് കുമാറാണ് ഗ്രൂപ്പ് അഡ്മിന്‍.