ഉമ്മന്‍ ചാണ്ടി ട്.പി.ചന്ദ്രശേഖരനെ ഓര്‍ക്കുന്നത് വെറും വോട്ട് ബാങ്ക് ചിന്തയില്‍ മാത്രമെന്ന് പ്രമുഖ രാഷ്ട്രീയ ചിന്തകനും ആര്‍ എം .പി നേതാവും എഴുത്തുകാരനുമായ ഡോ.ആസാദ് .
ആര്‍എംപിക്കും കെകെ രമയ്ക്കുമെതിരെ കടുത്ത വിമര്‍ശനവുമായി പ്രമുഖ ആര്‍എംപി നേതാവായ ഡോ.ആസാദ് രംഗത്ത് വന്നിരിക്കുന്നത് . വോട്ട് മുതലെടുപ്പിനുള്ള ഇരയാക്കി മാത്രം ടിപിയെ ഉപയോഗിക്കുന്നതിനെ തിരിച്ചറിയണമെന്നും ഡോ.ആസാദ് ഓര്‍മ്മിപ്പിക്കുന്നു. കുമ്മനവുമായി രമയും ആര്‍ എം പി നേതൃത്വവും നടത്തിയ കൂടിക്കാഴ്ച അശ്ലീലമായിപ്പോയെന്നും ആസാദ് തന്റെ ബ്ലോഗിലൂടെ പറഞ്ഞു. വിമത വിഭാഗങ്ങള്‍ യുഡിഎഫിനൊപ്പമെന്നോ വീണ്ടും സിപിഎമ്മിനെതിരെയെന്നോയുള്ള ചാനല്‍ തലക്കെട്ടുകള്‍ സ്വപ്നം കാണുന്നതിനാലാണ് ഉമ്മന്‍ചാണ്ടിക്ക് രമയെയോ വേണുവിനെയോ കാണണമെന്ന് ആഗ്രഹം തോന്നിയതെന്നും ആസാദ് പറയുന്നു. ടിപിയുടെ കൊലപാതകത്തെ വോട്ടിന് വേണ്ടി മുതലെടുക്കുന്നവരുടെ പാളയത്തിലേക്ക് പോകുന്ന ആര്എംപി നേതൃത്വത്തിന്റെ നിലപാടിനെതിരെ ശക്തമായ വാക്കുകളിലാണ് ആസാദിന്റെ വിമര്ശനം.
ടിപി എന്ന നാമത്തിന്റെ മൂല്യവിചാരങ്ങളും സമരോത്സാഹങ്ങളും ഉണര്‍ത്തിയ പൊതുവികാരത്തിന്റെ പങ്കു പറ്റാനുള്ള വലത് രാഷ്ട്രീയകൗശലവുമായാണ് ആര്‍എംപി കൂടിക്കാഴ്ച്ച നടത്തിയതെന്നും ആര്‍ എം പി യുടെ അറിയപ്പെടുന്ന നേതാവായ ആസാദ് പറഞ്ഞു.സമരത്തിന്റേതോ നിയമത്തിന്റെതോ അല്ലാത്ത വഴികള്‍ അപായകരമായ ആളെക്കൊല്ലി ചതുപ്പുകളാവാമെന്ന് അവരോര്‍മ്മിച്ചില്ല.ടിപി എന്ന നാമത്തിന്റെ മൂല്യവിചാരങ്ങളും സമരോത്സാഹങ്ങളും ഉണര്‍ത്തിയ പൊതുവികാരത്തിന്റെ പങ്കു പറ്റാനുള്ള വലത് രാഷ്ട്രീയകൗശലവുമായാണ് ആര്‍എംപി കൂടിക്കാഴ്ച്ച നടത്തിയത്. അങ്ങേയറ്റം ലജ്ജാകരമായ വാര്‍ത്തകളിലും രാഷ്ട്രീയ ദുര്‍വൃത്തികളിലും ഉഴലുന്ന യുഡിഎഫിനെയും ബിജെപിയെയും കുമ്പിട്ടു നില്‍ക്കേണ്ട അവസ്ഥ ജനാധിപത്യബോധമുള്ള ഒരാള്‍ക്കുമുണ്ടാവരുത്. ഇതേ പ്രസ്ഥാനങ്ങള്‍ക്കകത്തുള്ളവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവാത്തവരില്‍ നിന്ന് എന്തു നീതി ലഭിക്കാനാണെന്നും ആസാദ് ചോദിച്ചു.
ഇതുതന്നെയാണ് ആഴ്ച്ചകള്‍ക്ക് മുമ്പ് കോഴിക്കോടും കണ്ടതെന്നും ആസാദ് പറഞ്ഞു. ഉമ്മന്‍ചാണ്ടിയ്ക്ക് ഏഴരവെളുപ്പിന് രമയെയോ വേണുവിനെയോ കാണണം. ടി പി വധക്കേസ് എന്തായി എന്ന് അദ്ദേഹമങ്ങ് മറന്നു, ഒന്നോര്‍മ്മിപ്പിക്കാമോ എന്ന്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വടകരയിലെ അത്രചെറുതല്ലാത്ത ഒരു വിഭാഗത്തെ അദ്ദേഹത്തിന് വരുതിയില്‍ നിര്‍ത്താനും, അല്ലെങ്കില്‍ പൊതു സമൂഹത്തിനു മുന്നില്‍ അങ്ങനെ വരുത്തിത്തീര്‍ക്കാനുമുള്ള നീക്കമാണിതെന്നും ആസാദ് പറഞ്ഞു.വിമത വിഭാഗങ്ങള്‍ യുഡിഎഫിനൊപ്പമെന്നോ, വീണ്ടും സിപിഎമ്മിനെതിരെയെന്നോ ചാനല്‍ തലക്കെട്ടുകള്‍ ഉമ്മന്‍ചാണ്ടിയും സ്വപ്നം കാണുന്നതുകൊണ്ടാണിതെന്നും ഓര്‍മ്മിപ്പിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ എല്ലാം ഒന്ന് പൊടിതട്ടിയെടുക്കേണ്ടത് രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ആവശ്യമാണ്. ആ അഭ്യാസ പ്രകടനത്തിന് മിഴിവേകാന്‍ പോകുന്ന വഴിയിലെല്ലാം കുമ്പിട്ട് കാത്തു നില്‍ക്കാനും സങ്കടം പറയാനുനുള്ള പാവം പ്രജകളായി ആര്‍എംപി മാറി.ലോകസഭാ തെരഞ്ഞെടുപ്പുകാലത്ത് നരേന്ദ്രമോഡിതന്നെ ടിപി വധത്തെ അപലപിക്കുകയും ഉന്നതാന്വേഷണം നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതാണ്. എന്നാല്‍ ഭരണത്തിലേറിയശേഷം ടി പി വധത്തെക്കുറിച്ചു മാത്രമല്ല ജയകൃഷ്ണന്‍ മാസ്റ്റര്‍ വധത്തെക്കുറിച്ചുപോലും മിണ്ടിയതേയില്ല. ഇനി ജയകൃഷ്ണന്‍മാസ്റ്റര്‍ വധത്തെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ ആരാണാവോ കുമ്മനത്തെ പോയി കണ്ടു വണങ്ങേണ്ടതെന്നും ആസാദ് പരിഹസിച്ചു.ടി പി വധത്തെ അജണ്ടയിലേക്ക് വലിച്ചിടാനും രമയെയും വിമത കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും തനിക്കു മുന്നില്‍ കുമ്പിടുവിക്കാനും കുമ്മനത്തിന്റെ സാമര്‍ത്ഥ്യം ജോറായിരിക്കുന്നുവെന്നും ആസാദ് പറഞ്ഞു. സംസ്ഥാനത്തെ കമ്യൂണിസ്റ്റ് വിമതരെ ആകര്‍ഷിക്കാന്‍ ശ്രമിക്കുമെന്ന പരസ്യപ്പെടുത്തിയ ബിജെപി അജണ്ടയാണിപ്പോള്‍ സാക്ഷാത്ക്കരിക്കുന്നത്.
വിവിധങ്ങളായ താല്‍പ്പര്യങ്ങള്‍ക്കു വഴിപ്പെട്ടും ഉദാസീനമായും അന്വേഷണങ്ങളിഴയുമ്പോള്‍ അല്ലെങ്കില്‍ കേസുകള്‍ വഴിയില്‍ ഉപേക്ഷിക്കപ്പെടുമ്പോള്‍ ഗവണ്‍മെന്റുകളെ ഓര്‍മ്മപ്പെടുത്തേണ്ടി വന്നേക്കാം. പ്രധാനമന്ത്രിയെയോ ആഭ്യന്തരമന്ത്രിയെയോ കണ്ടു നിവേദനം നല്‍കാം. കേന്ദ്ര ഭരണകക്ഷിയുടെ സംസ്ഥാന നേതാവു വഴിയാണ് കാര്യങ്ങള്‍ നേടേണ്ടത് എന്നു വന്നാല്‍ നമ്മുടെ ജനാധിപത്യ സംവിധാനങ്ങള്‍ക്ക് എന്തോ കുഴപ്പമുണ്ട് എന്നാണര്‍ത്ഥം. എന്നെവന്നുകാണൂ ഞാന്‍ ശരിയാക്കാം എന്ന ദല്ലാള്‍പണിയല്ല രാഷ്ട്രീയമെന്നും ആസാദ് പറഞ്ഞു.മുന്നില്‍ കുമ്പിട്ടു നിന്നാല്‍ പ്രീതിപ്പെടാമെന്ന ഫ്യൂഡല്‍ ധാര്‍ഷ്ട്യം ജനാധിപത്യ രാഷ്ട്രീയത്തിനു ചേര്‍ന്നതല്ല. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതാവും മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ വരാന്തയില്‍ അങ്ങനെ നിവേദനവുമായി നീതികാത്ത് കിടക്കേണ്ടി വരരുത്. ആര്‍ എം പി നേതാക്കള്‍ സൗഹൃദസന്ദര്‍ശനത്തിന് ചെന്നെത്തുന്ന ഇടമൊന്നുമല്ലല്ലോ കുമ്മനത്തിന്റെം കൂടാരം. അതങ്ങനെ ആയിക്കൂടാതാനും. അപ്പോള്‍ ആ കൂടിക്കാഴ്ച്ചയില്‍ അശ്ലീലമുണ്ട്. രമയെയോ ആര്‍എംപിയെയോ ഞങ്ങള്‍ രക്ഷിക്കാം എന്നു ക്ഷണിച്ചു വരുത്തിയവര്‍ ടി പി യെ കൊന്നവര്‍ കാണിച്ച അധികാര ധാര്‍ഷ്ട്യത്തിന്റെ മറ്റൊരാവിഷ്‌ക്കാരമാണ് പ്രകടിപ്പിക്കുന്നതെന്നും ആസാദ് അഭിപ്രായപ്പെട്ടു.
ടിപിയുടെ രാഷ്ട്രീയം പുതിയ കാലത്തെ ഇടതുപക്ഷ ഇടപെടലുകളുടെ അനിവാര്യതകളെയും സാധ്യതകളുമാണെന്നും, ആ രാഷ്ട്രീയത്തിനു പിറകില്‍ മണംപിടിച്ചു ചെല്ലുന്നത് കുമ്മനത്തിനായാലും ഉമ്മന്‍ചാണ്ടിക്കായാലും വലിയ നേട്ടമൊന്നും നല്‍കാനിടയില്ലയെന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. ടിപി വിഷയം പറഞ്ഞുള്ള പ്രധാനമുദ്രാവാക്യവുമായാണ് കോണ്‍ഗ്രസിന്റെയും ബിജെപിയുയെയുംം സംസ്ഥാനജാഥകള്‍ പുരോഗമിക്കുന്നത്. ഈ സാഹചര്യത്തില്‍ പ്രമുഖ ആര്‍ എം പി നേതാവായ ഡോ.ആസാദ് തന്നെ ശക്തമായ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയത് രാഷ്ട്രീയ കേരളത്തില്‍ വലിയ ചര്‍ച്ചയാകുമെന്നുറപ്പാണ്.