ധാക്ക: വംശഹത്യ ഭയന്ന് മ്യാന്‍മറില്‍ നിന്നും ബംഗ്ലാദേശിലേക്ക് പാലയനം ചെയ്ത റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്ക് ഇന്ത്യയുടെ സഹായഹസ്തം. 53 ടണ്‍ സാധനസാമഗ്രികളുമായി ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം ബംഗ്ലാദേശിലെ ചിറ്റഗോംഗിലെത്തി. ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാംപുകളില്‍ കഴിയുന്ന റോഹിന്‍ഗ്യകള്‍ക്ക് ഇവ വിതരണം ചെയ്യും. ഈ വസ്തുക്കള്‍ ബംഗ്ലാദേശിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഹര്‍ഷ് വര്‍ധന്‍ ശ്രിന്‍ഗ്ലയില്‍ നിന്ന് ബംഗ്ലാദേശ് ഗതാഗതമന്ത്രി ഉബൈദുള്‍ ഖ്വദര്‍ ഏറ്റുവാങ്ങിയെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. അരി, പഞ്ചസാര, ബിസ്‌കറ്റ് തുടങ്ങിയ ഭക്ഷ്യ വസ്തുക്കളും കൊതുകുതിരി, പുതപ്പ് എന്നിവയും കയറ്റി അയച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യയിലേക്ക് അഭയാര്‍ത്ഥികളായെത്തിയ റോഹിന്‍ഗ്യകളെ പുറത്താക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നതിനിടെയാണ് സഹായം കൈമാറുന്നതെന്നത് ശ്രദ്ധേയമാണ്.അന്താരാഷ്ട്ര തലത്തില്‍ റോഹിന്‍ഗ്യന്‍ ആഭയാര്‍ത്ഥികള്‍ക്കായി സഹായ ഹസ്തങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഉയര്‍ന്ന സമ്മര്‍ദ്ദത്തിനിടയിലാണ് ഇന്ത്യയുടെ സഹായം എത്തുന്നത്.ഓപറേഷന്‍ ഇന്‍സാനിയത്തിന്റെ ഭാഗമായി 7,000 ടണ്‍ അവശ്യ സാധനങ്ങള്‍ ബംഗ്ലാദേശിന് കൈമാറാനാണ് ഇന്ത്യയുടെ തീരുമാനം. ഇക്കാര്യം വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്. മ്യാന്‍മറില്‍ നിന്നും ലക്ഷക്കണക്കിന് അഭയാര്‍ത്ഥികള്‍ കുടിയേറിയതിനെ തുടര്‍ന്ന് നേരത്തെ ബംഗ്ലാദേശ് അന്താരഷ്ട്ര സമൂഹത്തോട് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. ഇന്ത്യയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷണര്‍ സഈദ് അലി വിദേശകാര്യ സെക്രട്ടറി എസ്.ഹരിശങ്കറെ കണ്ട് അഭയാര്‍ത്ഥി പ്രശ്‌നം ചര്‍ച്ച ചെയ്യുകയും സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. 3.80 ലക്ഷം റോഹിന്‍ഗ്യകള്‍ ഇതിനോടകം മ്യാന്‍മറില്‍ നിന്ന് ബംഗ്ലാദേശിലേക്ക് കുടിയേറിയിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്.