രോഹിത് വെമുലയുടെ സംഘടനയായ എ എസ് എ കേരളത്തില്‍; എംജി യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ ആരംഭിച്ച ഘടകത്തിന് പിന്നില്‍ മാവോയിസ്റ്റുകളെന്ന് എസ്എഫ്‌ഐ

കോട്ടയം: രാജ്യത്തെ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളിലെ ജ്വലിക്കുന്ന പേരാണ് രോഹിത് വെമുലയുടെത്. ദലിതരുടെ അവകാശപ്പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജമായി മാറിയ രോഹിത് പ്രവര്‍ത്തിച്ചിരുന്ന വിദ്യാര്‍ത്ഥി സംഘടനയായ അംബേദ്ക്കര്‍ സ്റ്റുഡന്‍സ് അസ്സോസിയേഷന്‍ കേരളത്തിലും പ്രവര്‍ത്തനം ആരംഭിച്ചു. കേരളത്തിലെ ദലിത് വിദ്യാര്‍ത്ഥികള്‍ വിവിധങ്ങളായ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്ന അവസരത്തില്‍ വളരെ പ്രാധാന്യം നിറഞ്ഞ ഒന്നാണിത്. കഴിഞ്ഞ ദിവസം കോട്ടയത്ത് എംജി യൂണിവേഴ്‌സിറ്റിയിലാണ് എഎസ്എയുടെ ആദ്യ ഘടകം പ്രവര്‍ത്തനം ആരംഭിച്ചത്. പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കര്‍ ഉത്ഘാടനം നിര്‍വഹിച്ചു.

ന്യൂനപക്ഷ-പിന്നോക്ക-ദളിത് വിഭാഗങ്ങളുടെ ഐക്യപ്പെടല്‍ സാധ്യമാക്കുകയും ഈ വിഭാഗങ്ങള്‍ അഭിമുഖീകരിക്കുന്ന വിഷയങ്ങള്‍ രാഷ്ട്രീയമായി ഉയര്‍ത്തുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് എഎസ്എ യൂണിറ്റ് എം.ജി യൂണിവേഴ്സിറ്റി ക്യാമ്പസില്‍ ആരംഭിക്കുന്നതെന്ന് സംഘടനാ നേതാക്കള്‍ വ്യക്തമാക്കി. 1993-ല്‍ ഹൈദരാബാദ് സര്‍വകലാശാലയില്‍ ഔദ്യോഗികമായി നിലവില്‍ വന്ന അംബേദ്ക്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ രോഹിത് വെമൂലയുടെ മരണത്തെ തുടര്‍ന്നുള്ള പ്രക്ഷോഭങ്ങളിലൂടെയാണ് ദേശീയ ശ്രദ്ധയിലെത്തുന്നത്. മണ്ഡല്‍ പ്രക്ഷോഭ കാലത്ത് സര്‍വണ പ്രതിഷേധങ്ങള്‍ക്കെതിരെ രൂപപ്പെട്ട പ്രോഗ്രസീവ് സ്റ്റുഡന്റ്‌സ് ഫോറം പിന്നീട് എഎസ്എ ആയി മാറുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേ സമയം, തങ്ങളുടെ കോട്ടയായ എം.ജി യൂണിവേഴ്സിറ്റിയില്‍ പ്രവര്‍ത്തനം തുടങ്ങുന്ന എഎസ്എയെ ഒരു വിദ്യാര്‍ഥി സംഘടനയായി പോലും പരിഗണിക്കുന്നില്ലെന്ന് തുറന്നടിച്ച് എസ്.എഫ്.ഐയും രംഗത്തെത്തി. എഎസ്എയുടെ മറവില്‍ മാവോയിസ്റ്റുകളാണ് യൂണിറ്റ് രൂപീകരിച്ചതെന്നാണ് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ വാദം. ആഴ്ചകള്‍ക്ക് മുമ്പ് ദളിത് ഗവേഷക വിദ്യാര്‍ഥിയായ വിവേക് കുമാരനെ ഹോസ്റ്റല്‍ മുറിയില്‍ വച്ച് എസ്എഫ്‌ഐ ഭാരവാഹികളടക്കമുള്ളവര്‍ ചേര്‍ന്ന് ആക്രമിച്ചിരുന്നു. ഇത് വന്‍ വിവാദമാവുകയും ദലിത് സംഘടനകള്‍ കോട്ടയം ജില്ലയില്‍ ഹര്‍ത്താല്‍ അടക്കമുള്ള പ്രതിഷേധ പരിപാടികള്‍ നടത്തുകയും ചെയ്തു. എന്നാല്‍ തങ്ങള്‍ മര്‍ദിച്ചിട്ടില്ലെന്നും ക്യാമ്പസിനുള്ളില്‍ കഞ്ചാവ് വിതരണക്കാരെ ചോദ്യം ചെയ്യുകയായിരുന്നു എന്നുമായിരുന്നു എസ്എഫ്‌ഐയുടെ നിലപാട്. എന്നാല്‍ എസ്എഫ്‌ഐ നിലപാട് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ രംഗത്തെത്തി. ക്യാമ്പസില്‍ മറ്റ് സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വതന്ത്ര്യമില്ലെന്നും തങ്ങളെ എതിര്‍ക്കുന്നവരെ കഞ്ചാവ് ആക്റ്റിവിസ്റ്റുകള്‍ എന്നു മുദ്ര കുത്തുകയും സദാചാര സംരക്ഷണവും സ്ത്രീവിരുദ്ധതയുമാണ് എസ്എഫ്‌ഐ നടപ്പാക്കുന്നതും ആരോപണങ്ങള്‍ ഉയര്‍ന്നു.

”ക്യാമ്പസിനുള്ളില്‍ അംബേദ്ക്കര്‍ സ്റ്റുഡന്റ്‌സ് ഫോറം നേരത്തെ തന്നെ ചര്‍ച്ചാവേദി എന്ന നിലയില്‍ നിലവിലുണ്ട്. ഇത് സംഘടനയായി മാറുന്നു എന്ന സംശയത്തില്‍ നിന്നാണ് വിവേകിനെ മര്‍ദ്ദിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയത് എന്ന് ദളിത് വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. സംഭവം വന്‍വിവാദമായതോടെ എഎസ്എയുടെ യൂണിറ്റ് രൂപീകരിക്കുക എന്ന തീരുമാനത്തിലേക്ക് വിദ്യാര്‍ഥികള്‍ എത്തുകയായിരുന്നു. പ്രധാനമായും രോഹിത് വെമുലയുടെ മരണത്തിന് ശേഷമുണ്ടായ ചലനത്തോടൊപ്പം നില്‍ക്കുക എന്നതാണ് ഈ തീരുമാനത്തിന് പിന്നില്‍. ദളിത് വിദ്യാര്‍ഥി ആക്രമിക്കപ്പെടുന്നു എന്ന് പറയുമ്പോള്‍ പത്രമാധ്യമങ്ങള്‍ അത് ഏറ്റെടുക്കുന്നുണ്ട്. ദളിത് വിദ്യാര്‍ഥികള്‍ പ്രതികരിക്കാനും തയ്യാറാവുന്നുണ്ട്. ഇത്തരം ദൃശ്യതകളെ ഉപയോഗിച്ച് തങ്ങളുടെ പ്രശ്‌നങ്ങള്‍ പൊതുസമൂഹത്തില്‍ അവതരിപ്പിക്കുന്നതിനാണ് സംഘടനയിലൂടെ ശ്രമിക്കുന്നത്. കാമ്പസുകളില്‍ നിലനില്‍ക്കുന്ന മറ്റ് വിദ്യാര്‍ഥി സംഘടനകളിലൊക്കെ ദലിതര്‍ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ട്. ഞങ്ങളൊക്കെ അത് അനുഭവിച്ചതാണ്. അപ്പോള്‍ ദളിതരുടെ ആവശ്യങ്ങള്‍ കൂടുതല്‍ പ്രാധാന്യത്തോടെ പറയുന്ന സംഘടന അനിവാര്യമാണ്. ഇവിടെ തുടങ്ങിയത് കേരളത്തിലെ മറ്റ് കാമ്പസുകള്‍ക്കും ഊര്‍ജ്ജമാവുമെന്ന് തന്നെ ഉറച്ചു വിശ്വസിക്കുന്നു. അംബേദ്കര്‍ പറയുന്ന ജനാധിപത്യത്തെക്കുറിച്ച് പറയാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.

എസ്.സി,എസ്.ടി, ഒ.ഇ.സി വിഭാഗങ്ങളിലുള്ള വിദ്യാര്‍ഥികളില്‍ നിന്ന് ഹോസ്റ്റല്‍ ഫീസ് ഈടാക്കരുതെന്ന് യുജിസി ഓര്‍ഡര്‍ നിലനില്‍ക്കെ അത് പാലിക്കാതിരിക്കുന്ന യൂണിവേഴ്സിറ്റി നടപടിയുള്‍പ്പെടെ മുപ്പതോളം വിഷയങ്ങള്‍ എഎസ്എ, യൂണിവേഴ്സിറ്റിയ്ക്ക് മുന്നില്‍ വയ്ക്കും. അതാണ് സംഘടനയ്ക്ക് ഉടനെ ചെയ്യാനുള്ളത്.’ എഎസ്എ യൂണിറ്റ് പ്രസിഡന്റ് സി.പി അരുണ്‍കുമാര്‍ പറഞ്ഞു.

എന്നാല്‍ യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍മാനും എസ്എഫ്‌ഐ മുന്‍ യൂണിറ്റ് സെക്രട്ടറിയുമായ ശ്യാംലാല്‍ പ്രതികരിച്ചതിങ്ങനെ: ”എഎസ്എ എന്ന് പറയുന്നത് ഒരു ബാനര്‍ മാത്രമാണ്. ഇതിന്റെ പിറകില്‍ ഇവിടെ യൂണിറ്റുണ്ടാക്കിയിരിക്കുന്നത് തീവ്ര ഇടതുപക്ഷത്തോട്, അതായത് മാവോയിസ്റ്റ് രാഷ്ട്രീയത്തോട് അനുഭാവം പ്രകടിപ്പിക്കുന്നവരാണ്. കണ്ണന്‍ മോന്‍ എന്ന ഗവേഷണ വിദ്യാര്‍ഥിയാണ് എഎസ്എ രൂപീകരണത്തിന് പിന്നില്‍. കണ്ണന്‍ സിപിഐ (എംഎല്‍) പ്രവര്‍ത്തകന്‍ കല്ലറ ബാബുവിന്റെ മകനാണ്. മാവോയിസ്റ്റായ രൂപേഷിനോട് ബന്ധമുള്ളയാളുടെ മകന്‍. അപ്പോള്‍ കണ്ണന്റെ ഉദ്ദേശമെന്തായിരിക്കുമെന്ന് വ്യക്തമല്ലേ? കണ്ണന്‍ മോന്‍ എന്തെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നുണ്ടോയെന്ന് സ്പെഷ്യല്‍ ബ്രാഞ്ചുകാര്‍ പോലും ഞങ്ങളോട് ചോദിച്ചിട്ടുണ്ട്. കണ്ണന്‍ മാത്രമല്ല, ഇതിനൊപ്പം നില്‍ക്കുന്നവരെല്ലാം തീവ്ര ഇടതുപക്ഷക്കാരാണ്. അല്ലാതെ എഎസ്എയൊന്നുമല്ല ഇവിടെ തുടങ്ങിയിരിക്കുന്നത്. എഎസ്എ എന്നു പറഞ്ഞ് തുടങ്ങിയാല്‍ പിന്നെ ഇവിടെ ആരും ഒന്നും പറയില്ലല്ലോ.

ഇവിടെയുണ്ടായിരിക്കുന്ന എഎസ്എ ഞങ്ങള്‍ക്കൊരു ഭീഷണിയേയല്ല. അവരുടെ ആദ്യ പരിപാടി തന്നെ പരാജയമായിരുന്നു. മുമ്പ് ദളിത് രാഷ്ട്രീയമെന്ന് പറഞ്ഞ് നടന്നവര്‍ മാത്രമേ ഇപ്പോഴും അവരുടെ കൂടെയുള്ളൂ. കൂടുതലായി ഒരാളെ പോലും കൊണ്ടുവരാന്‍ സാധിച്ചിട്ടില്ല. ഞങ്ങളിപ്പോള്‍ മറ്റൊരു കാമ്പയിന്‍ തുടങ്ങിയിട്ടുണ്ട്. അവകാശ പത്രിക മാര്‍ച്ച് നടത്താനുള്ള തീരുമാനത്തിലാണ്. അവകാശ പത്രികയില്‍ വിദ്യാര്‍ഥികളെല്ലാം ഒപ്പിട്ടു തന്നിട്ടുണ്ട്. അതില്‍ നിന്ന് തന്നെ എസ്എഫ്‌ഐയോട് വിദ്യാര്‍ഥികള്‍ക്ക് അപ്രിയമൊന്നുമില്ലെന്ന് മനസ്സിലാക്കാം.”

എന്നാല്‍, ”എഎസ്എ രൂപീകരിക്കുന്നതിന് മുമ്പ് ഞങ്ങളുടെ കൂട്ടായ്മകള്‍ യൂണിവേഴ്സിറ്റിക്ക് മുന്നിലെത്തിക്കണമെന്ന് തീരുമാനിച്ച പല കാര്യങ്ങളുമാണ് എസ്എഫ്‌ഐക്കാര്‍ അവകാശ പത്രിക എന്ന പേരില്‍ തയ്യാറാക്കിയിരിക്കുന്നത്. എന്റെ അച്ഛന്റെ രാഷ്ട്രീയവിശ്വാസങ്ങളല്ല എന്റേത്. അരുണ്‍കുമാര്‍ സിപിഐ കുടുംബത്തില്‍ നിന്ന് വരുന്നതാണ്. ഞങ്ങള്‍ രണ്ടുപേരും എന്തിനാണ് എഎസ്എയില്‍ എന്ന രീതിയിലാണ് കാമ്പസിലെ മുഴുവന്‍ ചര്‍ച്ചയും പോവുന്നത്.” എഎസ്എ.എക്സ്‌ക്യൂട്ടീവ് അംഗം കണ്ണന്‍മോന്‍ പ്രതികരിച്ചു.

ബുധനാഴ്ച യൂണിവേഴ്സിറ്റി കാമ്പസില്‍ രോഹിത് വെമുല അനുസ്മരണത്തിനും സമര പ്രഖ്യാപനത്തിനുമായി എഎസ്എ പ്രവര്‍ത്തകര്‍ ഒത്തുകൂടി. യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളെക്കൂടാതെ നിരവധി സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകരും സമ്മേളനത്തില്‍ പങ്കെടുത്തു. സി.പി അരുണ്‍കുമാറും എഎസ്എഫിന്റെ സര്‍വ്വകലാശാല കണ്‍വീനറായിരുന്ന ലിന്‍സി കെ. തങ്കപ്പനുമാണ് എഎസ്എയുടെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക.

Top