താല്‍ക്കാലികമായി നിര്‍ത്തിവച്ച റഷ്യ- യുക്രെയ്ന് നാലാംവട്ട സമാധാന ചര്‍ച്ച ഇന്ന് പുനരാരംഭിക്കും.
തുര്‍ക്കിയിലെ അങ്കാറയിലാണ് ചര്‍ച്ച നടക്കുന്നത്. സമാധാന ചര്‍ച്ചകള്‍ നന്നായി നടക്കുന്നുണ്ടെന്ന് ഫേസ്ബുക്കില്‍ ഇട്ട വീഡിയോയില്‍ യുക്രെയ്ന് പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്കി പറഞ്ഞു.
അതേസമയം, റഷ്യന്‍ സൈന്യം ആശയക്കുഴപ്പത്തിലാണെന്നും സെലെന്‍സ്കി പ്രതികരിച്ചു. യുക്രെയ്നില്‍ നിന്ന് ഇത്തരമൊരു പ്രതിരോധം റഷ്യ പ്രതീക്ഷിച്ചിരുന്നില്ല. അവര്‍ യുദ്ധക്കളത്തില്‍ നിന്ന് ആയുധങ്ങള്‍ ഉപേക്ഷിച്ച് ഓടിപോകുകയാണെന്നും സെലെന്‍സ്കി പറഞ്ഞു.
ലുഹാന്‍സ്ക്, കീവ് മേഖലകളില്‍ നിന്ന് 3,806 പേരെ പലായനം ചെയ്യാന്‍ സഹായിക്കാന്‍ യുക്രെയ്ന് സേനയ്ക്ക് കഴിഞ്ഞു. റഷ്യ ഉപരോധിച്ച തുറമുഖ നഗരമായ മരിയുപോളില്‍ എത്താന്‍ കഴിഞ്ഞില്ലെന്നും യുക്രെയ്ന് പ്രസിഡന്റ് പറഞ്ഞു.
യുദ്ധത്തെക്കുറിച്ചുള്ള സത്യം പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയും പ്രതിഷേധിക്കുകയും ചെയ്ത റഷ്യന്‍ പൗരന്മാര്ക്കും സെലെന്‍സ്കി നന്ദി പറഞ്ഞു.