മീറത്ത്: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം വിവാദത്തില്‍. ഉത്തര്‍ പ്രദേശിലെ മീററ്റിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മെഡിക്കല്‍ കോളേജാണ് അതിരുകടന്ന സംഗമം നടത്തി വിവാദത്തിലായത്. സംഗമത്തിനിടെ ബെല്ലി ഡാന്‍സും മദ്യസത്കാരവും നടത്തിയതതാണ് വിവാദമായത്. തുടര്‍ന്ന് ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു.
മീറത്തിലെ ലാലാ ലജ്പത് റായ് മെഡിക്കല്‍ കോളേജില്‍ റഷ്യന്‍ നര്‍ത്തകികള്‍ ബെല്ലി ഡാന്‍സ് അവതരിപ്പിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പരിപാടിയിലേക്ക് മദ്യമെത്തിക്കാന്‍ ആശുപത്രിയിലെ ആംബുലന്‍സ് ഉപയോഗിച്ചെന്നും ആരോപണം ഉയര്‍ന്നു.
അതേസമയം, കോളേജില്‍ ബെല്ലി ഡാന്‍സ് അവതരിപ്പിക്കുന്നതില്‍ തെറ്റൊന്നുമില്ലെന്ന് പരിപാടിയുടെ സംഘാടകര്‍ പറഞ്ഞു. ബെല്ലി ഡാന്‍സ് ഒരു കലാരൂപമാണ്. പ്രശസ്ത റഷ്യന്‍ നര്‍ത്തകയെയാണ് പരിപാടിക്ക് ക്ഷണിച്ചിരുന്നത്. പരിപാടി കുടുംബാംഗങ്ങളോടൊത്താണ് ഡോക്ടര്‍മാര്‍ കണ്ടത്. എന്നാല്‍ ഇവിടേക്ക് ആംബുലന്‍സ് ഉപയോഗിച്ച് മദ്യം കൊണ്ടുവന്നെന്ന ആരോപണം സംഘാടകര്‍ നിഷേധിച്ചു.
സംഭവം അന്വേഷിക്കാന്‍ ആരോഗ്യ വിദ്യാഭ്യാസ മന്ത്രാലയ തലവന്‍ അദ്ധ്യക്ഷനായ ഒരു കമ്മിറ്റിയെ നിയോഗിച്ചതായി യു.പി വിദ്യാഭ്യാസ മന്ത്രി അഷുതോഷ് താണ്ടന്‍ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണ്. ഇക്കാര്യത്തില്‍ മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് കിട്ടിയ ശേഷം ഇക്കാര്യത്തില്‍ എന്ത് ചെയ്യാനാകുമെന്ന് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.