ഖത്തറിനെതിരെയുള്ള പ്രശ്‌നത്തിന് പിന്നില്‍ റഷ്യന്‍ ഹാക്കര്‍മാര്‍; സ്റ്റേറ്റ് ന്യൂസ് ഏജന്‍സി ഹാക്ക് ചെയ്ത് വ്യാജ വാര്‍ത്തകള്‍ നല്‍കിയെന്ന് സംശയം

ഗള്‍ഫ് മേഖലയില്‍ ഖത്തറിനെതിരായി പ്രതിസന്ധി സൃഷ്ടിച്ചതിന് പിന്നില്‍ റഷ്യന്‍ ഹാക്കര്‍മാരാണെന്ന് അമേരിക്ക. ഖത്തറിന്റെ സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയില്‍ നിന്നും വന്ന വാര്‍ത്തകളായിരുന്നു പുതിയ പ്രതിസന്ധിക്ക് പിന്നില്‍. ഹാക്കിംഗിനെക്കുറിച്ചുള്ള അന്വേഷണങ്ങളില്‍ ഖത്തറിനെ സഹായിക്കാന്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ എഫ്ബിഐ അവരുടെ ഇന്‍വെസ്റ്റിഗേറ്റര്‍മാരെ ദോഹയിലേയ്ക്ക് അയച്ചിരുന്നു. സ്‌റ്റേറ്റ് ന്യൂസ് ഏജന്‍സിയില്‍ നുഴഞ്ഞു കയറി വ്യാജ വാര്‍ത്തകള്‍ സൃഷ്ടിച്ചത് റഷ്യാക്കാരായിരിക്കുമെന്നാണ് സംശയം.

യുഎസ് സുരക്ഷാ ഏജന്‍സികള്‍ കണ്ടെത്തിയ വിവരങ്ങള്‍ അനുസരിച്ച് ഖത്തര്‍ രണ്ടാഴ്ചകള്‍ക്ക് മുമ്പ് റിപ്പോര്‍ട്ട് ചെയ്ത ഹാക്കിംഗ് സംഭവത്തിന് പിന്നില്‍ റഷ്യന്‍ ഹാക്കര്‍മാരാണെന്ന് സൂചിപ്പിക്കുന്നുണ്ട്. അറബ് മേഖലയില്‍ അമേരിക്കയുടെ ഏറ്റവും വലിയ സൈനികത്താവളങ്ങളില്‍ ഒന്ന് ഖത്തറിലാണുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2016 ലെ അമേരിക്കന്‍ പ്രസിഡന്റെ തെരഞ്ഞെടുപ്പിനെ അട്ടിമറിയ്ക്കാനുള്ള റഷ്യയുടെ സൈബര്‍ ആക്രമണങ്ങളുടെ തുടര്‍ച്ചയാണ് ഖത്തറിലും നടന്നതെന്ന് യുഎസ് കരുതുന്നു. യുഎസ്സും മിഡില്‍ ഈസ്റ്റിലെ മിത്രങ്ങളും തമ്മില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ് റഷ്യയുടെ ഉദ്ദേശ്യം എന്ന് അമേരിക്ക സംശയിക്കുന്നു. അടുത്ത കാലത്തായി ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലും വ്യാജവാര്‍ത്തകള്‍ പരന്ന സംഭവങ്ങളുടെ പിന്നിലും റഷ്യയാണെന്ന് സംശയിക്കുന്നുണ്ട്.

ഖത്തറിലെത്തിയ യുഎസ് സംഘം റഷ്യയുടെ ഹാക്കര്‍മാരെ കണ്ടെത്തിയോ എന്നുറപ്പില്ല. ആക്രമണത്തിന് പിന്നില്‍ റഷ്യന്‍ സെക്യൂരിറ്റി സര്‍വ്വീസുകളാണോ റഷ്യന്‍ ക്രിമിനല്‍ സംഘങ്ങളാണോയെന്ന് വ്യക്തമല്ല. എങ്കിലും, സര്‍ക്കാരിന്റെ അനുഗ്രഹമില്ലാതെ റഷ്യയില്‍ കാര്യമായൊന്നും നടക്കില്ലെന്ന് ഒരു ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടു.

കണ്ടെത്തലിനെക്കുറിച്ച് എന്തെങ്കിലും പറയാന്‍ എഫ്ബിഐയും സിഐഏയും വിസമ്മതിച്ചു. വാഷിംഗ്ടണിലെ ഖത്തര്‍ എമ്പസ്സി വക്താവ് അറിയിച്ചതനുസരിച്ച് അന്വേഷണം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.

Top